വന്യജീവി സംഘര്‍ഷം തടയുന്നതിന് കേന്ദ്രം സഹകരിക്കുന്നില്ല. പ്രശ്‌ന പരിഹാരത്തിനായി മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ അംഗീകരിച്ചില്ലെന്ന് മുഖ്യമന്ത്രി

New Update
pinarayi

തിരുവനന്തപുരം: വന്യജീവി സംഘര്‍ഷം നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുകൂലമായി പ്രതികരിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചു. 

Advertisment

മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിനായുള്ള തീവ്രയജ്ഞ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രി പ്രതികരിച്ചത്.


മനുഷ്യ-വന്യജീവി സംഘര്‍ഷത്തെ നേരിടാന്‍ 45 ദിവസം നീളുന്ന കര്‍മപദ്ധതി നടപ്പാക്കും. മൂന്ന് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുക. ഓരോ ഘട്ടത്തിനും 15 ദിവസമാണ് സമയം.


തദ്ദേശ തലത്തില്‍ ഹെല്‍പ്പ് ഡെസ്‌കുകളും പ്രൈമറി റെസ്പോണ്‍സ് ടീം (PRT) യൂണിറ്റുകളും രൂപീകരിച്ച് റാപിഡ് റെസ്പോണ്‍സ് ടീം (RRT) നെ സഹായിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഈ വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ വിമര്‍ശനങ്ങള്‍ യാഥാര്‍ത്ഥ്യങ്ങള്‍ വക്രീകരിച്ച് നടത്തുന്നവയാണെന്നും കണ്‍മുന്നിലെ സത്യാവസ്ഥകള്‍ മറച്ചുവെച്ചാണ് ആരോപണമെന്നുമാണ് മുഖ്യമന്ത്രിയുടെ കുറ്റപ്പെടുത്തല്‍.

കഴിഞ്ഞ 9 വര്‍ഷത്തിനിടെ 884 പേരാണ് വന്യജീവി ആക്രമണത്തില്‍ മരിച്ചത്. ഇതില്‍ 594 പേരും പാമ്പ് കടിയേറ്റ് വനത്തിന് പുറത്താണ് മരിച്ചത്. കഴിഞ്ഞ വര്‍ഷം വന്യജീവി ആക്രമണത്തെ “സവിശേഷ ആക്രമണം” ആയി പ്രഖ്യാപിച്ചു.


ഇതിനായി 1954 കിലോമീറ്റര്‍ സോളാര്‍ ഫെന്‍സിങ് പ്രവര്‍ത്തനക്ഷമമാക്കി. പുതുതായി 794 കിലോമീറ്റര്‍ ഫെന്‍സിങ് നിര്‍മാണം പുരോഗമിക്കുകയാണ്.


വന്യജീവികളുടെ സ്വാഭാവിക ആവാസവ്യവസ്ഥ തകരുന്നത് സംഘര്‍ഷം വര്‍ധിക്കാന്‍ കാരണമാകുന്നതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അധിനിവേശ സസ്യങ്ങള്‍ വ്യാപിച്ചതോടെ മൃഗങ്ങള്‍ക്ക് ലഭിച്ചിരുന്ന ഭക്ഷണം നഷ്ടപ്പെട്ടുവെന്നും,

വനാതിര്‍ത്തിയിലെ നിരാലംബമായ സ്വകാര്യ എസ്റ്റേറ്റുകള്‍ മൃഗങ്ങളെ നാട്ടിലേക്കിറങ്ങാന്‍ പ്രേരിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പുല്‍മേടുകളുടെ നാശം വന്യമൃഗങ്ങളുടെ ഭക്ഷണവും വിശ്രമസൗകര്യവും ഇല്ലാതാക്കിയിട്ടുണ്ട്.

വന്യജീവികളുടെ സംരക്ഷണത്തിനും മനുഷ്യരുടെ ജീവനും സ്വത്തിനും ഒരുപോലെ പ്രാധാന്യം നല്‍കുന്ന ഇടപെടലുകള്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ തുടക്കം കുറിക്കുന്നതെന്നും,

കൂടുതല്‍ ചര്‍ച്ചകളും പരിശോധനകളും പൂര്‍ത്തിയാക്കിയതിന് ശേഷം വന്യമൃഗ ആക്രമണ ലഘൂകരണ നയം ഉടന്‍ പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Advertisment