വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: കുറ്റപത്രത്തിന് അനുമതി നൽകാതെ കേന്ദ്രം, ശബരിനാഥൻ ഉൾപ്പെടെയുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കേസ് അനിശ്ചിതത്വത്തിലേക്ക്

New Update
2671508-cm

തിരുവനന്തപുരം: വിമാനത്തിനുള്ളിൽ മുഖ്യമന്ത്രി പിണറായി വിജയനെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ കേന്ദ്ര സർക്കാർ കുറ്റപത്രത്തിന് അനുമതി നൽകിയില്ല. വ്യോമയാന വകുപ്പ് ചുമത്തി സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട പ്രോസിക്യൂഷൻ അനുമതി കേന്ദ്രം നിഷേധിച്ചതായി വിവരം.

Advertisment

കേസിൽ വിമാന സുരക്ഷാ നിയമം ബാധകമല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ മുൻ എം.എൽ.എ കെ.എസ്. ശബരിനാഥൻ ഉൾപ്പെടെ നാല് കോൺഗ്രസ് പ്രവർത്തകർ പ്രതികളായ കേസിന്റെ തുടർ നടപടികളിൽ ആശയക്കുഴപ്പം നിലനിൽക്കുകയാണ്.

സംസ്ഥാന പൊലീസിന് ഇനി എന്ത് നടപടി സ്വീകരിക്കണമെന്ന് ആഭ്യന്തര സെക്രട്ടറി പൊലീസ്മേധാവിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. കേസിൽ പ്രോസിക്യൂഷൻ അനുമതി നിഷേധിച്ചതോടെ, സർക്കാർ തുടരന്വേഷണവും നടപടികളും സംബന്ധിച്ച് പുതിയ തീരുമാനമെടുക്കേണ്ടി വരും.

2022 ജൂൺ 13-നാണ് സംഭവം നടന്നത്. കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് എത്തിയ ഇൻഡിഗോ 6E–7407 വിമാനത്തിനുള്ളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദ്, ആർ.കെ. നവീൻകുമാർ, സുനിത് നാരായണൻ എന്നിവർ പ്രതിഷേധിക്കുകയായിരുന്നു.

അന്ന് വിമാനത്തിൽ മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്ന എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, വലിയതുറ പോലീസ് വധശ്രമക്കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

ഗൂഡാലോചനയിൽ പങ്കാളിയായെന്നാരോപിച്ച്, അന്നത്തെ യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റായിരുന്ന കെ.എസ്. ശബരിനാഥനെയും അറസ്റ്റ് ചെയ്തിരുന്നു.

Advertisment