/sathyam/media/media_files/2025/01/13/QIBb1XeRFnCNEKBiOXHM.jpg)
തിരുവനന്തപുരം: മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി മുഖാമുഖം കണ്ടാലും മുഖ്യമന്ത്രി മിണ്ടാത്ത കാലം പോയി. പുതിയ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറും മുഖ്യമന്ത്രി പിണറായി വിജയനും ബെസ്റ്റ് ഫ്രണ്ട്‌സാണ്.
അനുഭവ പാരമ്പര്യവും ഭരണ പരിചയവുമുള്ള മികച്ച മുഖ്യമന്ത്രിയെന്നാണ് പിണറായിയെ ഗവര്‍ണര്‍ പുകഴ്ത്തിയത്. സി.പി.എമ്മിനും സി.പി.ഐയ്ക്കും ഗവര്‍ണറെക്കുറിച്ച് നല്ല അഭിപ്രായമാണ്.
കഴിഞ്ഞ ദിവസം മുന്‍ മുഖ്യമന്ത്രി വി.എസ് അച്ചുതാനന്ദനെ വീട്ടിലെത്തി കണ്ട ഗവര്‍ണര്‍, മുഖ്യമന്ത്രിയെ പിണറായിയെ പ്രഭാത നടത്തത്തിന് രാജ്ഭവനിലേക്ക് ക്ഷണിച്ചും വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു
കഴിഞ്ഞദിവസം വോട്ടേഴ്‌സ് ദിനാചരണ ചടങ്ങില്‍ ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ ചിത്രത്തിന് മുന്നില്‍ ഗവര്‍ണര്‍ ആദരവോടെ നില്‍ക്കുന്ന ചിത്രവും പുറത്തുവന്നിരുന്നു.
റിപ്പബ്ലിക് ദിനത്തില്‍ രാജ്ഭവനില്‍ ഗവര്‍ണര്‍ അറ്റ് ഹോം എന്നപേരില്‍ സത്കാരം ഒരുക്കുന്ന പതിവുണ്ട്. കഴിഞ്ഞ മൂന്നുവര്‍ഷങ്ങളായി ആരിഫ് ഖാനുമായി ഉടക്കിലായതിനാല്‍ മുഖ്യമന്ത്രിയോ മന്ത്രിമാരോ പങ്കെടുക്കാറുണ്ടായിരുന്നില്ല.
ഇന്നലെ രാജ്ഭവനില്‍ നടത്തിയ സത്കാരത്തില്‍ മുഖ്യമന്ത്രിയും സ്പീക്കറും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരുമടക്കം പങ്കെടുത്തു.
മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ എ.എന്‍ ഷംസീര്‍, വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി, മുന്‍ കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍, മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍, ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, പൊലീസ് മേധാവി ഷേഖ് ദര്‍വേഷ് സാഹിബ്, എയര്‍മാര്‍ഷല്‍ ബി.മണികണ്ഠന്‍, അഡി.ചീഫ് സെക്രട്ടറിമാരായ ദേവേന്ദ്രകുമാര്‍ ദൊഡാവത്ത്, കെ.ആര്‍ ജ്യോതിലാല്‍, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ എ ഷാജഹാന്‍, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തുടങ്ങിയവരെല്ലാം വിരുന്നില്‍ പങ്കെടുത്തു.
സര്‍ക്കാരിന്റെ ശുപാര്‍ശകള്‍ അതേപടി അംഗീകരിക്കുകയാണ് ഗവര്‍ണര്‍. കേന്ദ്രസര്‍ക്കാരിനെതിരായ പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നിട്ടും നയപ്രഖ്യാപന പ്രസംഗം അതേപടി വായിച്ചു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ രണ്ടു തടവുകാരെ വിട്ടയയ്ക്കാനുള്ള സര്‍ക്കാരിന്റെ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചു
കൊലക്കേസുകളില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയായിരുന്ന രാമസ്വാമി, കുഞ്ഞാളന്‍ എന്നിവരെയാണ് വിട്ടയയ്ക്കുന്നത്. 12പേരുടെ മോചനത്തിനാണ് ജയില്‍ ഉപദേശക സമിതി ശുപാര്‍ശ ചെയ്തത്. ഇത് മന്ത്രിസഭായോഗം രണ്ടാക്കി ചുരുക്കിയാണ് ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചത്.
ഇവര്‍ രാഷ്ട്രീയക്കേസുകളിലാണോ ശിക്ഷിക്കപ്പെട്ടതെന്നടക്കം വിവരങ്ങള്‍ ഗവര്‍ണര്‍ സര്‍ക്കാരിനോട് ആരാഞ്ഞിരുന്നു. അയല്‍ക്കാരനെയും ബന്ധുവിനെയും കൊലപ്പെടുത്തിയ കേസുകളാണെന്ന് സര്‍ക്കാര്‍ മറുപടി നല്‍കി. ഇരുവരും 65ന് മേല്‍ പ്രായമുള്ളവരുമാണ്. ഇതെല്ലാം പരിഗണിച്ചാണ് മോചനത്തിന് ഗവര്‍ണര്‍ അനുമതി നല്‍കിയത്.
ജുഡീഷ്യറിയില്‍ നിയമനങ്ങള്‍ക്കുള്ള രണ്ട് ഫയലുകളിലും ഗവര്‍ണര്‍ ഒപ്പിട്ടു. മാര്‍ച്ച് മൂന്നു വരെ പരിശീലനത്തിലുള്ള സിവില്‍ ജഡ്ജ് ട്രെയിനികളെ ജുഡീഷ്യല്‍ സര്‍വീസിലേക്ക് അബ്‌സോര്‍ബ് ചെയ്യാനുള്ള ഹൈക്കോടതിയുടെ ശുപാര്‍ശ അംഗീകരിച്ചു
നേരിട്ടുള്ള നിയമനങ്ങളാണിവ. നിലവിലെ 50 ഒഴിവുകളില്‍ ഇവരെ നിയമിക്കും. സിവില്‍ ജഡ്ജിമാരുടെ 8 തസ്തികകളില്‍ നിയമനത്തിനും അനുമതി നല്‍കി.
ജനറല്‍, എന്‍.സി.എ ഒഴിവുകളിലാണിത്. 2022, 23 മുതലുള്ള എന്‍.സി.എ ഒഴിവുകള്‍ 2024ലെ വിജ്ഞാപനത്തിലുള്‍പ്പെടുത്തിയതില്‍ വിശദീകരണം തേടിയ ശേഷമാണ് ഗവര്‍ണര്‍ നിയമനത്തിന് അനുമതി നല്‍കിയത്.
വി.എസിനെ സന്ദര്‍ശിക്കാനെത്തിയപ്പോള്‍, കോളജ് പഠനകാലം മുതല്‍ വിഎസിനെക്കുറിച്ചു കേട്ടിട്ടുണ്ടെന്നും മാതൃകാപരമായ പൊതുജീവിതം നയിച്ച വ്യക്തിയാണ് അദ്ദേഹമെന്നും ഗവര്‍ണര്‍ പറഞ്ഞു.
''ഗവര്‍ണറായി എത്തിയപ്പോള്‍ അദ്ദേഹത്തെ കാണണമെന്ന് ആഗ്രഹിച്ചിരുന്നു. അദ്ദേഹത്തെയും കുടുംബത്തെയും കാണാന്‍ സാധിച്ചു. അതു ഭാഗ്യമായി കരുതുന്നു. അനാരോഗ്യം ഉള്ളതിനാല്‍ വിഎസിനു സംസാരിക്കാന്‍ കഴിഞ്ഞില്ല. എങ്കിലും അദ്ദേഹവുമായി ആശയവിനിമയം നടത്താന്‍ കഴിഞ്ഞു. അദ്ദേഹം ആരോഗ്യവാനായിരിക്കാന്‍ ഞാന്‍ പ്രാര്‍ഥിക്കുന്നു
അദ്ദേഹത്തെ കാണണമെന്ന് നേരത്തേ മുതല്‍ ആഗ്രഹിച്ചിരുന്നു.'' ഗവര്‍ണറുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. സര്‍ക്കാര്‍ അടിമുടി എതിര്‍ക്കുന്ന യു.ജി.സി കരട് റഗുലേഷനെക്കുറിച്ച് ഗവര്‍ണര്‍ പറഞ്ഞതിങ്ങനെ-
ജനാധിപത്യത്തില്‍ എല്ലാവര്‍ക്കും എല്ലാ കാര്യങ്ങളെക്കുറിച്ചും പ്രതികരിക്കാന്‍ അവസരമുണ്ട്. ഇതു കരട് റഗുലേഷനാണ്. വ്യത്യസ്ത കാഴ്ചപ്പാടുകള്‍ പരിശോധിച്ചായിരിക്കും അന്തിമ തീരുമാനത്തിലെത്തുക.
സത്യപ്രതിജ്ഞയ്ക്ക് ശേഷം ഗവര്‍ണറെ കണ്ടില്ലെന്ന പരാതി തീര്‍ക്കാന്‍ കഴിഞ്ഞദിവസം മുഖ്യമന്ത്രി അരമണിക്കൂറാണ് രാജ്ഭവനില്‍ കുടുംബസമേതം ഗവര്‍ണറുമായി ചെലവഴിച്ചത്. രാജ്ഭവനിലേത് നല്ല അന്തരീക്ഷമാണല്ലോയെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോള്‍, എന്നും രാവിലെ പ്രഭാത സവാരിക്ക് രാജ്ഭവനിലെത്താന്‍ മുഖ്യമന്ത്രിയെ ഗവര്‍ണര്‍ ക്ഷണിച്ചു
നടക്കാന്‍ താനും കൂടാമെന്നും ഗവര്‍ണര്‍ പറഞ്ഞു. ഇതിന് മുഖ്യമന്ത്രി ചിരിച്ചു, മറുപടി പറഞ്ഞില്ല. പൂച്ചെണ്ടും കഥകളി രൂപവും നല്‍കയാണ് മുഖ്യമന്ത്രിയെയും ഭാര്യയെയും ഗവര്‍ണര്‍ സ്വീകരിച്ചത്. സാരിയും സുഗന്ധവ്യജ്ഞനങ്ങളുമടക്കം മുഖ്യമന്ത്രിയും കൈമാറി. തികച്ചും സൗഹാര്‍ദ്ദപരമായ അന്തരീക്ഷത്തിലായിരുന്നു കൂടിക്കാഴ്ച.
മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി മുഖ്യമന്ത്രി ആദ്യവര്‍ഷങ്ങളില്‍ സൗഹാര്‍ദ്ദപരമായാണ് നീങ്ങിയത്.
ഇരുവരും ചേര്‍ന്ന് കേക്ക് മുറിക്കുകയും മുഖ്യമന്ത്രിക്ക് കാശ്മീരിലെ വിലയേറിയ കുങ്കുമപ്പൂവിട്ട ചായപ്പൊടി ഖാന്‍ സമ്മാനിക്കുകയും ചെയ്തിരുന്നു. പിന്നീട് ബന്ധം മോശമായതോടെ മന്ത്രിമാരുടെ സത്യപ്രതിജ്ഞയ്ക്കല്ലാതെ മുഖ്യമന്ത്രി രാജ്ഭവനില്‍ എത്തുമായിരുന്നില്ല.
ഒരേ വേദിയില്‍ മുഖാമുഖം നോക്കുന്നത് ഒഴിവാക്കിയും ഒരക്ഷരം മിണ്ടാതെയം ഇരുവരും മുഖംവീര്‍പ്പിച്ചിരുന്നു. ഖാന് യാത്രഅയപ്പ് പോലും നല്‍കിയില്ല. മുഖ്യമന്ത്രിയെ വിമര്‍ശിച്ച് ഖാന്‍ രാജ്ഭവനില്‍ വാര്‍ത്താസമ്മേളനം നടത്തുക പോലുമുണ്ടായി
പുതിയ ഗവര്‍ണറുമായി ഇപ്പോള്‍ അനുനയത്തിലാണെങ്കിലും ഉടക്ക് പിന്നാലെ വന്നേക്കാനിടയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.
സര്‍ക്കാരിന്റെ വഴിവിട്ട ശുപാര്‍ശകള്‍ ഗവര്‍ണര്‍ അംഗീകരിക്കാതിരുന്നാല്‍ ഉടക്ക് മുറുകുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ആര്‍.എസ്.എസ് നേതാവായ ഗവര്‍ണറെ മെരുക്കാന്‍ സി.പി.എമ്മിന് അറിയാമെന്ന് പാര്‍ട്ടി നേതാക്കള്‍ പറയുന്നുമുണ്ട്.