Advertisment

മുഖ്യമന്ത്രിയുടെ അഭിമുഖം വളച്ചൊടിച്ച പിആര്‍ ഏജന്‍സി എ.ഡി.ജി.പി അജിത്കുമാറിനെ വെള്ളപൂശാനും രംഗത്ത്; അജിത്തിനെതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ സ്വര്‍ണക്കടത്ത് മാഫിയയെന്ന് പത്രക്കാരെ ധരിപ്പിച്ചു; അഭിമുഖത്തില്‍ മുഖ്യമന്ത്രി അറിയാതെയാണോ പി.ആര്‍ ഏജന്‍സി മലപ്പുറം പരാമര്‍ശം കൂട്ടിച്ചേര്‍ത്തത്? മുഖ്യമന്ത്രിയുടെ ഓഫീസ് അംഗീകരിക്കാതെ ഈ വിവരം എങ്ങനെ കൈമാറി? അഭിമുഖ വിവാദത്തില്‍ ഇണങ്ങാത്ത കണ്ണികള്‍ ഏറെ

സ്വർണം തട്ടിയെടുക്കൽ, അനധികൃത സ്വത്ത് അടക്കം ഗുരുതര ആരോപണങ്ങൾ പി.വി.അൻവർ എം.എൽ.എ ഉന്നയിച്ചതിന് പിന്നാലെയായിരുന്നു അജിത്തിനായി ഏജൻസി രംഗത്തിറങ്ങിയത്.

New Update
cm pr Untitledisir

തിരുവനന്തപുരം: ദി ഹിന്ദു ദിനപത്രത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിമുഖത്തിൽ മലപ്പുറത്തെക്കുറിച്ചുള്ള വിവാദ ഭാഗങ്ങൾ ഉൾപ്പെടുത്താൻ ഇടപെട്ട പി.ആർ ഏജൻസി, വിവാദച്ചുഴിയിലായ എ.ഡി.ജി.പി എം.ആർ അജിത്കുമാറിന് വേണ്ടിയും ഇടപെട്ടു.

Advertisment

സ്വർണം തട്ടിയെടുക്കൽ, അനധികൃത സ്വത്ത് അടക്കം ഗുരുതര ആരോപണങ്ങൾ പി.വി.അൻവർ എം.എൽ.എ ഉന്നയിച്ചതിന് പിന്നാലെയായിരുന്നു അജിത്തിനായി ഏജൻസി രംഗത്തിറങ്ങിയത്.

തിരുവനന്തപുരത്തെയും ഡൽഹിയിലെയും മാദ്ധ്യമപ്രവർത്തകരെ കൂട്ടുപിടിച്ച് അജിത്തിനെ വെള്ളപൂശാനും അൻവറിനെ സ്വർണക്കടത്തുകാരനായി ചിത്രീകരിക്കാനുമായിരുന്നു ഏജൻസിയുടെ നീക്കം.


തലസ്ഥാനത്തെ പത്രങ്ങളിലെ പ്രധാന സ്ഥാനങ്ങളിലിരിക്കുന്നവരെയടക്കം നേരിൽകണ്ട് ഏജൻസി ഇതേക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവച്ചിരുന്നു‌. പോലീസിന്റെ പക്കലുള്ള ഏറ്റവും പുതിയ വിവരങ്ങളും കണക്കുകളുമാണ് ഏജൻസിക്കാർ മാദ്ധ്യമങ്ങൾക്ക് കൈമാറിയത്.


കരിപ്പൂർ വഴിയുള്ള സ്വർണക്കടത്തിന്റെ കൃത്യമായ കണക്കുകൾ മാദ്ധ്യമപ്രവർത്തകർക്ക് കൈമാറുകയും സ്വർണക്കടത്ത് പിടികൂടുന്നതിന്റെ ദേഷ്യത്തിലാണ് അൻവറിന്റെ ആരോപണങ്ങളെന്ന് ധരിപ്പിക്കുകയും ചെയ്തിരുന്നു. അഞ്ച് ദിവസം മുൻപും ഏജൻസിയുടെ ജീവനക്കാർ തലസ്ഥാനത്തെ മാദ്ധ്യമപ്രവർത്തകരെ ബന്ധപ്പെട്ടിരുന്നു. 

2020മുതൽ 337 ഹവാലാ കേസുകൾ രജിസ്റ്റ‌ർ ചെയ്തെന്നും ഇതിലൂടെ 122.56കോടി പിടിച്ചെടുത്തെന്നും ഈ തുകയിൽ വലിയൊരു ഭാഗവും നിരോധിത സംഘടനകൾക്കായി എത്തിയതാണെന്നുമാണ് ഏജൻസി മാദ്ധ്യമപ്രവർത്തകരെ അറിയിച്ചത്.

സ്വർണക്കടത്ത് മാഫിയയെ ഇല്ലാതാക്കാൻ നടത്തിയ ഇടപെടലുകൾ കാരണമാണ് ആരോപണങ്ങൾ ഉയരുന്നതെന്ന് വരുത്തിതീർക്കാനായിരുന്നു ഏജൻസിയുടെ ശ്രമം. ഇതിന്റെ ചുവടുപിടിച്ചാണ് ''കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ മലപ്പുറം ജില്ലയിൽ 150കിലോസ്വർണവും 123 കോടിയുടെ ഹവാലപണവും പിടികൂടി.

cmUntitledisir

ഈ പണം കേരളത്തിലേക്ക് 'ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കു' വേണ്ടിയാണ് എത്തുന്നത്. ഇത്തരക്കാർക്കെതിരായ സർക്കാർ നടപടിക്കെതിരായ പ്രതികരണമാണ് ഇപ്പോഴുണ്ടാകുന്നത്''എന്ന ഭാഗം മുഖ്യമന്ത്രിയുടെ അഭിമുഖത്തിൽ കൂട്ടിച്ചേർക്കാൻ ഏജൻസി ധൈര്യപ്പെട്ടത്.

ഇതിന് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അനുമതി കിട്ടിയിരുന്നോ എന്നാണ് ഇനി അറിയേണ്ടത്. ദി ഹിന്ദു അഭിമുഖം പ്രസിദ്ധീകരിച്ച് ഒരു ദിവസത്തിന് ശേഷമാണ് മുഖ്യമന്ത്രി അതിലെ വിവാദ പരാമർശങ്ങൾ താൻ നടത്തിയതല്ലെന്ന വിയോജനക്കുറിപ്പ് നൽകിയത് എന്നതിലും ദുരൂഹതയുണ്ട്.   
 
സെപ്തംബർ 29ന് രാവിലെ 9നാണ് കേരളഹൗസിൽ വെച്ച് മുഖ്യമന്ത്രി "ദ ഹിന്ദു"വിന്റെ മലയാളിയായ ഡൽഹി ലേഖികയ്ക്ക് അരമണിക്കൂർ നീണ്ട അഭിമുഖം നൽകുന്നത്. 28ന് സീതാറാം യെച്ചൂരി അനുസ്മരണമായിരുന്നു.

ഡൽഹിയിലെ പ്രമുഖ പി.ആർ.ഏജൻസിയായ കെയ്സൺ ആണ് അഭിമുഖത്തിന് സൗകര്യമൊരുക്കിയതെന്നും അവർ നൽകിയ വിശദീകരണകുറിപ്പാണ് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് കരുതി അഭിമുഖത്തിൽ ഉൾപ്പെടുത്തിയതെന്നുമാണ് പറയുന്നത്.


ഹിന്ദുവിന് നൽകിയ അഭിമുഖത്തിൽ അനുവാദമില്ലാതെ ഏജൻസിക്കാരെ മുഖ്യമന്ത്രി കൂടെയിരിക്കാൻ അനുവദിക്കുമെന്ന് കരുതാനാവില്ല. അനുവാദം നൽകിയെങ്കിൽ അതിനർത്ഥം ഏജൻസിക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടെന്നാണ്.


വർഷങ്ങളായി മുംബയ് ആസ്ഥാനമായി പ്രവർത്തിച്ചിട്ടുള്ള നിഖിൽ പവിത്രനാണ് കെയ്സൻ ഏജൻസിയുടെ പ്രസിഡന്റ്. എന്നാൽ അഭിമുഖത്തിൽ അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നില്ല.

അഭിമുഖത്തിൽ പറയാത്ത കാര്യം ഉൾപ്പെടുത്താൻ രേഖാമൂലം അറിയിപ്പ് നൽകിയതിൽ മുൻകൂർ അറിവുണ്ടായിരുന്നോ എന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് നൽകിയ വിശദീകരണകുറിപ്പിലുമില്ല. 

അതേസമയം അഭിമുഖത്തിൽ പറയാത്ത കാര്യമാണ് പത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നാണുള്ളത്. മുൻ കേന്ദ്രമന്ത്രി രാജീവ്ചന്ദ്രശേഖറിന്റെ പി.ആർ ജോലി ചെയ്തിരുന്നതും കെയ്സണിലെ ഡയറക്ടർ പ്രിയർദർശിനി ആയിരുന്നു.

ഇതും വലിയ രാഷ്ട്രീയ വിവാദമായി വളർന്നിട്ടുണ്ട്. എന്നാൽ പഴയ ജോലി രാജിവച്ചിട്ടാണ് കെയ്സണിൽ ചേർന്നതെന്നാണ് അവരുടെ വിശദീകരണം.

Advertisment