/sathyam/media/media_files/2025/08/30/1000228593-2025-08-30-20-52-15.jpg)
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതൻെറ കണ്ണിലെ കരടായ ബി.അശോകിനെ കാർഷികോൽപ്പാദന കമ്മീഷണർ സ്ഥാനത്ത് നിന്നും കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റി.
ലോകബാങ്ക് സഹായത്തോടെയുളള കേര പദ്ധതിയുടെ ഫണ്ട് വകമാറ്റിയത് സംബന്ധിച്ച് വിവരം ചോർന്നതിൽ അശോകിനെ കുറ്റക്കാരനാക്കാനുളള നീക്കം നടന്നിരുന്നു.
കൃഷി വകുപ്പ് തന്നെ അന്വേഷണം ഏറ്റെടുത്തതോടെ പദ്ധതി പൊളിഞ്ഞതോടെയാണ് കൃഷിവകുപ്പിൻെറ തലപ്പത്ത് നിന്ന് ബി. അശോകിനെ നീക്കിയത്.
സെക്രട്ടേറിയേറ്റിന് പുറത്തേക്കാണ് മാറ്റം. ഗതാഗത വകുപ്പിന് കീഴിലുളള ധനകാര്യ സ്ഥാപനമായ കെ.ടി.ഡി.എഫ്.സി ചെയർമാൻ ആന്റ് മാനേജിങ് ഡയറക്ടറായാണ് അശോകിൻെറ പുതിയ നിയമനം. ഐ.എ.എസ് അസോസിയേഷൻ പ്രസിഡന്റായ അശോകിനെ നേരത്തെയും സെക്രട്ടേറിയേറ്റിന് പുറത്തേക്ക് മാറ്റാൻ ശ്രമം നടന്നിരുന്നു.
തദ്ദേശഭരണ വകുപ്പ് കമ്മീഷനായി മാറ്റി നിയമിച്ചതിനെതിരെ നിയമയുദ്ധം നടത്തിയാണ് അശോക് സ്ഥലം മാറ്റം റദ്ദാക്കിച്ചത്. ഇത്തവണ നിയമ പോരാട്ടത്തിനുള സാധ്യത മുന്നിൽ കണ്ട് കരുതലോടെയാണ് മാറ്റം നടത്തിയിരിക്കുന്നത്.
സർവീസ് സംബന്ധമായ കേസുകൾ പരിഗണിക്കുന്ന സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ഓണം അവധിക്കായി അടച്ചതിന് പിന്നാലെയാണ് അശോകിനെ സ്ഥലം മാറ്റിക്കൊണ്ടുളള ഉത്തരവ് പുറത്തിറങ്ങിയത്. അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ഇനി സെപ്റ്റംബർ 8ന് മാത്രമേ തുറക്കുകയുളളു.
അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കുന്നത് തടയുന്നതിന് വേണ്ടിയാണ് ബുദ്ധിപൂർവം ഇന്ന് ഉത്തരവിറക്കിയത്. അശോകിന് പകരം കൃഷി വകുപ്പിൻെറ തലപ്പത്ത് നിയമിതയായ ടിങ്കു ബിസ്വാൾ ഉത്തരവ് പുറത്തിറങ്ങി മിനിറ്റുകൾക്ക് അകം കൃഷിവകുപ്പിൻെറ ചുമതല ഏറ്റെടുക്കുകയും ചെയ്തു.
ഇതും അശോക് നിയമനടപടിയുമായി മുന്നോട്ട് പോയാൽ പ്രതിരോധിക്കുന്നതിനുളള തന്ത്രമാണ്. 90 ദിവസത്തെ അവധി കഴിഞ്ഞ് തിരിച്ചെത്തിയ ഉദ്യോഗസ്ഥയാണ് ടിങ്കു ബിസ്വാൾ മുഖ്യമന്ത്രിയുടെ ഓഫീസിലെ ചോദ്യം ചെയ്യപ്പെടാത്ത ശക്തിയും മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയുമായി കാബിനറ്റ് റാങ്കോടെ പ്രവർത്തിക്കുന്ന കെ.എം. എബ്രഹാമിൻെറ ബുദ്ധിയിൽ വിരിഞ്ഞ ആശയമാണ് ഇതിലൂടെ നടപ്പായത്.
വഴിവിട്ട നിർദ്ദേശങ്ങൾ വന്നാൽ ചട്ടങ്ങൾ ചൂണ്ടിക്കാട്ടി ചോദ്യങ്ങൾ ചോദിക്കുകയും നിലപാട് പറയുകയും ചെയ്യുന്ന ബി.അശോകിനേെ ചീഫ് സെക്രട്ടറിയായിരുന്ന കാലം മുതൽക്കേ കെ.എം. എബ്രഹാമിന് ഇഷ്ടമല്ല.അശോകിനെയും സമാന നിലപാടുളളവരെയും ലക്ഷ്യം വെച്ച് നിരന്തരം കരുക്കൾ നീക്കുന്ന എബ്രഹാം കിട്ടിയ അവസരത്തിൽ സ്ഥലംമാറ്റുക ആയിരുന്നു.
നേരത്തെ കുറ്റം ചെയ്ത കെ.ഗോപാലകൃഷ്ണനെ സംരക്ഷിക്കുകയും എൻ.പ്രശാന്തിനെ സസ്പെന്റ് ചെയ്യുകയും ചെയ്തതും കെ.എം.എബ്രഹാമിൻെറ ആശിർവാദത്തോടെയാണ്.
2001ലെ എ.കെ.ആൻറണി സർക്കാരിൻെറ കാലത്ത് എ.ഡി.ബി വായ്പയുടെ സഹായത്തോടെ സർക്കാരിൽ നവീകരണ പരിപാടി നടപ്പിലാക്കിയപ്പോൾ അതിൻെറ ചുമതലക്കാരൻ കെ.എം.എബ്രഹാമായിരുന്നു.
അക്കാലത്താണ് ഇടത് സർവീസ് സംഘടനകൾ ഒരുമാസം നീളുന്ന പണിമുടക്ക് നടത്തിയത്. അന്ന് സമരത്തിലും സി.പി.എം നേതാക്കളുടെ പ്രസംഗത്തിലും എല്ലാം കെ.എം.എബ്രഹാമിന് എതിരെ ആയിരുന്നു ആക്ഷേപങ്ങൾ. അതേ എബ്രഹാമാണ് പിന്നീട് പിണറായി വിജയൻ അധികാരത്തിലേറിയപ്പോൾ സി.പി.എമ്മിൻെറ ഇഷ്ടക്കാരനായി മാറിയത്.
പ്രിൻസിപ്പൽ സെക്രട്ടറി റാങ്കുളള മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനായ ബി.അശോകിനെ ജൂനിയർ തലത്തിലുളള
ഐ.എ.എസ് ഉദ്യോഗസ്ഥർ ഇരിക്കുന്ന കെ.ടി.ഡി.എഫ്.സിയുടെ സി.എം.ഡിയുടെ തസ്തികയിലേക്കാണ് മാറ്റി നിയമിച്ചിരിക്കുന്നത്.
ഇതിൽ സർവീസ് ചട്ടങ്ങളുടെ ലംഘനം ഉണ്ടെന്നാണ് പരിചയസമ്പന്നരായ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നത്. അതുകൊണ്ടുതന്നെ നിയമ വിഷയങ്ങളിൽ നല്ല പ്രാവീണ്യമുളള ബി.അശോക് ഇപ്പോഴത്തെ സ്ഥലം മാറ്റത്തിന് എതിരെയും നിയമ നടപടി സ്വീകരിക്കാനുളള സാധ്യത കൂടുതലാണ്.
വകുപ്പിലെ ഉദ്യോഗസ്ഥരുടെ നിയമനങ്ങളിലും സ്ഥലം മാറ്റത്തിലും കൃഷി മന്ത്രി പി. പ്രസാദിന് ഒരു റോളുമില്ല. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് കെ.എം.എബ്രഹാമിൽ നിന്ന് ഉടലെടുക്കുന്ന തീരുമാനങ്ങൾ വിനീതമായി സ്വീകരിക്കുക മാത്രമാണ് മന്ത്രി പി.പ്രസാദ് ചെയ്യുന്നത്.
മുഖ്യമന്ത്രിയുടെ ഓഫീസിനോട് പ്രതികരിക്കാൻ മന്ത്രിക്കുളള ഭയം മുതലെടുത്താണ് തോന്നുംവിധമുളള സ്ഥലം മാറ്റങ്ങൾ നടത്തുന്നത്.
മന്ത്രി എന്ന നിലയിലും ഭരണാധിപൻ എന്ന നിലയിലും തികഞ്ഞ പരാജയമായ പി.പ്രസാദിൻെറ വകുപ്പിനെ പ്രശ്നങ്ങളില്ലാതെ കൊണ്ടുപോയത് ബി.അശോകായിരുന്നു.
ലോകബാങ്ക് സഹായത്തോടെയുളള വായ്പക്കായി പദ്ധതി തയാറാക്കിയതും വായ്പ നേടിയെടുത്തതും എല്ലാം അശോകിൻെറ നേതൃത്വത്തിലായിരുന്നു.
എന്നാൽ ഇതിൻെറയെല്ലാം ക്രെഡിറ്റ് അവകാശപ്പെടുന്ന മന്ത്രി പി.പ്രസാദ്, സന്ദിഗ്ധ ഘട്ടത്തിൽ കൂടെ ജോലി ചെയ്ത ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്നതിന് പകരം കൈവിട്ടുവെന്നാണ് ആക്ഷേപം.