/sathyam/media/media_files/2026/02/05/c362ec35-21f4-4f12-b5c6-8956aa9d99c4-2026-02-05-22-18-27.jpg)
തിരുവനന്തപുരം: പത്രപ്രവർത്തനം സമൂഹത്തെ പുനർനിർമ്മിക്കാനുള്ള ഉപാധിയാണെന്ന് വിശ്വസിച്ചിരുന്ന സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെയും കേസരി ബാലകൃഷ്ണപിള്ളയുടെയും പാരമ്പര്യത്തിൽ നിന്ന് ഇന്നത്തെ മാധ്യമങ്ങൾ അകലുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
മാധ്യമപ്രവർത്തന രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള 2024-ലെ സ്വദേശാഭിമാനി കേസരി പുരസ്‌കാരവും സംസ്ഥാന മാധ്യമ പുരസ്‌കാരങ്ങളും 2021, 2022 വർഷങ്ങളിലെ ഫോട്ടോഗ്രോഫി പുരസ്കാരങ്ങളും സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽ നടന്ന ചടങ്ങിൽ വിതരണം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷം മാധ്യമ സംവിധാനത്തിൽ വലിയ മാറ്റങ്ങളുണ്ടായി, പത്രമുടമ പത്ര മുതലാളിയായി. മുതലാളിക്ക് ലാഭത്തിലാണ് കണ്ണ്.
ലാഭമുണ്ടാക്കാനുള്ള തത്രപ്പാടിൽ മൂല്യവിചാരങ്ങൾക്ക് ശോഷണം വന്നു. നവോത്ഥാന കാലത്ത് പത്രങ്ങൾ തന്നെ പൊരുതി പരാജയപ്പെടുത്തിയ ആശാസ്യമല്ലാത്ത പ്രവണതകളെ പുതിയ കാലത്ത് മാധ്യമങ്ങൾ തന്നെ പ്രോത്സാഹിപ്പിക്കുന്ന സ്ഥിതിയായി.
അന്ധവിശ്വാസങ്ങളുടേയും അനാചാരങ്ങളുടേയും ആശയ പ്രചാരകരായി പ്രധാന പത്രങ്ങളൊക്കെ മാറുന്ന അവസ്ഥയായി. ജ്യോത്സ്യം, മഷിനോട്ടം, ചാത്തൻ സേവ ഇവയെല്ലാം മാധ്യമങ്ങളിൽ സ്ഥാനം പിടിച്ചു.
ആഗോളവൽക്കരണ കാലമായപ്പോൾ പത്രമുതലാളിയിൽ നിന്ന് മാധ്യമ കോർപറേറ്റുകളിലേക്ക് വളർന്നു. കോർപറേറ്റുകളാകട്ടെ ആഗോള മൂലധനത്തിൻറെ വക്താക്കളുമാണ്. ആഗോള മൂലധന വക്താക്കൾ അധികാരസംവിധാനവുമായി ചങ്ങാത്തത്തിലുമാണ്.
ഈ കോർപ്പറേറ്റ് - ഭരണചങ്ങാത്തം മൂലധന താല്പര്യത്തിനൊപ്പം, രാഷ്ട്രീയ താൽപ്പര്യവും സംരക്ഷിക്കാൻ ബാധ്യസ്ഥമായി. അതിൻറെ കെടുതികളാണ് നാമിന്നു കാണുന്നത്. 'വാച്ച് ഡോഗ്' എന്നത് മാറി 'ലാപ് ഡോഗ്' ആയി എന്നൊക്കെ പറയുന്നത് ഇതുകൊണ്ടാണ്.
കാണുന്നതും കേൾക്കുന്നതുമെല്ലാം പരമമായ സത്യമാണെന്ന ധാരണ ഉപേക്ഷിക്കണം. കഴിഞ്ഞ പത്തുവർഷത്തോളമായി കേരളത്തിൽ അധികാരത്തിലിരിക്കുന്ന സർക്കാരിനെതിരെ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന വസ്തുതകളുമായി ബന്ധമില്ലാത്ത കാര്യങ്ങൾ ഇതിനു തെളിവാണ്.
രാഷ്ടീയ നേതാക്കൾ എന്തു പറഞ്ഞാലും, എന്തു ദുരാരോപണങ്ങൾ ഉന്നയിച്ചാലും, അതിൻറെ ന്യയാന്യായങ്ങളെപ്പറ്റി ലവലേശം ചിന്തിക്കാതെ ഗവൺമെന്റിനെ ആക്രമിക്കുന്ന പ്രവണതയുണ്ട്.
വ്യാജ ആരോപണങ്ങൾ കോടതിയിൽ അസത്യമെന്നു തെളിയിക്കപ്പെട്ടാൽ പോലും അത് ജനങ്ങളെ ബോധ്യപ്പെടുത്താനോ സത്യം പറയാനോ ഭൂരിപക്ഷം മാധ്യമങ്ങളും തയ്യാറല്ല.
രാഷ്ട്രീയ നിരീക്ഷകർ, സാമൂഹ്യ നിരീക്ഷകർ എന്നെല്ലാമുള്ള പേരുകളിൽ ചാനൽ ചർച്ചകളിൽ നിറയുന്നവരൊക്കെ സർക്കാരിനെ ആക്ഷേപിക്കാനായി തെരഞ്ഞെടുക്കപ്പെട്ടവരാണ് എന്നുവരുന്നു. ഇത്തരക്കാർക്കെല്ലാം മാധ്യമങ്ങൾ വലിയ സ്വീകാര്യതയും നൽകുന്നുണ്ട്.
ഉത്തരേന്ത്യയിൽ പത്രപ്രവർത്തനം നടത്തിയതിൻറെ പേരിൽ വേട്ടയാടപ്പെടുകയാണ് പല പത്രമാധ്യമ പ്രവർത്തകരും. ജയിലിലായവർ വരെയുണ്ട്. ഇത്തരമൊരു കലുഷ കാലത്താണ് കേരള സർക്കാർ പത്രപ്രവർത്തകരെ ആദരിക്കുന്നത്.
ഇവിടെ പുരസ്‌ക്കാരം സ്വീകരിക്കുന്നവരിൽ സർക്കാരിൻറെ അതിനിശിത വിമർശകർ പോലുമുണ്ട്. വിമർശനത്തെ ഭയക്കാത്ത ഒരു സർക്കാരാണിത് എന്നതുകൊണ്ടും സ്വതന്ത്ര പത്രപ്രവർത്തനത്തിൽ വിമർശനം വേണ്ടതു തന്നെയാണ് എന്നുള്ളതുകൊണ്ടും അവാർഡ് നിർണയ കാര്യങ്ങളിൽ സർക്കാർ രാഷ്ട്രീയമായി ഇടപെടാറില്ല. അവാർഡുകൾക്ക് അടിസ്ഥാനം മെറിറ്റ് മാത്രമാകണം എന്ന നിർബന്ധം സർക്കാരിനുണ്ട്.
ജനങ്ങൾ അറിയേണ്ടത് ജനങ്ങളെ അറിയിക്കുക എന്ന ചുമതല കൂടി പത്രപ്രവർത്തകർക്കുണ്ട്. വികസന കാര്യങ്ങളെ സമ്പൂർണ്ണമായി തമസ്‌ക്കരിക്കുകയും അത്തരം കാര്യങ്ങൾ ജനങ്ങൾ അറിയാൻ പാടില്ലെന്ന നിലപാട് എടുത്തുകൊണ്ട് അടിസ്ഥാനരഹിതമായി പോലും വിമർശിക്കുകയും ചെയ്യുന്ന രീതി സ്വദേശാഭിമാനിയുടെയും കേസരിയുടെയും പൈതൃകത്തിനു നിരക്കുന്നതല്ല.
സ്വാതന്ത്ര്യവും ജനാധിപത്യവും പൗരാവകാശവും അന്യമായിരുന്ന കാലത്ത് രാജഭരണത്തിന്റെ കൊള്ളരുതായ്മകൾക്കെതിരെ സന്ധിയില്ലാതെ പോരാടിയവരാണ് സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയും കേസരി ബാലകൃഷ്ണപിള്ളയും.
അധികാര ശാസനങ്ങളോടുള്ള ഏറ്റുമുട്ടലായിരുന്നു അവരുടെ പത്രപ്രവർത്തനം. അഴിമതിയെയും ദുരധികാരത്തെയും എതിർത്തതിന്റെ പേരിലാണ് സ്വദേശാഭിമാനിയെ നാടുകടത്തിയത്.
രാജ്യത്തെ രാജഭക്തിയിൽ നിന്ന് വേർതിരിച്ച് ആധുനിക രാഷ്ട്ര സങ്കൽപ്പത്തിന് രൂപം കൊടുക്കാനാണ് അദ്ദേഹം ശ്രമിച്ചത്.
സ്വദേശാഭിമാനിയുടെ പന്ഥാവിന്റെ തുടർച്ചയായി നിഷ്പക്ഷവും നിർഭയവുമായി കാര്യങ്ങളെ വിമർശിച്ച കേസരി, ജാതിവ്യവസ്ഥയ്‌ക്കെതിരെയും പിന്നോക്കക്കാരുടെ പ്രാതിനിധ്യത്തിന് വേണ്ടിയും പത്രം പൂട്ടിക്കെട്ടേണ്ടി വന്നിട്ടും പോരാട്ടം തുടർന്നു.
സ്വദേശാഭിമാനി-കേസരി പുരസ്‌ക്കാരത്താൽ ആദരിക്കപ്പെടുന്ന മലയിൻകീഴ് ഗോപാലകൃഷ്ണൻ പതിറ്റാണ്ടുകളുടെ പത്രപ്രവർത്തന പശ്ചാത്തലമുള്ളയാളാണ്.
അദ്ദേഹം കേരള ചരിത്രത്തെ സമകാലിക കാര്യങ്ങളുമായി ചേർത്തുവെച്ച് അപഗ്രഥനം നടത്തുന്നതിൽ ഗവേഷണാത്മകമായ ശ്രദ്ധ ചെലുത്തിപ്പോരുന്ന വ്യക്തിയാണ്. മലയാള പത്രപ്രവർത്തന രംഗത്ത് അത്യപൂർവ്വമായ ഒരു സവിശേഷ രീതിയെയാണ് അദ്ദേഹം അനുവർത്തിക്കുന്നത്.
കേരള രാജ്യം മുതൽ മാതൃഭൂമി വരെയായി നിരവധി മാധ്യമ സ്ഥാപനങ്ങളിൽ ജോലി ചെയ്തിട്ടുള്ള അദ്ദേഹം പത്രപ്രവർത്തനത്തിലെ വസ്തുനിഷ്ഠതയ്ക്ക് എന്നും ഊന്നൽ നൽകി. ഊഹാപോഹങ്ങളായിക്കൂടാ വാർത്തകൾ എന്ന കാര്യത്തിൽ വലിയ നിഷ്‌കർഷ പുലർത്തി.
ചരിത്രത്തിലെ സൂക്ഷ്മമായ അറിവുകൾ ആധുനിക രാഷ്ട്രീയ കാര്യങ്ങളുമായി ചേർത്തുവച്ച് അവതരിപ്പിക്കുന്ന പുതുമയുള്ള ഒരു പത്രപ്രവർത്തന ശൈലി ആവിഷ്‌ക്കരിക്കുകയും ചെയ്തു. ഇങ്ങനെയുള്ള ഒരു പത്രപ്രവർത്തക പ്രതിഭയെ ആദരിക്കുന്നതിൽ സർക്കാരിന് പ്രത്യേകമായ അഭിമാനവും സന്തോഷവും ഉണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അദ്ദേഹത്തിനൊപ്പം വിവിധങ്ങളായ പുരസ്‌കാരങ്ങൾക്ക് അർഹമായ ഇതര മാധ്യമ അവാർഡ് ജേതാക്കൾക്കും മുഖ്യമന്ത്രി അഭിനന്ദനങ്ങൾ അറിയിച്ചു.
റേറ്റിങ്ങിനും ബ്രേക്കിംഗ് ന്യൂസ് സംസ്‌കാരത്തിനും മാധ്യമങ്ങൾ അമിത പ്രാധാന്യം നൽകുന്നത് ആശങ്കാജനകമാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച പൊതുവിദ്യാഭ്യാസ – തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.
കോടതിയേക്കാൾ മുൻപേ വിധി പ്രസ്താവിക്കുന്ന മാധ്യമ വിചാരണകൾ സാമൂഹിക അസ്വസ്ഥതകൾക്ക് വഴിവയ്ക്കുന്നു. മാധ്യമങ്ങൾ സമൂഹത്തിന്റെ വികലമാകാത്ത കണ്ണാടിയാകണം. വികസന വാർത്തകൾക്കും ക്രിയാത്മകമായ മാറ്റങ്ങൾക്കും മാധ്യമങ്ങൾ അർഹമായ പ്രാധാന്യം നൽകണമെന്നും മന്ത്രി പറഞ്ഞു.
സെക്രട്ടേറിയേറ്റിലെ ചരിത്ര പ്രാധാന്യമുള്ള ദർബാർ ഹാളിൽ വച്ച് പുരസ്‌കാരം സ്വീകരിക്കാൻ കഴിഞ്ഞത്തിലെ സന്തോഷം മുഖ്യമന്ത്രിയിൽ നിന്നും സ്വദേശാഭിമാനി കേസരി പുരസ്‌കാരം ഏറ്റുവാങ്ങിയ മുതിർന്ന മാധ്യമപ്രവർത്തകനും ചരിത്രകാരനുമായ മലയിൻകീഴ് ഗോപാലകൃഷ്ണൻ പങ്കുവച്ചു.
2024-ലെ സംസ്ഥാന മാധ്യമ പുരസ്‌കാരങ്ങളും 2021, 2022 വർഷങ്ങളിലെ സംസ്ഥാന ഫോട്ടോഗ്രഫി പുരസ്‌കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.
കേരള മീഡിയ അക്കാദമി ചെയർമാൻ ആർ. എസ്. ബാബു, ഐ.പി.ആർ.ഡി അഡീഷണൽ ഡയറക്ടർമാരായ കെ.ജി. സന്തോഷ്, വി. പി. പ്രമോദ് കുമാർ, കെ.യു.ഡബ്ല്യു.ജെ സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ, ജില്ലാ സെക്രട്ടറി അനുപമ ജി. നായർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us