കോഴിക്കോട്: മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾക്കെതിരെയുള്ള വിമർശനം ആവർത്തിച്ച് മുഖ്യമന്ത്രി. തങ്ങളെ വിമർശിച്ചത് രാഷ്ട്രീയ വിമർശനമാണെന്നും മറ്റൊന്നും അല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോഴിക്കോട് സൗത്ത് സിപിഎം ഏരിയ കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തതിന് ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ജമാഅത്തെ ഇസ്ലാമിയെയും എസ്ഡിപിഐയെയും ലീഗ് ചേർത്ത് നിർത്തുകയാണെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി.
കോൺഗ്രസ് ശക്തി കേന്ദ്രങ്ങൾ എല്ലാം പതിയെ ബിജെപി ശക്തി കേന്ദ്രങ്ങൾ ആയി മാറുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. വർഗീയതയോട് വിട്ടുവീഴ്ച ചെയ്യുന്നത് കൊണ്ടാണ് ഈ മാറ്റം. പാലക്കാട് എൽഡിഎഫ് വോട്ടു വിഹിതം കൂട്ടാൻ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
"ചേലക്കരയിൽ രമ്യക്ക് ലോക്സഭയിൽ കിട്ടിയ വോട്ടു പോലും കിട്ടിയില്ല. എന്നാൽ എൽഡിഎഫിന് വോട്ടു കൂടി. ഈ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ഒരു ക്ഷീണവും ഉണ്ടായിട്ടില്ല. വലിയ തകർച്ച നേരിട്ടത് ബിജെപിക്കാണ്. പാലക്കാട് ബിജെപിയുമായുള്ള വോട്ടു അകലം കുറച്ചു. എൽഡിഎഫിന് ആവേശം പകരുന്ന തെരെഞ്ഞെടുപ്പ് ഫലമാണിത്.'- മുഖ്യമന്ത്രി പറഞ്ഞു.