നേതാക്കളുടെ അഹന്ത പാർട്ടിയെ ജനങ്ങളിൽ നിന്ന് അകറ്റിയെന്ന്‌ സിപിഎം കേന്ദ്രകമ്മിറ്റി പരസ്യമായി പറഞ്ഞിട്ടും തിരുത്തലിൻെറ നേരിയ സൂചന പോലും നൽകാതെ മുഖ്യമന്ത്രി; നിയമസഭയിലെ പിണറായിയുടെ പ്രതികരണങ്ങളിൽ തെളിയുന്നത് ഇതേ ശൈലിയിൽ മുന്നോട്ട് പോകുമെന്ന സന്ദേശം; പാർട്ടിക്ക് അതീതനായി നീങ്ങുന്ന മുഖ്യമന്ത്രിയെ നിയന്ത്രിക്കാനാവാതെ സിപിഎം ദേശീയ-സംസ്ഥാന നേതൃത്വങ്ങൾ

ഭരണത്തിലും പെരുമാറ്റത്തിലും തിരുത്തൽ വേണമെന്ന  സി.പി.എം കേന്ദ്രകമ്മിറ്റിയുടെ വിലിയിരുത്തൽ വന്നിട്ടും അതിൻെറ ലാഞ്ചന പോലും കാണിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ

New Update
pinarayi vijayan

തിരുവനന്തപുരം: ഭരണത്തിലും പെരുമാറ്റത്തിലും തിരുത്തൽ വേണമെന്ന  സി.പി.എം കേന്ദ്രകമ്മിറ്റിയുടെ വിലിയിരുത്തൽ വന്നിട്ടും അതിൻെറ ലാഞ്ചന പോലും കാണിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ. അടി മുതൽ മുടി വരെയുളള നേതാക്കളുടെ ധാർഷ്ട്യവും അഹന്തയുമാണ് കേരളത്തിലെ   പാ‍‌ർട്ടിയിൽ നിന്ന് ജനങ്ങളെ അകറ്റിയതെന്ന വിലയിരുത്തലിലൂടെ  കേന്ദ്രകമ്മിറ്റി ലക്ഷ്യം വെച്ചത് മുഖ്യമന്ത്രിയെ തന്നെയാണെന്ന് വ്യക്തമായിട്ടും സ്വയംവിമർശനപരമായ പരിശോധനക്ക് തയാറാകാത്തതാണ് സി.പി.എമ്മിനെ പ്രതിസന്ധിയിലാക്കുന്നത്.

Advertisment

രാജ്യത്തെ ഏക ഇടതുപക്ഷ സർ‍ക്കാരിനെ നയിക്കുന്ന പാർട്ടി  പൊളിറ്റ് ബ്യൂറോ അംഗം കൂടിയായ നേതാവ് പാ‍ർട്ടിക്ക് വഴങ്ങാതെ നിൽക്കുന്നു എന്ന പ്രതീതിയാണ് മുഖ്യമന്ത്രി പിണറായിയുടെ സമീപകാല സമീപനത്തിലൂടെ ഉണ്ടായിരിക്കുന്നത്.

നിയമസഭയിൽ പ്രതിപക്ഷത്തിൻെറ വിമർശനങ്ങളോട് പ്രതികരിക്കുമ്പോഴും സർക്കാരിൻെറ നിലപാട് പ്രഖ്യാപിക്കുമ്പോഴും എല്ലാം ധാർഷ്ട്യം നിറഞ്ഞ പരാമർശങ്ങളാണ്  മുഖ്യമന്ത്രിയിൽ നിന്ന് ഉണ്ടാകുന്നത്. നവകേരളസദസ് പരിപാടിക്കിടെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡി.വൈ.എഫ്.ഐ പ്രവർത്തകരെ  ചെടിച്ചട്ടി കൊണ്ട് തലയ്ക്കടിച്ചതിനെ രക്ഷാപ്രവർത്തനമെന്ന് വീണ്ടും ന്യായീകരിച്ച നടപടിയും തിരുത്തലിന് തയാറല്ലെന്ന സന്ദേശമാണ് നൽകുന്നത്.


യൂത്ത് കോൺഗ്രസ് പ്രവ‍ർത്തകരെ മർദ്ദിച്ചതിനെ രക്ഷാപ്രവർത്തനമെന്ന് ന്യായീകരിച്ച  പ്രതികരണം ജനങ്ങൾക്കിടയിൽ അമർഷം ഉണ്ടാക്കിയത് തിരഞ്ഞെടുപ്പ് തോൽവിയിൽ പങ്കുവഹിച്ചെന്ന് എല്ലാ ജില്ലാ കമ്മിറ്റികളിലും വിമർശനം ഉയർന്ന ശേഷമാണ് അതേ നിലപാടിയിൽ തന്നെയാണ് താനെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.


 പാർട്ടി കമ്മിറ്റികളിൽ ഉയരുന്ന വിമർശനങ്ങൾ ഉൾക്കൊണ്ട് തിരുത്താൻ തയാറല്ലെന്ന്  പറയുന്നതിനൊപ്പം അതിനെയൊന്നു പരിഗണിക്കുന്നില്ലെന്ന സന്ദേശം കൂടിയാണ് മുഖ്യമന്ത്രി നൽകുന്നത്. പാർട്ടിയ്ക്കും മേലേക്ക് വളർന്ന മുഖ്യമന്ത്രിയെ തിരുത്താനോ ശരിയായ ദിശ കാട്ടികൊടുക്കാനോ പാർട്ടി നേതൃത്വത്തിനും കഴിയുന്നില്ല. മുഖ്യമന്ത്രിയ്ക്ക് നേരെ നേരിയ വിമർശനം പോലും വരാതിരിക്കാൻ ശ്രദ്ധിച്ച് പോകുക മാത്രം ചെയ്യുന്ന സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനിൽ നിന്ന് അതിൽ കൂടതൽ പ്രതീക്ഷിക്കുകയും വയ്യ.

കേരളത്തിലെ പാർട്ടിയുടെ മേൽത്തട്ട് മുതൽ താഴെത്തട്ട് വരെയുള്ള കേഡർമാരുടെ ധാർഷ്ട്യം പാർട്ടിയെ ജനങ്ങളിൽ നിന്ന് അകറ്റിയെന്ന കേന്ദ്രകമ്മിറ്റിയുടെ വിലയിരുത്തൽ മുഖ്യമന്ത്രിയെ ഉദ്ദേശിച്ചുളളതല്ലെന്ന് സ്ഥാപിക്കാനാണ് എം.വി.ഗോവിന്ദൻ ഇന്നും പത്രസമ്മേളനത്തിൽ ഏറെ സമയം ചെലവിട്ടത്. അഹന്ത പോലുളള തെറ്റായ പ്രവണതകൾ ഇല്ലാതാക്കാൻ  നല്ല ആസൂത്രണത്തോടെയുളള  തിരുത്തൽ വേണമെന്നാണ് കേന്ദ്രകമ്മിറ്റി ആവശ്യപ്പെടുന്നത്.

2006-11 കാലത്ത് വി.എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് സംസ്ഥാന സർക്കാരിൻെറ പൂർണ നിയന്ത്രണം പാർട്ടിക്കായിരുന്നു. മന്ത്രിസഭയിലെ ഔദ്യോഗിക പക്ഷക്കാരായ കോടിയേരി ബാലകൃഷ്ണൻ, തോമസ് ഐസക്ക്, എളമരം കരിം, എ.കെ.ബാലൻ തുടങ്ങിയ മന്ത്രിമാരിലൂടെ മുഖ്യമന്ത്രി വി.എസിന് കൂച്ചുവിലങ്ങിടാനാണ് അന്ന് പാർട്ടി സെക്രട്ടറി ആയിരുന്ന പിണറായി വിജയൻ ശ്രമിച്ചത്.


മുഖ്യമന്ത്രിയെ ഔദ്യോഗിക വസതിയിൽ സന്ദ‍ർശിക്കാൻ വരുന്നവരെ നിരീക്ഷിച്ചും ചില സന്ദർശകർ‍ക്ക് വിലക്ക് ഏർപ്പെടുത്തിയും ഒക്കെയാണ് അന്നത്തെ പാർട്ടി വി.എസ് സർക്കാരിനെ വരിഞ്ഞുമുറുക്കിയത്.


മൂന്നാർ ഒഴിപ്പിക്കലും സംസ്ഥാന താൽപര്യം പൂർണമായും പാലിച്ചുകൊണ്ട് സ്മാർട്ട് സിറ്റി പദ്ധതിയുടെ കരാർ ഒപ്പിട്ടപ്പോഴുമെല്ലാം ഇതൊന്നും ഒരാളുടെ മാത്രം കഴിവല്ലെന്ന് പരസ്യമായി പറയാൻ അന്നത്തെ പാർട്ടി സെക്രട്ടറി പിണറായി തന്നെ മുന്നോട്ട് വന്നിരുന്നതും ചരിത്രമാണ്.

നായനാർ അനുസ്മരണ ദിവസം കണ്ണൂർ പയ്യാമ്പലത്തെ നായനാർ സ്മാരക സ്തൂപത്തിന് മുന്നിൽ നിന്നായിരുന്നു പിണറായിയുടെ പ്രഖ്യാപനം. ഇതെല്ലാം ഒരാളുടെ മാത്രം കഴിവാണെന്ന് കരുതുന്നവരുണ്ടെങ്കിൽ അവർക്ക് നല്ല നമസ്കാരം എന്നായിരുന്നു പിണറായിയുടെ അന്നത്തെ പരാമർശം. ഇതിലെ നല്ല നമസ്കാരം പരമാർശം പിന്നീട് അവസരത്തിലും അനവസരത്തിലും ഉപയോഗിക്കുന്ന ട്രോൾ ഭാഷയായി മാറിയതും ചരിത്രം.

വി.എസ് സർക്കാരിനെ വരിഞ്ഞു മുറുക്കി നിർത്തിയ പാർട്ടി സെക്രട്ടറി മുഖ്യമന്ത്രിയായി മാറിയപ്പോൾ പാർട്ടിക്ക് വിധേയനായി പ്രവർത്തിക്കുന്നില്ലെന്ന ആക്ഷേപമാണ് പിണറായി വിജയൻ നേരിടുന്നത്. സംസ്ഥാനത്തെ പാർട്ടി നേതൃത്വം മുഖ്യമന്ത്രിയെ തിരുത്താൻ ഭയപ്പെട്ട് അറച്ച് നിൽക്കുമ്പോൾ ഇടപെടേണ്ട ദേശീയ നേതൃത്വവും കാഴ്ചക്കാരായി നിൽക്കുന്നതാണ് സി.പി.എം നേരിടുന്ന ദുര്യോഗം.

തിരഞ്ഞെടുപ്പ് തോൽവിയിൽ നേതാക്കളുടെ ധാർഷ്ട്യവും അഹന്തയും വലിയ പങ്കുവഹിച്ചെന്ന് തുറന്ന് പറയാൻ ധൈര്യം കാണിച്ചത് മാത്രമാണ് ദേശീയ നേതൃത്വത്തിൽ നിന്നുണ്ടായ പ്രതീക്ഷ പകരുന്ന ഏക നടപടി. സംസ്ഥാന സർക്കാരിൻെറ പ്രവർത്തനം മെച്ചപ്പെടുത്താനുളള മാർഗ രേഖയും അനുബന്ധ നടപടികളും ചർച്ച ചെയ്യാൻ ഈമാസം 19, 20, 21 തീയതികളിൽ ചേരുന്ന സംസ്ഥാന കമ്മിറ്റിയിലെങ്കിലും ദേശീയ നേതൃത്വം കർശന നിലപാട് സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് പാർട്ടി ജില്ലാ നേതാക്കളും പ്രവർത്തകരും.

Advertisment