Advertisment

പൊതുജനശ്രദ്ധ നേടി സിഎംഎഫ്ആർഐ മേള; ആഴക്കടൽ മത്സ്യബന്ധന ഗവേഷണ പദ്ധതി; സമാപനദിനമായ തിങ്കളാഴ്ച കൗതുകമുണർത്തുന്ന കടലറിവുകളുടെ പ്രദർശനം

New Update
cmri

കൊച്ചി: സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) നടക്കുന്ന ത്രിദിന മത്സ്യമേളയിൽ പൊതുജന ശ്രദ്ധ നേടി ഇന്ത്യയുടെ ആഴക്കടൽ മത്സ്യബന്ധന ഗവേഷണ പദ്ധതി. ഏറെ സാധ്യതകളുള്ള ആഴക്കടലിലെ മത്സ്യവൈവിധ്യങ്ങൾ വേണ്ടവിധം പ്രയോജനപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടതാണ്  സംയുക്ത ഗവേഷണ പദ്ധതി.

Advertisment

ഇന്ത്യൻ സമുദ്രാതിർത്തിയിലെ ആഴക്കടലിൽ ഗണ്യമായ മത്സ്യസമ്പത്തുണ്ട്. എന്നാൽ, ഇവ പിടിക്കപ്പെടാതെ കിടക്കുകയാണ്. ഇരുന്നൂറ് മീറ്റർ മുതൽ ആയിരം മീറ്റർ വരെ ആഴമുള്ള ഭാഗങ്ങളിൽ കാണപ്പെടുന്ന മിസോപെലാജിക് മത്സ്യങ്ങളെ മത്സ്യത്തീറ്റ ഉൾപ്പെടെയുള്ള നിരവധി ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്താനുള്ള ഗവേഷണ-വികസന ശ്രമങ്ങളാണ് സിഎംഎഫ്ആർഐയുടെ നേതൃത്വത്തിൽ നടന്നുവരുന്നത്.

cmfre mela

മെഴുക് ധാരാളമടങ്ങിയിരിക്കുന്നതിനാൽ ഇവ മനുഷ്യർക്ക് ഭക്ഷ്യയോഗ്യമല്ല. എന്നാൽ, മത്സത്തീറ്റക്ക് ഇവയെ ഉപയോഗിക്കുന്നതിലൂടെ ഈ ആവശ്യങ്ങൾക്ക് തീരക്കടലുകളിലെ മത്തി പോലുള്ള വാണിജ്യമത്സ്യങ്ങളെ അമിതമായി ആശ്രയിക്കുന്നത്  തടയാനാകും. തീരക്കടലുകളിലെ മീനുകളിന്മേലുള്ള അമിത സമ്മർദം ഒഴിവാക്കി സുസ്ഥിരത മെച്ചപ്പെടുത്തുകയാണ് ഈ സംയുക്ത പദ്ധതിയുടെ ലക്ഷ്യം.

ഫാറ്റി ആസിഡുകളും കൊഴുപ്പുകളും കൊണ്ട് സമ്പന്നമാണ് മിസോപെലാജിക് മത്സ്യങ്ങൾ. ഇവ വ്യാവസായിക, ഔഷധ, ന്യൂട്രാസ്യൂട്ടിക്കൽ ആവശ്യങ്ങൾക്ക് ഏറെ പ്രയോജനകരമാകുമെന്നാണ് കരുതുന്നത്. ഇവയുടെ സാധ്യതകളും വെല്ലുവിളികളും വിലയിരുത്തും.


സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി, ബോട്ടുടമകൾ, മത്സ്യത്തൊഴിലാളികൾ, വ്യവസായികൾ എന്നിവരടങ്ങുന്നതാണ് സംയുക്ത പദ്ധതി. ഇന്ത്യയുടെ ആഴക്കടൽ മത്സ്യസമ്പത്ത് പ്രയോജനപ്പെടുത്തുമെന്ന കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തോടെ ഈ പദ്ധതിക്ക് കൂടുതൽ പ്രാധാന്യ കൈവന്നിരിക്കുന്നുവെന്ന് സിഎംഎഫ്ആർഐ ഡയറക്ടർ ഡോ ഗ്രിൻസൺ ജോർജ് പറഞ്ഞു.


ആഴക്കടൽ മത്സ്യബന്ധനത്തിന് ഏറെ സാധ്യതകളുണ്ട്. നിലവിൽ, മീൻപിടുത്തം പ്രധാനമായും 200 നോട്ടിക്കൽ മൈൽ ദൂരപരിധിയിലുള്ള തീരക്കടലിലാണ് നടന്നുവരുന്നത്. ആഴക്കടൽ മത്സ്യയിനങ്ങൾ പിടിക്കുന്നതിന് പ്രത്യേക യാനങ്ങൾ, സാങ്കേതികവൈദഗ്ധ്യം, മാനേജ്മെന്റ് രീതികൾ എന്നിവ ആവശ്യമാണെന്നും ഡോ ഗ്രിൻസൺ ജോർജ് പറഞ്ഞു.

cmrfi125

മത്സ്യകർഷക സംഘങ്ങൾക്ക് വലകൾ നൽകി സിഎംഎഫ്ആർഐയുടെ ഷെഡ്യൂൾഡ് കാസ്റ്റ് സബ് പ്ലാനിന് കീഴിൽ പട്ടികജാതി വിഭാഗത്തിൽ പെട്ട വിവിധ മത്സ്യകർഷക സംഘങ്ങൾക്ക് വലകളും ത്രാസുകളും വിതരണം ചെയ്തു. കൂടുമത്സ്യകൃഷി, പെൻ കൾച്ചർ എന്നിവയിൽ ഉപയോഗിക്കുന്നതിനുള്ള രണ്ടിനം വലകളാണ് എട്ട് സ്വയം സഹായക സംഘങ്ങൾക്ക് നൽകിയത്.

മേളയുടെ സമാപനദിനമായ തിങ്കളാഴ്ച രാവിലെ 10 മുതൽ മൂന്ന് വരെ കൗതുകമുണർത്തുന്ന കടലറിവുകളുടെ പ്രദർശനമുണ്ടാകും. ആഴക്കടൽ കാഴ്ചകൾ സമ്മാനിക്കുന്ന സിഎംഎഫ്ആർഐയുടെ മ്യൂസിയം, മറൈൻ അക്വേറിയം, വിവിധ ലബോറട്ടറികൾ എന്നിവ പൊതുജനങ്ങൾക്കായി തുറന്നിടും.

Advertisment