അദാനി ലോജിസ്റ്റിക്സ് പാര്‍ക്കിന്‍റെ നിര്‍മ്മാണോദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

വിഴിഞ്ഞം രണ്ടാം ഘട്ടം ഉടന്‍ എന്ന് മുഖ്യമന്ത്രി

New Update
ADANI

കൊച്ചി:ഇന്‍വസ്റ്റ് കേരള ആഗോള നിക്ഷേപക സംഗമത്തിന്‍റെ ഭാഗമായി മുന്നോട്ടു വച്ച പതിമൂന്ന് ലക്ഷം ചതുരശ്രയടിയുടെ അദാനി ലോജിസ്റ്റിക്സ് പാര്‍ക്കിന്‍റെ നിര്‍മ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ കളമശേരിയില്‍ നിര്‍വഹിച്ചു. വിഴിഞ്ഞം തുറമുഖത്തിന്‍റെ രണ്ടാം ഘട്ട നിര്‍മ്മാണം തുടങ്ങാനുള്ള നടപടികള്‍ ഉടനെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്‍റെ വ്യവസായവളര്‍ച്ചയുടെയും ആഗോള ബന്ധങ്ങളുടെയും പുതിയ അധ്യായമാണ് ലോജിസ്റ്റിക്സ് പാര്‍ക്ക് യാഥാര്‍ഥ്യമാകുന്നതോടെ തുറക്കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു. എച്എംടിയ്ക്കടുത്തുള്ള 70 ഏക്കര്‍ ഭൂമിയാണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്. 600 കോടി രൂപയുടെ നിക്ഷേപവും 1500 പ്രത്യക്ഷ തൊഴിലവസരവുമാണ് ഇവിടെയുണ്ടാകും. സംയോജിത ലോജിസ്റ്റിക്സ് സൗകര്യങ്ങള്‍, നൂതന സാങ്കേതികവിദ്യ, സുസ്ഥിര വികസന സംവിധാനങ്ങള്‍ എന്നിവ കൊണ്ട് ദേശീയ ആഗോള വ്യവസായ ഭൂപടത്തില്‍ കേരളം ഉറച്ച സ്ഥാനം നേടിയെടുക്കും.

സമ്പദ് വ്യവസ്ഥയ്ക്ക് ശക്തമായ പ്രചോദനം. വ്യാപാരവികസനത്തിനും സമൂഹശാക്തീകരണത്തിനും വിപണിയെ ബന്ധിപ്പിക്കാനുള്ള പരിവര്‍ത്തന പദ്ധതിയാണിത്. തിരുവനന്തപുരം വിമാനത്താവളം, വിഴിഞ്ഞം തുറമുഖം എന്നിവയുടെ വികസനത്തിന് 30,000 കോടിയുടെ നിക്ഷേപം അദാനി ഗ്രൂപ്പ് പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കൊച്ചി മെട്രോ, അന്തരാഷ്ട്ര വിമാനത്താവളം, ഇന്‍ഫോപാര്‍ക്ക് എന്നിവയുടെ വികസന പദ്ധതികള്‍ എന്നിവ സംസ്ഥാനം നടപ്പാക്കി വരികയാണ്.  വ്യവസായ സൗഹൃദ സംസ്ഥാനമല്ലെന്ന പ്രചരണത്തെ കേരളത്തിന് അതിജീവിക്കാനായി. വ്യവസായ സൗഹൃദത്തില്‍ വകുപ്പിന്‍റെ സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി 3.75 ലക്ഷം പുതിയ സംരംഭങ്ങള്‍ വന്നു. 23,000 കോടി രൂപയുടെ നിക്ഷേപം, ഏഴര ലക്ഷം തൊഴിലവസരം എന്നിവയാണ് നേടാനായത്.

നിസാന്‍, എയര്‍ബസ്. ടിസിഎസ്, ടെക്മഹീന്ദ്ര പോലുള്ള വന്‍കിട കമ്പനികള്‍ കേരളത്തില്‍ ചുവടുറപ്പിച്ചു. സംസ്ഥാനത്തെ ഐടി കയറ്റുമതി 1 ലക്ഷം കോടി രൂപയിലേക്കെത്തുകയാണ്. ഇകൊമേഴ്സ്, എഫ്എംസസിജി , റിടെയില്‍ ഫാര്‍മ എന്നീ രംഗത്ത് ദ്രുതഗതിയിലുള്ള വികസനം കൈവരിക്കാന്‍ ലോജിസ്റ്റിക്സ് പാര്‍ക്കിലൂടെ സാധിക്കും. അനുബന്ധ തൊഴിലവസരങ്ങളുമുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഐകെജിഎസ് ആഗോള നിക്ഷേപക സംഗമത്തില്‍ വാഗ്ദാനം ലഭിച്ച 97 -ാമത്തെ പദ്ധതിയുടെ കല്ലിടല്‍ കര്‍മ്മാണിതെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന വ്യവസായ-നിയമ-കയര്‍ വകുപ്പ് മന്ത്രി പി രാജീവ് ചൂണ്ടിക്കാട്ടി. 35,284.75 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഇതു വരെ തറക്കല്ലിട്ടു. ഇതിലൂടെ 50,360 തൊഴിലവസരം സൃഷ്ടിക്കപ്പെടും. അദാനി ലോജിസ്റ്റിക്സ് പാര്‍ക്ക് നങ്കൂര വ്യവസായമാകും. സീപോര്‍ട്ട് എയര്‍ പോര്‍ട്ട് റോഡിന്‍റെ വികസനത്തിന്  580 കോടി വകയിരുത്തി. വ്യവസായസൗഹൃദമാക്കാനായി നൂറിലധികം ചട്ടങ്ങള്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ഭേദഗതി ചെയ്തുവെന്നും മന്ത്രി പറഞ്ഞു.

തീരുവ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ലോജിസ്റ്റിക് പാര്‍ക്കുകള്‍ക്ക് വലിയ പ്രാധാന്യമുണ്ടെന്ന ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.സാധ്യതകളുടെ കവാടമാണ് ഇത്തരം പാര്‍ക്കുകള്‍. സുസ്ഥിര വികസന വ്യവസായത്തിന് പ്രതിപക്ഷത്തിന്‍റെ പൂര്‍ണ പിന്തുണയുണ്ട്. കേരളത്തിന്‍റെ സാമൂഹിക, സാമ്പത്തിക മേഖലയ്ക്ക് ഒരു തരത്തിലുള്ള തടസ്സമുണ്ടാകില്ലന്ന് അദ്ദേഹം ഉറപ്പ് നല്‍കി. നാലര വര്‍ഷമായി പ്രതിപക്ഷം ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

രാജ്യത്ത് അദാനി ഗ്രൂപ്പിന്‍റെ ലോജിസ്റ്റ്സ് ശേഷി 20 ദശലക്ഷം ചതുരശ്രയടി ആക്കുകയാണ് ലക്ഷ്യമെന്ന് അദാനി പോര്‍ട്സ് ആന്‍ഡ് സെസ് ലിമിറ്റഡിന്‍റെ സിഇഒയും പൂര്‍ണസമയ ഡയറക്ടറുമായ അശ്വനി ഗുപ്ത പറഞ്ഞു. തൊഴിലവസരങ്ങള്‍ക്ക് പുറമെ പ്രാദേശിക സൂക്ഷ്മ- ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്ക് ഈ പാര്‍ക്കിന്‍റെ സൗകര്യം ഉപയോഗിക്കാമെന്നും അദ്ദേഹം പറഞ്ഞു.

Advertisment