/sathyam/media/media_files/j8kILcn3878mN4ctkBNy.jpg)
കണ്ണൂർ: പാർട്ടി തന്ന മാനസിക സമ്മർദ്ദമാണ് തന്നെ ഡയാലിസിസ് രോഗിയാക്കി മാറ്റിയതെന്ന് സി.പി.എം മുൻ സംസ്ഥാന കമ്മിറ്റി അംഗവും എം.എൽ.എയുമായിരുന്ന സി.കെ.പി പത്മനാഭൻ. പാർട്ടിയിൽ രൂക്ഷമായിരുന്ന വിഭാഗീയതയുടെ ഇരയാണ് താനെന്നും അതിന് പിന്നിൽ പ്രവർത്തിച്ചവർക്ക് പ്രകൃതി ശിക്ഷ നൽകുന്നുണ്ടെന്നും അതിൽ സന്തോഷിക്കുന്നുണ്ടെന്നും സി.കെ.പി പത്മനാഭൻ തുറന്നടിച്ചു.
സി.പി.എം മാടായി ഏരിയാ കമ്മിറ്റി അംഗമായി പ്രവർത്തിക്കുന്ന സി.കെ.പി പത്മനാഭൻ പാർട്ടിയുടെ തരംതാഴ്ത്തൽ നടപടി നേരിട്ട് 12 വർഷത്തിന് ശേഷമാണ് കണ്ണൂരിലെ പ്രാദേശിക ചാനലിന് നൽകിയ അഭിമുഖത്തിലൂടെ രൂക്ഷ വിമർശനം നടത്തിയിരിക്കുന്നത്.
ടി.പി. ചന്ദ്രശേഖരനെ ആര് കൊന്നാലും അവരുടെ ആഗ്രഹം സഫലമായിട്ടില്ല. ചന്ദ്രശേഖരനിലൂടെ ഇല്ലാതാക്കാൻ ശ്രമിച്ചത് നിലനിൽക്കുകയാണ് ഉണ്ടായതെന്നും സി.കെ.പി പത്മനാഭൻ പറഞ്ഞു.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കെതിരെ പരാതി നൽകിയിരുന്നോയെന്ന ചോദ്യത്തിന് അത് തളളിക്കളയാൻ പറ്റുന്നതല്ല എന്നും സി.കെ.പി പത്മനാഭൻ പ്രതികരിച്ചു.
പാർട്ടിയിൽ രൂക്ഷമായി നിലനിന്ന വിഭാഗീയതയിൽ ഒരു പക്ഷത്ത് ആയിരുന്നെങ്കിലും താൻ ശരിയുടെ പക്ഷത്തായിരുന്നു എന്നാണ് വിശ്വാസം. വിഭാഗീയതയുടെ ഇരയാണ് താൻ. ഒരു പക്ഷത്ത് നിന്നതിൻെറ പ്രതികാര നടപടിയാണ് നേരിട്ടതെന്ന് പരസ്യമായി പറയാൻ ഒരു മടിയുമില്ല. ഇത് പറഞ്ഞതിൻെറ പേരിൽ നടപടി വന്നാലും നല്ല ബോധ്യത്തോട് കൂടി തന്നെ അത് ആവർത്തിക്കുകയാണെന്നും സി.കെ.പി പത്മനാഭൻ പ്രതികരിച്ചു.
പാർട്ടിയിൽ നിന്ന് പുറത്ത് പോകാൻ താൽപര്യമില്ലാത്തത് കൊണ്ടാണ് ഇത്രയും കാലം ഇതൊന്നും പറയാതിരുന്നത്. എന്നാൽ തനിക്ക് നിശ്ചയിച്ച് നൽകിയ ഘടകത്തിൽ ഇതെല്ലാം പറയുന്നുണ്ടായിരുന്നു. ഇനി എത്രകാലം ജീവിക്കുമെന്ന് അറിയില്ല, അതുകൊണ്ടാണ് തുറന്ന് പറയുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
മാടായിയിൽ നവകേരള സദസിന് നേരെ കരിങ്കൊടി കാണിച്ചവരെ മർദ്ദിച്ചതിനെ മുഖ്യമന്ത്രി രക്ഷാപ്രവർത്തനം എന്ന് വിശേഷിപ്പിച്ചതിനെയും സി.കെ.പി പത്മനാഭൻ തളളിപ്പറഞ്ഞു.
രക്ഷാപ്രവർത്തനം എന്ന് മുഖ്യമന്ത്രി പറഞ്ഞെങ്കിലും പ്രവർത്തകർക്കിടയിൽ കടുത്ത വിമർശനമുണ്ടെന്നായിരുന്നു പ്രതികരണം. മുഖ്യമന്ത്രിയുടെ പ്രവർത്തന ശൈലിക്കെതിരായ പരോക്ഷ സ്വഭാവത്തിലുളള മറ്റ് പ്രതികരണങ്ങളും സി.കെ.പി പത്മനാഭൻെറ അഭിമുഖത്തിലുണ്ട്.
പാർട്ടിയുടെ നേതൃത്വം മാതൃകയായിരിക്കണം. ഇ.എം.എസ് ആദ്യമായി മുഖ്യമന്ത്രിയായ 1957ലും സർക്കാരിന് സാമ്പത്തിക പ്രയാസങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ശമ്പളം പകുതിയാക്കിയും ചെലവ് ചുരുക്കിയുമാണ് അതിനെ നേരിട്ടത്. ഇപ്പോഴും അതൊക്കെ ചെയ്യുമെന്ന് ആളുകൾ പ്രതീക്ഷിക്കുന്നുണ്ട്.
ജനങ്ങളെ അടുപ്പിച്ച് നിർത്തുകയും മിത്രങ്ങൾ ആക്കുകയും ചെയ്യുന്ന നേതൃത്വമാണ് വേണ്ടതെന്നും സി.കെ.പി പത്മനാഭൻ തുറന്നടിച്ചു. ലാളിത്യമാർന്ന കമ്മ്യൂണിസ്റ്റ് ജീവിതം കൊണ്ട് മാതൃകയായ സി.കെ.പി പത്മനാഭൻെറ തുറന്നു പറച്ചിൽ ജില്ലയിലെ പാർട്ടിക്ക് മാത്രമല്ല സംസ്ഥാനത്തെ പാർട്ടിയ്ക്കാകെ ആഘാതമാണ്.
സി.കെ.പിയെ സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഏരിയാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയ നടപടിക്ക് പിന്നിൽ പ്രതികാര രാഷ്ട്രീയമാണെന്ന സംശയം നേരത്തെ തന്നെ പാർട്ടിയിലും പുറത്തും ശക്തമായിരുന്നു.
ഇപ്പോൾ സി.കെ.പി തന്നെ അത് തുറന്നുപറയുമ്പോൾ പ്രതിക്കൂട്ടിലാകുന്നത് കണ്ണൂരിൽ നിന്നുതന്നെയുളള ഉന്നത നേതാക്കളാണ്.
12 വർഷം മുൻപ് നടപടി നേരിട്ടപ്പോൾ തുറന്ന് പറയാൻ മടിച്ചകാര്യങ്ങൾ എല്ലാ തുറന്ന് പറയുകയാണ് അഭിമുഖത്തിലൂടെ സി.കെ.പി പത്മനാഭൻ ചെയ്യുന്നത്.
'' ഡയാലിസിസ് രോഗിയായതിൻെറ പിന്നിൽ മാനസിക സമ്മർദ്ദമാണ്. അത് പാർട്ടി വരുത്തിവെച്ചതാണ്. പാർട്ടി തന്ന സംഭാവനയാണ്. പരസ്യമായി തന്നെ പറയും. നടപടി എടുക്കുമ്പോൾ പറഞ്ഞത് ശ്രദ്ധക്കുറവെന്നാണ്. പിന്നീട് വാർത്തവന്നു സാമ്പത്തിക ക്രമക്കേടാണെന്ന്. അത് പാർട്ടി നിഷേധിച്ചിരുന്നില്ല. ഞാൻ ഇരിക്കുന്ന കമ്മിറ്റിയിലും പറഞ്ഞത് ശ്രദ്ധക്കുറവെന്നാണ്. ലോകത്ത് ഇന്ന് വരെ ശ്രദ്ധക്കുറവിന് ആരെങ്കിലും നടപടി എടുത്തിട്ടുണ്ടോ.
ഞാൻ കണ്ണൂർ ഗസ്റ്റ് ഹൗസിൽ വെച്ച് പ്രകാശ് കാരാട്ടിനെ കണ്ട് ഇക്കാര്യം പറഞ്ഞു.താങ്കൾ ക്ഷമിക്കൂ എന്നാണ് പറഞ്ഞത്. നടപടിക്കെതിരെ അപ്പീൽ കൊടുത്തപ്പോഴും സാമ്പത്തിക ആരോപണം ആണോയെന്ന് ചോദിച്ചു. 15 തവണ പാർട്ടിക്ക് അപ്പീൽ കൊടുത്തു, ഇരിക്കുന്ന കമ്മിറ്റിയിൽ പലതവണ ആവശ്യപ്പെട്ടു നടപടിയിൽ വ്യക്തത വരുത്തണമെന്ന്. ഒന്നും പരിഗണിച്ചില്ല. വിഭാഗീയതയുടെ ഇരയാണ് ഞാൻ, അതിൻെറ പ്രതികാര നടപടിയാണ് നേരിട്ടത്.
ഇത് പറഞ്ഞതിൻെറ പേരിൽ വീണ്ടും നടപടി വന്നാലും, അങ്ങനെയാണല്ലോ പാർട്ടിയുടെ രീതി. എന്നാലും ബോധ്യത്തോട് കൂടി തന്നെ അത് പറയുന്നു. ഞാൻ ശരിയുടെ പക്ഷത്താണ് നിന്നത്
ഇത്രയും പണം ഒരാൾക്കും അവിടെ നിന്ന് ( കർഷക സംഘം സംസ്ഥാന ഓഫീസിൽ നിന്ന്) എടുക്കാനാവില്ല. ഞാൻ അക്കാലത്ത് ഒരിക്കൽ കണ്ണൂരിൽ തന്നെ പ്രസംഗിച്ചു. സത്യത്തിൻെറ സീറ്റ് പിറകിലാണ്, മുന്നിലേക്ക് വരാൻ താമസമെടുക്കുമെന്ന്. ഇതിൻെറ പിന്നിൽ പ്രവർത്തിച്ചവർക്ക് പ്രകൃതി സ്വാഭാവികമായും ശിക്ഷ നൽകും. അത് ഇപ്പോൾ നൽകിക്കൊണ്ടിരിക്കുന്നുണ്ട്. ഞാനതിൽ ഇന്ന് സന്തോഷിക്കുന്നു, പറയാൻ പാടില്ലാത്തതാണ് എന്നാലും പറയുന്നു.
കർഷകസംഘം സംസ്ഥാന പ്രസിഡൻറിൻെറയും സെക്രട്ടറിയുടെയും പേരിലാണ് എൻ.ജി.ഒ യൂണിയൻെറ സഹകരണ ബാങ്കിൽ പണം നിക്ഷേപിച്ചത്. എൻെറ പേരിലായിരുന്നില്ല അക്കൗണ്ട്. ഇവർ പറഞ്ഞത് എൻെറ പേരിൽ അക്കൗണ്ട് എടുത്തു എന്നാണ്. പക്ഷേ അവിടെ നിന്ന് പണം പിൻ വലിച്ചത് ആരാണ്, ഇ.പി. ജയരാജനും കെ.വി.രാമകൃഷ്ണനും.എത്രയാ പിൻവലിച്ചത് ഇരുപത്തിയഞ്ച് ലക്ഷത്തി അയ്യായിരം രൂപ. തുക പിൻവലിച്ചതിൻെറ രേഖ ഫോട്ടൊസ്റ്റാറ്റ് എടുത്ത് ഞാൻ കേന്ദ്ര കമ്മിറ്റിക്ക് കൊടുത്തു. ഒന്നുമുണ്ടായില്ല.ഇരുപത് ലക്ഷം രൂപയാണ് നിക്ഷേപിച്ചത്, അത് ഇരുപത്തിയഞ്ച് ലക്ഷമായിട്ടാണ് പിൻവലിച്ചത്.
ഞാൻ 20 ലക്ഷം എടുത്തുവെന്നാണ് പറഞ്ഞുണ്ടാക്കിയത്. അവിടെത്തെ ഓഫിസ് സെക്രട്ടറി കുറച്ച് പണം തട്ടി, നാല് ലക്ഷം രൂപയോ മറ്റോ. പാർട്ടിയിൽ നിന്ന് പുറത്തുപോകാൻ താൽപര്യമില്ലാത്തത് കൊണ്ട് അന്ന് ഇതൊന്നും പുറത്ത് പറഞ്ഞില്ല. ഇപ്പോഴും പുറത്തുപോകാൻ താൽപര്യമില്ല. പി.ശശിക്ക് എതിരെ പരാതി നൽകിയോ എന്ന് ചോദിച്ചാൽ അത് വസ്തുതയല്ലെന്ന് പറയാനാവില്ല. അക്കാര്യത്തിൽ അത്രയേ ഞാൻ പറയുന്നുളളു.
പാർട്ടി വിഭാഗീയതയിൽ ഒരു പക്ഷത്ത് നിന്ന് ആളാണ് ഞാൻ. അക്കാലത്ത് മുഖ്യമന്ത്രി സ്ഥാനത്തേക്ക് വലിയ തർക്കം നടന്നു. ഞാൻ ശരിയുടെ പക്ഷത്താണ് നിന്നത്. ഇപ്പോൾ തിരുത്തലിനെപ്പറ്റിയൊക്കെ പറയുന്നുണ്ടല്ലോ. അത് മാത്രം പോരാ ഈ നിലയിലേക്ക് എങ്ങനെ വന്നു എന്നുകൂടി പരിശോധിക്കണം.എന്നാലെ കാര്യമുളളു. ടി.പി.ചന്ദ്രശേഖരൻെറ കൊലപാതകം ഗൗരവമുളള പ്രശ്നമാണ്. ആരാണ് കൊന്നത് എന്ന് പറയാനാവില്ല. പാർട്ടിയാണെന്ന് വിശ്വസിക്കുന്നില്ല.
ടി.പി.ചന്ദ്രശേഖരനുമായുളള പ്രശ്നം എങ്ങനെയങ്കിലും പരിഹരിക്കണം എന്ന് പാർട്ടിക്കുളളിലും ആവശ്യപ്പെട്ടിട്ടുളളയാണ് ഞാൻ. ടി.പി എൻെറ നല്ല സുഹൃത്തായിരുന്നു. കോഴിക്കോട്ട് എൻെറ ജൂനിയറായാണ് ഡി.വൈ.എഫ് ഐയിൽ പ്രവർത്തിച്ചത്. വി.എസിനോടും പറഞ്ഞു പ്രശ്നം പരിഹരിക്കണമെന്ന്. അങ്ങനെയാണ് വി.എസ് ഒഞ്ചിയത്ത് പോയി പ്രസംഗിച്ചത്. എന്നാൽ പ്രസംഗിച്ച് മടങ്ങിവന്ന വി.എസിനെ നേതൃത്വം വിമർശിക്കുകയാണ് ഉണ്ടായത്.
തളളിപ്പറയണം എന്നായിരുന്നു ആവശ്യം. ആര് കൊന്നാലും ചന്ദ്രശേഖരനിലൂടെ ഇല്ലാതാക്കാൻ ശ്രമിച്ചത് നിലനിൽക്കുകയാണ് ചെയ്തത്. ടി.പി ഒരു പ്രസ്ഥാനമായി മാറി. ഒരു ആശയം രൂപപ്പെട്ടാൽ അതിനെ ഇല്ലാതാക്കാനാകില്ല എന്നത് മാർക്സിയൻ തിയറിയാണ്. അതിൻെറ പ്രത്യക്ഷമായ തെളിവാണ് ടി.പി.ആരാണോ കൊന്നത് ആവർ ആഗ്രഹിച്ചത്
സഫലമായില്ല'' സി.കെ.പി തുറന്നു പറഞ്ഞു.
തിരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം പാർട്ടി തെറ്റ് പറ്റിയെന്ന് തുറന്ന് പറഞ്ഞല്ലോ, അത്രയും നല്ലതെന്നും സി.കെ.പി പത്മനാഭൻ പ്രതികരിച്ചു