അറസ്റ്റിലാകുന്ന മന്ത്രിമാരെ നീക്കുന്ന ബിൽ ബിജെപിയുടെ പകപോക്കൽ-വേട്ടയാടൽ രാഷ്ട്രീയം; ജനാധിപത്യ വിരുദ്ധ നീക്കത്തിന് ശക്തമായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

New Update
pinarayi vijayan press meet

തിരുവനന്തപുരം: അറസ്റ്റിലാകുന്ന മന്ത്രിമാരെ സ്ഥാനത്ത് നിന്ന് നീക്കാനുള്ള ബില്ലിനെതിരെ ശക്തമായ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. 

Advertisment

ബിജെപിയുടെ പകപോക്കൽ-വേട്ടയാടൽ രാഷ്ട്രീയത്തിന്റെ തുടർച്ചയാണ് ഈ ബിൽ എന്നും, ഇത് മറ്റ് സംസ്ഥാന സർക്കാരുകളെ അസ്ഥിരപ്പെടുത്താൻ ലക്ഷ്യമിട്ട സംഘപരിവാരിയുടെ കുതന്ത്രമാണെന്നും അദ്ദേഹം ആരോപിച്ചു.

ഭരണഘടനാ ഭേദഗതിക്കെതിരെ ജനാധിപത്യ വിശ്വാസികളൊക്കെ ഒന്നിച്ചു രംഗത്തുവരണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിട്ടുള്ള ജനാധിപത്യ വിരുദ്ധ നീക്കമാണിതെന്നും കേന്ദ്ര ഏജൻസികളെ ആയുധമാക്കി സംസ്ഥാന സർക്കാരുകളെ വേട്ടയാടാനുള്ള ശ്രമം നേരത്തെ തന്നെ ഉണ്ടായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

130-ാം ഭരണഘടനാ ഭേദഗതി കൊണ്ടുവന്നതിന് പിന്നിലെ കാരണവും മുഖ്യമന്ത്രി വിശദീകരിച്ചു. “മുഖ്യമന്ത്രിമാരെയും മന്ത്രിമാരെയും ജയിലിൽ അടച്ചുവെച്ചിട്ടും അവർ രാജിവച്ചില്ല. അതിൽ നിന്നുണ്ടായ നിരാശയിലാണ് ഈ ഭേദഗതി കൊണ്ടുവന്നത്” – എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

കള്ളക്കേസുകളിൽ കുടുക്കി ജയിലിൽ അടച്ചിട്ട് അയോഗ്യരാക്കാനുള്ള ശ്രമം നവ ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ പുതിയ പരീക്ഷണമാണ്. അഴിമതി കേസിൽ അറസ്റ്റിലായവർ ബിജെപിയിൽ ചേർന്നാൽ ‘വിശുദ്ധരായി’ മാറുന്ന ഇരട്ടത്താപ്പ് ഭരണഘടനാ ധാർമികതയുടെ പേരിൽ ബിജെപി വ്യക്തമാക്കേണ്ടതുണ്ടെന്നും അദ്ദേഹം വിമർശിച്ചു.

സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾ കവരാനും, നിയമസഭയ്ക്ക് മേൽ ഗവർണർമാർക്ക് വിറ്റോ അധികാരം നൽകാനും നടക്കുന്ന ശ്രമങ്ങളുടെ തുടർച്ചയായാണ് സംസ്ഥാന സർക്കാരുകളെ അസ്ഥിരപ്പെടുത്താനുള്ള പുതിയ നീക്കങ്ങൾ കാണപ്പെടുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

Advertisment