ജീവനക്കാർക്ക് മെസേജ് അയയ്ക്കാൻ ജീവനക്കാരുടെ വിവരങ്ങൾ തേടിയത് മുഖ്യമന്ത്രിയുടെ ഓഫീസ്. കത്ത് പുറത്തുവന്നതോടെ പ്രതിരോധത്തിലായി സർക്കാർ. വിവരശേഖരണത്തിൽ ഒരു വീഴ്ചയുമില്ലെന്നും വ്യക്തിഗത വിവരങ്ങളെല്ലാം സർക്കാരിൽ ഭദ്രമെന്നും വിശദീകരണം. ഡേറ്റ സർക്കാരിന് പുറത്തുള്ള ഒരു ഏജൻസിയുമായും പങ്കുവയ്ക്കില്ല. സർക്കാർ തീരുമാനങ്ങൾ ജനങ്ങളെ അറിയിക്കുന്നത് രാഷ്ട്രീയ പ്രചാരണമല്ലെന്നും വിശദീകരണം. ഡേറ്റാ ചോർച്ചയിൽ വിവാദം കത്തുമ്പോൾ

New Update
pinarayi cabinet

തിരുവനന്തപുരം: ജീവനക്കാർക്ക് മുഖ്യമന്ത്രിയുടെ സന്ദേശമയയ്ക്കാൻ ജീവനക്കാരുടെ വിവരങ്ങൾ തേടി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് നൽകിയ കത്ത് പുറത്തായതോടെ പ്രതിരോധത്തിലായി സർക്കാർ.

Advertisment

കെ-സ്‌മാർട്ടിലുള്ളവരുടെ വിവരങ്ങൾ തേടി മുഖ്യമന്ത്രിയുടെ ഓഫീസിലെ ഓഫീസർ ഓൺ സ്പെഷൽ ഡ്യൂട്ടിയാണ് ഇൻഫർമേഷൻ കേരള മിഷൻ ചീഫ് ഡയറക്ടർക്ക് കത്തയച്ചത്.


രമേശ് ചെന്നിത്തലയാണ് കത്ത് പുറത്തുവിട്ടത്. ഇതോടെ പ്രതിരോധവുമായി മുഖ്യമന്ത്രിയുടെ ഓഫീസ് രംഗത്തെത്തി.


ചട്ടപ്രകാരമുള്ള വിവരശേഖരണം, അവയുടെ ക്രമീകരണം എന്നിവ മാത്രമല്ല സ്വീകരിച്ച വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതും ഐടി മിഷന്റെ സുപ്രധാന ഉത്തരവാദിത്തമാണെന്നും അതിലൊന്നും ഒരുതരത്തിലുമുള്ള വിട്ടുവീഴ്ചയും ഉണ്ടായിട്ടില്ലെന്നുമാണ് വിശദീകരണം.

വ്യക്തിഗതമായ എല്ലാ വിവരങ്ങളും സർക്കാർ സംവിധാനങ്ങളിൽ ഭദ്രമാണ്. ഈ വിവരങ്ങൾ ഒന്നും തന്നെ സർക്കാരിന് പുറത്തുള്ള ഒരു ഏജൻസിയുമായും പങ്കുവയ്ക്കുകയോ കൈമാറുകയോ ചെയ്യുന്നില്ല. 

കൂടാതെ എല്ലാ വിവരങ്ങളും സുരക്ഷിതമായി സൂക്ഷിക്കുവാൻ സർക്കാരിന് ഐ ടി വകുപ്പിന്റെ കീഴിൽ തന്നെ വിപുലമായ സ്റ്റേറ്റ് ഡാറ്റ സെൻറർ  സംവിധാനവും ഉണ്ട്.  


"താങ്കൾക്ക് ഡിഎ കുടിശ്ശിക അനുവദിച്ചിട്ടുണ്ട് ", "താങ്കളുടെ ഭൂനികുതി അടയ്ക്കേണ്ട സമയമായി" -എന്നിങ്ങനെയുള്ള അറിയിപ്പുകൾ സർക്കാരിന്റെ സന്ദേശങ്ങളായി അയക്കുന്നത് ഡാറ്റ ചോർച്ചയായി  വ്യാഖ്യാനിക്കുന്നത് ദുരുദ്ദേശപരമാണ്.  


ജനങ്ങൾക്കുവേണ്ടി സർക്കാർ രൂപീകരിക്കുന്ന എല്ലാ പദ്ധതികളെയും എതിർത്തുകൊണ്ടാണ് പ്രതിപക്ഷത്തിന്റെ രാഷ്ട്രീയം മുന്നോട്ടുപോകുന്നത് എന്നത് ദൗർഭാഗ്യകരമാണ്.

സിഎം വിത്ത് മി, നവ കേരള സിറ്റിസൺസ് റെസ്പോൺസ് പ്രോഗ്രാം തുടങ്ങിയവ നടപ്പാക്കിയപ്പോഴും ഇതേ രീതിയിലുള്ള  എതിർപ്പാണ് ഉയർത്തിയത്.

ജനങ്ങൾ വിവരങ്ങൾ അറിയുന്നത് തടയാൻ  ഉദ്ദേശിച്ചാണ് ഇപ്പോഴത്തെ എതിർപ്പ്. അത് ജനങ്ങളിൽ  നിന്ന് ഒറ്റപ്പെടുന്നു എന്ന ഭീതിയുടെ പരസ്യ പ്രഖ്യാപനമാണ് എന്നതിൽ സംശയമില്ല.


സർക്കാർ തീരുമാനങ്ങൾ ബന്ധപ്പെട്ട ആളുകളെ അറിയിക്കുന്നത് ഏതെങ്കിലും പ്രചാരണത്തിന്റെ ഭാഗമായല്ല, മറിച്ച് സർക്കാരിന്റെ ഔദ്യോഗിക കൃത്യനിർവഹണത്തിന്റെയും ഓരോരുത്തരുടെയും അറിയാനുള്ള അവകാശത്തിന്റെയും ഭാഗമാണ്.


അത് ഉറപ്പുവരുത്തുക എന്നതാണ് സർക്കാരിന്റെ നയം.  സേവനാവകാശ നിയമമടക്കം പാസാക്കി ജനങ്ങൾക്ക് സർക്കാർ സേവനങ്ങൾ ഉറപ്പാക്കുന്ന നയത്തിന്റെ ഭാഗമാണ് ഈ നടപടിയും.

ഏറ്റവും സദുദ്ദേശപരമായി, ജനങ്ങളെ മുന്നിൽകണ്ട് സർക്കാർ ആരംഭിച്ച ഈ പദ്ധതിക്കെതിരെ തെറ്റിദ്ധാരണാജനകവും അപകീർത്തികരവുമായ പ്രചാരണം നടത്തുന്നതിൽ നിന്ന് ബന്ധപ്പെട്ടവർ പിന്മാറണമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെടുന്നു.
 
വ്യത്യസ്ത വിഷയങ്ങളിൽ ജനങ്ങളുടെ  അഭിപ്രായങ്ങൾ സ്വീകരിക്കാനും അതിനനുസരിച്ച് നടപടികൾ എടുക്കാനും ഉദ്ദേശിച്ചാണ് സിറ്റിസൺസ് റെസ്പോൺസ് പ്രോഗ്രാം എന്ന പരിപാടി സർക്കാർ നടപ്പാക്കുന്നത്. ആ പ്രോഗ്രാമിന് ബഹുമാനപ്പെട്ട സുപ്രീംകോടതിയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്.


വിവിധ സംവിധാനങ്ങൾ ഉണ്ടായിട്ടുപോലും ജനങ്ങളുടെ വിവിധ സേവനങ്ങളും ആനുകൂല്യങ്ങളും സർക്കാർ തീരുമാനങ്ങളും സംബന്ധിച്ച അന്വേഷണങ്ങൾ വലിയതോതിൽ വരികയാണ്.


അവയെ അഭിസംബോധന ചെയ്യാനുള്ള മാർഗം  എന്ന നിലയിൽ ഓരോരുത്തരും അവശ്യം അറിഞ്ഞിരിക്കേണ്ട വിവരങ്ങൾ ഒരു കേന്ദ്രീകൃത അറിയിപ്പ് സംവിധാനത്തിലൂടെ നൽകണമെന്നാണ് സർക്കാർ തീരുമാനിച്ചത്.

അതിൻ്റെ ഭാഗമായാണ് വിവിധ വകുപ്പുകൾ മുഖേന നൽകിവരുന്ന വ്യത്യസ്ത സേവനങ്ങളെ കുറിച്ചുള്ള അറിയിപ്പുകൾ ബന്ധപ്പെട്ട ആളുകളിലേക്ക് എത്തിക്കാനുള്ള സന്ദേശങ്ങൾ കൈമാറാൻ ആരംഭിച്ചത്.
 
വിവരശേഖരണത്തിലും വിതരണത്തിനുമുള്ള സർക്കാരിൻറെ ഔദ്യോഗിക അപ്പക്സ് ഏജൻസിയാണ് ഐടി മിഷൻ. ആ ഐടി മിഷൻ മുഖേനതന്നെയാണ്  മുഖ്യമന്ത്രിയുടെ സന്ദേശങ്ങൾ അയച്ചിട്ടുള്ളത്.


വ്യത്യസ്ത വകുപ്പുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉള്ളതിനാലാണ് ഏകീകൃതമായി   സന്ദേശങ്ങൾ അയക്കുന്നത്.  ഈ സന്ദേശങ്ങൾ അയക്കുന്നതിന് എല്ലാ നടപടിക്രമങ്ങളും പാലിച്ചിട്ടുണ്ട് എന്ന് ഇന്ന് മുൻപ്രതിപക്ഷ നേതാവ് നടത്തിയ വാർത്താസമ്മേളനത്തിൽ തന്നെ വ്യക്തമാണ്.


ചോർത്തിയെടുത്തു എന്ന് അവകാശപ്പെട്ട് അദ്ദേഹം പുറത്തുവിട്ട കത്തിൽ തന്നെ  ഔദ്യോഗിക നടപടിക്രമങ്ങൾ കൃത്യമായി വിശദീകരിക്കുന്നുമുണ്ട്.

സർക്കാർ  സംവിധാനത്തിലൂടെ കുറ്റമറ്റ രീതിയിൽ കാര്യങ്ങൾ  നടപ്പാക്കാൻ ഉദ്ദേശിച്ചുള്ള ഔദ്യോഗിക കത്ത് സംഘടിപ്പിച്ച്, അത് അരുതാത്തത് എന്തോ നടന്നതിന് തെളിവ് എന്ന രീതിയിൽ പ്രചരിപ്പിക്കുന്നത് മറ്റെന്തോ ലക്ഷ്യം വെച്ചാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ആരോപിക്കുന്നു.

അദ്ദേഹം പുറത്തുവിട്ട കത്തിൽ തന്നെ  എന്താണ് ഇങ്ങനെ ഒരു കേന്ദ്രീകൃത നോട്ടിഫിക്കേഷൻ ഹബ്ബിൻറെ ഉദ്ദേശം എന്ന് വളരെ കൃത്യമായി പറയുന്നുണ്ട്. വിവിധ വകുപ്പുകളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് ഒരു 'ഡാറ്റ ലേക്ക്, ഉണ്ടാക്കാനാണ് ഉദ്ദേശിക്കുന്നത് എന്നാണ് കത്തിലുള്ളത്.  


ഡാറ്റ ലേക്ക് എന്നത് വിവരങ്ങളുടെ വിപുലമായ ശേഖരണമാണ്. വിവരസാങ്കേതിക വിദ്യയുടെ കാലത്ത് വ്യക്തികൾക്ക് ആവശ്യമായ സന്ദേശങ്ങൾ അയക്കാനും അവർക്ക് വേണ്ടി നടപ്പാക്കുന്ന പദ്ധതികളുടെ വിവരങ്ങൾ അറിയിക്കാനും ഇത്തരം ഏകീകൃത സംവിധാനം അത്യാവശ്യമാണ്.


ഇത്   നമ്മുടെ സംസ്ഥാനത്ത് മാത്രമല്ല രാജ്യത്ത് ആകെ അംഗീകരിക്കപ്പെട്ട വസ്തുതയാണ്. സർക്കാർ വകുപ്പുകളുടെ ഡാറ്റ ഏകീകരണം നടപ്പാക്കിയാൽ വ്യക്തിഗതമായി അറിയിപ്പുകൾ നൽകാൻ വലിയ രീതിയിൽ സഹായിക്കും എന്നാണ് സർക്കാർ കാണുന്നത്.

കേന്ദ്ര സർക്കാരും  ഇതര സംസ്ഥാന സർക്കാരുകളും ഇങ്ങനെ ശേഖരിച്ച വിവരങ്ങളെ അടിസ്ഥാനമാക്കി തന്നെയാണ്  സന്ദേശങ്ങൾ പൗരന്മാർക്ക് കൈമാറുന്നത്.

ഇവിടെ വിവരങ്ങൾ ശേഖരിക്കുന്നത് ഐടി മിഷൻ ആണ്;ആ ഐടി മിഷൻ നിയമപരമായി അതിന് ചുമതലപ്പെട്ട സർക്കാർ സംവിധാനമാണ്. ഇ-ഗവർണൻസിന്റെ സംസ്ഥാന അപ്പക്സ് ഏജൻസിയാണ് അതെന്നും സർക്കാർ വിശദീകരിക്കുന്നു.

Advertisment