/sathyam/media/media_files/2025/10/11/cage-fish-farming-representative-image-2025-10-11-20-54-15.jpeg)
കൊച്ചി: രാജ്യത്തെ മാരികൾച്ചർ (സമുദ്രകൃഷി) ഉൽപാദനം നിലവിലെ ഒന്നര ലക്ഷം ടണ്ണിൽ നിന്നും 2047 ഓടെ 25 ലക്ഷം ടണ്ണായി ഉയർത്താൻ ലക്ഷ്യമിട്ട് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). ഇന്ത്യയുടെ സമുദ്രമത്സ്യ മേഖലയിലെ അടുത്ത ഏറ്റവും വലിയ മുന്നേറ്റം സമുദ്രകൃഷിയായിരിക്കുമെന്നും ഈ രംഗത്ത് മികച്ച സാധ്യതയാണ് ഇന്ത്യക്കുള്ളതെന്നും സിഎംഎഫ്ആർഐ ഡയറക്ടർ ഡോ ഗ്രിൻസൺ ജോർജ് പറഞ്ഞു.
കൂടുമത്സ്യകൃഷി, ഒന്നിലധികം കൃഷിരീതികൾ സംയോജിപ്പിച്ചുള്ള നൂതന മത്സ്യകൃഷിയായ ഇംറ്റ തുടങ്ങിയ നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ഉത്പാദനം വർധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
ഇന്ത്യയിൽ പ്രതിവർഷം ശരാശരി 35 ലക്ഷം ടൺ മത്സ്യമാണ് കടലിൽ നിന്നും പിടിക്കുന്നത്. കാലാവസ്ഥാ വ്യതിയാനവും വിഭവ ശോഷണവും കാരണം മത്സ്യോൽപാദനംന കൂട്ടാൻ സമുദ്രമത്സ്യകൃഷി പോലുള്ള ബദൽ മാർഗങ്ങൾ ആവശ്യമായി വന്നിരിക്കുകയാണ്. ഇന്ത്യൻ സാഹചര്യങ്ങൾക്ക് അനുയോജ്യമായ നിരവധി സമുദ്രമത്സ്യകൃഷി സാങ്കേതികവിദ്യകൾ സിഎംഎഫ്ആർഐ വികസിപ്പിച്ചിട്ടുണ്ട്. ഇത് ഉൽപാദനക്ഷമത വർധിപ്പിക്കുന്നതിനും മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗങ്ങൾ മെച്ചപ്പെടുത്തുന്നതിനും സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സമുദ്രമത്സ്യകൃഷിയിലെ മറ്റൊരു പ്രധാന ഘടകമായ കടൽപ്പായൽ കൃഷിയിൽ രാജ്യത്തിന് വലിയ സാധ്യതകളുണ്ട്. ആഗോളതലത്തിൽ കടൽപ്പായൽ ഉത്പാദനം മൂന്നര കോടി ടണ്ണാണ്. എന്നാൽ ഇന്ത്യയിൽ ഇവയുടെ ഉൽപാദനം വളരെ കുറവാണ്. വർധിച്ചുവരുന്ന വ്യാവസായിക ഔഷധ നിർമാണ ആവശ്യങ്ങൾ നിറവേറ്റുന്നതിന് കുറഞ്ഞത് 50 ലക്ഷം ടൺ കടൽപ്പായലെങ്കിലും ആഭ്യന്തരമായി ഉൽപാദിപ്പിക്കാൻ രാജ്യത്തിന് കഴിയും.മാരികൾച്ചർ രംഗത്ത് സുസ്ഥിര നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന് ദേശീയ സമുദ്രമത്സ്യകൃഷി നയം ആവശ്യമാണെന്നും സിഎംഎഫ്ആർഐ ഡയറക്ടർ പറഞ്ഞു.
കല്ലുമ്മക്കായ-ഓയിസ്റ്റർ കൃഷി, കൂടുമത്സ്യകൃഷി, പെൻ കൾച്ചർ, ബയോളോക് സാങ്കേതികവിദ്യ, പട്ടാളപ്പുഴു ഉപയോഗിച്ചുള്ള മത്സ്യത്തീറ്റ നിർമ്മാണം തുടങ്ങിയ വിഷയങ്ങളിൽ മത്സ്യകർഷകർക്ക് പരിശീലനം നൽകി. പട്ടിക വിഭാഗങ്ങളിൽ പെട്ടവർക്ക് മത്സ്യബന്ധന, കാർഷിക ഉപകരണങ്ങൾ സൗജന്യമായി വിതരണം ചെയ്തു. ഡോ കെ. മധു, ഡോ വിദ്യ ആർ, ഡോ. സനൽ എബനീസർ, ഡോ സാജു ജോർജ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.