/sathyam/media/media_files/2025/09/19/pinarayi-manorama-2025-09-19-19-15-57.jpeg)
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന്റെ തലേന്ന് ശബരി റെയിൽ പദ്ധതിയെക്കുറിച്ച് വാർത്ത നൽകിയ മനോരമയ്ക്ക് ചുട്ട മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ.
ശബരി റെയിൽ: നിലപാടിൽ മലക്കം മറിഞ്ഞ് സർക്കാർ എന്ന തലക്കെട്ടിൽ ഇന്ന് മനോരമ പ്രസിദ്ധീകരിച്ച വാർത്തയാണ് വിമർശനത്തിന് കാരണമായത്.
ശബരി പദ്ധതിയുടെ ഭൂമി ഏറ്റെടുക്കൽ ചിലവിന്റെ പകുതി കേന്ദ്രം വഹിക്കണം എന്ന പുതിയ നിർദേശം വയ്ക്കാന്‍ കേരളം തയ്യാറെടുക്കുന്നു എന്ന വാർത്ത തെറ്റിദ്ധാരണജനകമാണെന്ന് മുഖ്യമന്ത്രി പത്രക്കുറിപ്പ് പുറത്തിറക്കി. വാർത്തയിൽ പറയുന്നത് പോലെ സംസ്ഥാന സർക്കാരിന്റെ നിലപാടുകളിൽ യാതൊരു മലക്കം മറിച്ചിലുകളും ഉണ്ടായിട്ടില്ല.
പദ്ധതിക്ക് ചിലവാകുന്ന തുകയുടെ പകുതി കേരളം വഹിക്കുമെന്ന മുൻനിലപാടിൽ യാതൊരു മാറ്റവും വരുത്താൻ സർക്കാർ ഉദ്ദേശിക്കുന്നില്ല.
വാർത്ത നൽകും മുൻപ് സർക്കാരിൻ്റെ വിശദീകരണം കേൾക്കാതെ പദ്ധതിയിൽ നിന്ന് കേരളം പിൻവാങ്ങുന്നു എന്ന മനോരമ വാർത്ത അവാസ്തവും തെറ്റിധാരണജനകവുമാണെന്നും മുഖ്യമന്ത്രി പറയുന്നു.
തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ സർക്കാരിന് എതിരായതും വാസ്തവ വിരുദ്ധമായതുമായ വാർത്തകൾക്ക് കൈയ്യോടെ മറുപടി നൽകാനാണ് സർക്കാർ തീരുമാനം. ഇതിന്റെ ആദ്യ പടിയായാണ് മനോരമ വാർത്തയ്ക്ക് ഉരുളയ്ക്ക് ഉപ്പേരി പോലുള്ള മുഖ്യമന്ത്രിയുടെ മറുപടി.
ശബരി പദ്ധതിയിൽ മുടക്കുന്ന 50% സംസ്ഥാന വിഹിതം സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ നിന്നും ഒഴിവാക്കണമെന്ന് മാത്രമാണ് നേരത്തേ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരുന്നതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.
ഇങ്ങനെ ഒരേ ഒരു നിർദ്ദേശം മാത്രമേ മുന്നോട്ട് വെച്ചിട്ടുള്ളൂ. അക്കാര്യം അനുഭാവപൂർവം കേന്ദ്ര സർക്കാർ പരിഗണിക്കുമെന്നാണ് കേരളം പ്രതീക്ഷിക്കുന്നത്. 25 വർഷത്തിലേറെയായി മുടങ്ങിക്കിടന്ന ഈ പദ്ധതി പുനരാരംഭിക്കുന്നതിന് കേന്ദ്ര റെയിൽവേ മന്ത്രിയുമായി ജൂണിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.
ചർച്ചയുടെ അടിസ്ഥാനത്തിൽ പദ്ധതിക്ക് വേണ്ടി ഭൂമി ഏറ്റെടുക്കലും മറ്റും ചർച്ച ചെയ്യുവാനായി റെയിൽവേ ചുമതലയുള്ള സംസ്ഥാന മന്ത്രി വി. അബ്ദുറഹ്മാൻ ജൂലൈയിൽ യോഗം വിളിച്ചിരുന്നു.
ഭൂമി ഏറ്റെടുക്കൽ യൂണിറ്റുകൾ പുനഃസ്ഥാപിക്കുവാനും പുതുക്കിയ അലൈൻമെന്റ് അന്തിമമാക്കാനും എറണാകുളം, ഇടുക്കി, കോട്ടയം ജില്ലാ കളക്ടർമാരോട് രേഖാമൂലം നിർദ്ദേശിച്ചു.
സംസ്ഥാന സർക്കാർ പങ്കിടാമെന്ന് ഏറ്റിട്ടുള്ള പദ്ധതി അടങ്കലിന്റെ 50% തുകയിൽ നിന്നും പണം കണ്ടെത്തി കൊണ്ട് ഭൂമി ഏറ്റെടുക്കൽ ആരംഭിക്കുന്ന മുറയ്ക്ക് പദ്ധതിയുടെ പ്രവർത്തനങ്ങൾ പുനരാരംഭിക്കാം എന്നാണ് കേന്ദ്ര റെയിൽവേ മന്ത്രി ഉറപ്പ് തന്നിട്ടുള്ളത്.
റെയിൽവേ ബോർഡ് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിലും ഈ കാര്യം വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര സർക്കാർ നൽകിയ ഉറപ്പിൻ്റെ കൂടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ സംസ്ഥാന സർക്കാർ ഭൂമി ഏറ്റെടുക്കൽ നടപടികൾ പുനരാരംഭിക്കുവാനുള്ള നിർദ്ദേശങ്ങൾ ബന്ധപ്പെട്ട ജില്ലാ കളക്ടർമാർക്ക് നൽകിയിട്ടുള്ളത്.
പുതുക്കിയ എസ്റ്റിമേറ്റ് തുക അനുസരിച്ച് 3,810 കോടി രൂപയുടെ 50% ആയ 1,905 കോടി രൂപയാണ് സംസ്ഥാനം വഹിക്കേണ്ടത്. ഇതിൽ നിന്നും തുക കണ്ടെത്തി ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിക്കുന്നതിനു നിലവിൽ തടസ്സങ്ങൾ ഒന്നും തന്നെയില്ല.
ബന്ധപ്പെട്ട ജില്ലാ കളക്ടർമാർ ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിക്കുന്ന മുറക്ക് അക്കാര്യം കേന്ദ്ര റെയിൽവേ മന്ത്രാലയത്തിനെ അറിയിച്ചുകൊണ്ട് പദ്ധതി പുനരുജ്ജീവിപ്പിക്കുവാനും സമയബന്ധിതമായി പൂർത്തിയാക്കുവാനും കഴിയുമെന്നാണ് സംസ്ഥാന സർക്കാർ പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം ശബരി റെയിൽവേ ഇല്ലാത്ത അയ്യപ്പ സംഗമം അപ്രസക്തമാണെന്ന് ശബരി റെയിൽ ആക്ഷൻ കൗൺസിലുകളുടെ സംസ്ഥാന ഫെഡറേഷൻ ചൂണ്ടിക്കാട്ടുന്നു.
ശബരിമല തീർഥാടകർക്ക് യാത്രാ സൗകര്യം ഒരുക്കുന്നതിനായി 1997 ൽ അനുവദിച്ച അങ്കമാലി -ശബരി റെയിൽവേ നിർമ്മിക്കുന്നതിനെ കുറിച്ചും പദ്ധതിയ്ക്ക് വേണ്ടി സ്ഥലമെടുത്തു കൊടുക്കുന്നതിനെക്കുറിച്ചുമുള്ള തീരുമാനം അയ്യപ്പസംഗമത്തിൽ ഉണ്ടാവണം.
കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഏറ്റവും മുൻഗണന കൊടുത്തു നടപ്പാക്കുന്ന റെയിൽവേ പദ്ധതിയെന്ന് പല തവണ പ്രഖ്യാപിച്ചെങ്കിലും പദ്ധതി ചിലവ് പങ്കിടുന്നതിന് റെയിൽവേയുമായി ത്രികക്ഷി കരാർ ഒപ്പിടുകയോ സ്ഥലമെടുപ്പ് പുനരാരംഭിക്കുന്നതിന് ഉത്തരവിടുകയോ സംസ്ഥാന സർക്കാർ ഇതുവരെയും ചെയ്തിട്ടില്ല.
ജൂലൈയിൽ ശബരി റെയിൽവേയ്ക്ക് വേണ്ടിയുള്ള സ്ഥലമെടുപ്പ് തുടങ്ങുമെന്ന് മുഖ്യമന്ത്രിയും സംസ്ഥാന റെയിൽവേ മന്ത്രിയും കേന്ദ്ര റെയിൽവേ മന്ത്രിയെ കണ്ടതിന് ശേഷം പ്രഖ്യാപിച്ചെങ്കിലും സ്ഥലമെടുപ്പ് നടപടികൾ ഇതുവരെയും ആരംഭിച്ചിട്ടില്ല.
പെരുമ്പാവൂർ, മുവാറ്റുപുഴ , തൊടുപുഴ,പാലാ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിരുന്ന സ്ഥലമെടുപ്പ് ഓഫീസുകളുടെ പ്രവർത്തനം പുനരാരംഭിക്കാൻ ഒരു നടപടിയും ഉണ്ടായിട്ടില്ല.
സംസ്ഥാന സർക്കാർ സ്ഥലമെടുപ്പ് നടപടികൾ ആരംഭിച്ചാൽ പദ്ധതി മരവിപ്പിച്ചത് മാറ്റാമെന്ന് റെയിൽവേ ബോർഡ് സംസ്ഥാന സർക്കാരിന് കത്ത് കൊടുത്തിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും സ്ഥലമെടുപ്പിന് മന്ത്രിസഭാ തീരുമാനമോ ക്യാബിനറ്റ് നോട്ടോ ഉണ്ടാകാത്തത് സംശയകരമാണ്.
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ദിവസങ്ങളോളം ഉറങ്ങാതെ അയ്യപ്പദർശനത്തിനായി റോഡ് മാർഗം യാത്ര ചെയ്യുന്ന ശബരിമല തീർത്ഥാടകർ അപകടത്തിപ്പെടുന്നത് ഒഴിവാക്കുന്നതിനാണ് അങ്കമാലി - ശബരി റെയിൽവേ പദ്ധതി അനുവദിച്ചത്.
264 കോടി രൂപ ചിലവഴിച്ചു അങ്കമാലി മുതൽ കാലടി വരെ റെയിൽവേ പാതയും കാലടി റെയിൽവേ സ്റ്റേഷനും ഒരു കിലോ മീറ്റർ ദൈർഘ്യമുള്ള പെരിയാർ റെയിൽവേ പാലവും നിർമ്മിച്ചത് ഉപയോഗിക്കാതെ വർഷങ്ങളായി വെറുതെ കിടക്കുകയാണ്.
അങ്കമാലി -ശബരി റെയിൽ പദ്ധതിയ്ക്ക് സ്ഥലമെടുക്കുന്നതിന് 70 കിലോമീറ്റർ ദൂരത്തിൽ നിർദിഷ്ട്ട രാമപുരം റെയിൽവേ സ്റ്റേഷൻ വരെ കല്ലിട്ട് തിരിച്ചതും തൊടുപുഴ സ്റ്റേഷൻ വരെ സാമൂഹ്യ ആഘാത പഠനം നടത്തിയതുമാണ്.
പദ്ധതിയ്ക്ക് കല്ലിട്ടു തിരിച്ച സ്ഥലം ചികിത്സയ്‌ക്കോ മക്കളുടെ വിവാഹത്തിനോ വിദ്യാഭ്യാസത്തിനോ വേണ്ടി വിൽക്കാനോ ഈട് വെച്ചു ലോൺ എടുക്കാനോ കഴിയാതെ സ്ഥമുടമകൾ ദുരിതമനുഭിക്കുകയാണ്.
അയ്യപ്പ ഭക്തർക്ക് വേണ്ടി ശബരി റെയിൽവേ നടപ്പാക്കുന്നതിന് സ്ഥലമേടുപ്പ് ഉടൻ ആരംഭിക്കുന്നതിനുള്ള നടപടികളും സംസ്ഥാന സർക്കാരിന് ഏതെങ്കിലും വിധത്തിലുള്ള സാമ്പത്തീക പ്രതിസന്ധി ഉണ്ടെങ്കിൽ അയൽ സംസ്ഥാനങ്ങളുടെ സഹായത്തോടെ സംസ്ഥാന വിഹിതം സമാഹരിക്കാനുള്ള തീരുമാനവും അയ്യപ്പ സംഗമത്തിൽ ഉണ്ടാവണമെന്ന് ശബരി റെയിൽ ആക്ഷൻ കൗൺസിലുകളുടെ സംസ്ഥാന ഫെഡറേഷൻ ആവശ്യപ്പെട്ടു