/sathyam/media/media_files/2025/09/29/cmtovino-1759155008197-e5adcc91-2989-4734-bb50-638a32f90c28-900x506-2025-09-29-23-00-46.jpg)
തിരുവനന്തപുരം: ജനങ്ങളും സർക്കാരുമായി നേരിട്ട് സംവദിക്കുന്നതിനുള്ള കേരളത്തിന്റെ പുതിയ വേദിക്ക് വൻ സ്വീകരണം.
'സിറ്റിസൺ കണക്ട് സെന്റർ' പ്രവർത്തനം ആരംഭിച്ച ആദ്യ മണിക്കൂറുകളിൽ തന്നെ ജനകീയ പ്രശ്‌നങ്ങൾക്ക് അതിവേഗം പരിഹാരം തേടി ലഭിച്ചത് 753 കോളുകൾ.
സിറ്റിസൺ കണക്ട് സെന്ററിലേക്ക് ആദ്യമായി വിളിച്ച വ്യക്തി സിനിമാ താരം ടോവിനോ തോമസ് ആയിരുന്നു. ടോവിനോയുമായി മുഖ്യമന്ത്രി നേരിട്ട് സംസാരിക്കുകയും പദ്ധതിക്ക് എല്ലാവിധ ആശംസകളും താരം അറിയിക്കുകയും ചെയ്തു.
തുടർന്ന് വന്ന മൂന്ന് കോളുകൾ മുഖ്യമന്ത്രി നേരിട്ട് സ്വീകരിച്ച് ജനങ്ങളുടെ പരാതികളും ആവശ്യങ്ങളും ചോദിച്ചറിഞ്ഞു. അടിയന്തര നടപടികൾക്ക് അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുകയും ചെയ്തു.
മുഖ്യമന്ത്രി രണ്ടാമതായി സ്വീകരിച്ച കോൾ കോഴിക്കോട് സ്വദേശി അനിതയുടേതായിരുന്നു. വൃക്കരോഗത്തിന് ചികിത്സയിലുള്ള അനിത, വാടകവീട്ടിൽ താമസിക്കുന്നതിനാൽ തുടർചികിത്സാ സഹായം ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രിയെ വിളിച്ചത്.
അനിതയുടെ വിഷയത്തിൽ അടിയന്തിര സഹായം ഉറപ്പാക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി. കൊച്ചി കോർപ്പറേഷൻ നിർമ്മിച്ച് നൽകിയ ഫ്ലാറ്റിന് സർക്കാരിന് നന്ദി അറിയിച്ച അബു, ഫ്ലാറ്റിൽ കെ-ഫോൺ കണക്ഷൻ ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
ഉടൻ തന്നെ, അബുവിന് കണക്ഷൻ ലഭ്യമാക്കാനുള്ള നടപടികൾ പരിശോധിക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി. നാലാമതായി വിളിച്ച ചെറുതാഴം സ്വദേശി ഡെയ്‌സി, ലൈഫ് മിഷൻ പദ്ധതി പ്രകാരം വീട് അനുവദിച്ചതിന് മുഖ്യമന്ത്രിയോട് നന്ദി അറിയിച്ചതും ശ്രദ്ധേയമായി.
ജനങ്ങൾക്ക് 1800-425-6789 എന്ന ടോൾഫ്രീ നമ്പറിലൂടെ സിറ്റിസൺ കണക്ട് സെന്ററിലേക്ക് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പരാതികളും അറിയിക്കാം.
ജനകീയ വിഷയങ്ങളിൽ അതിവേഗ പരിഹാരം എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ സംരംഭം, തുടക്കം മുതൽ തന്നെ നല്ല പ്രതികരണം ലഭിച്ചത് സർക്കാരിൻെറ ആത്മ വിശ്വാസം വർദ്ധിപ്പിച്ചിട്ടുണ്ട്.
സി എം വിത്ത് മി പരിപാടിയുടെ കാര്യക്ഷമതയ്ക്കായി വിദഗ്ദ്ധ ഉദ്യോഗസ്ഥരുടെ പിന്തുണയും പരിചയ സമ്പന്നരായ ഉദ്യോഗസ്ഥരുടെ മേൽനോട്ടവുമുണ്ടാകും.
പോലീസ് മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ പോലീസിലെ തന്നെ 10 പേരടങ്ങുന്ന ടീം ഇതിലുണ്ടാകും. എല്ലാ വകുപ്പുകളിൽ നിന്നുമുള്ളവരുണ്ടാകും.
ചീഫ് സെക്രട്ടറി ഏകോപന ചുമതലയും മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി പരിപാലന ചുമതലയും വഹിക്കും.
എല്ലാ ജില്ലകളിലും നോഡൽ ഓഫീസുകളുണ്ടാകും. കോൾ സെന്ററിന് രണ്ട് ലെയർ ഉണ്ടാകും. ജനങ്ങളുടെ പരാതികൾ സ്വീകരിക്കുന്ന റിസീവിങ് ലെയർ 24 മണിക്കൂറും പ്രവർത്തിക്കും.
ഒരേസമയം 10 കോളുകൾ കൈകാര്യം ചെയ്യാൻ സൗകര്യമുണ്ടാകും. പരാതികൾ ക്ഷമയോടെ കേട്ട് രേഖപ്പെടുത്തുന്നവരുണ്ടാകും. രണ്ടാം ലെയർ വകുപ്പുതല പരിഹാരത്തിന്റേതാണ്.
തദ്ദേശ സ്വയംഭരണം, റവന്യൂ, ഹോം, സഹകരണ വകുപ്പുകളിൽ നിന്ന് രണ്ട് വീതവും മറ്റ് 22 പ്രധാന വകുപ്പുകളിൽ നിന്ന് ഓരോരുത്തർ വീതവും ഈ ലെയറിലുണ്ടാകും.
ആദ്യ ലെയറിൽ നിന്ന് പരാതി രണ്ടാം ലെയറിലെത്തും. അവിടെ നിന്ന് നിശ്ചിത സമയത്തിനുള്ളിൽ മറുപടി ലഭിക്കും.