വെളിച്ചെണ്ണയുടെ ഗുണനിലവാരം സംബന്ധിച്ച് സംശയം ഉണ്ടോ? ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നടപടിക്കു കാത്തിരിക്കേണ്ട, വീട്ടില്‍ തന്നെ മായം കലര്‍ന്നിട്ടുണ്ടോയെന്ന് പരിശോധിക്കാം

പാനിലേയ്ക്ക് വെളിച്ചെണ്ണയെടുത്ത് ചൂടാക്കാം. കരിഞ്ഞ മണം അനുഭവപ്പെടുന്നുണ്ടെങ്കില്‍ അതില്‍ മായം കലര്‍ന്നിട്ടുണ്ടാകാം

New Update
coconut oil

കോട്ടയം: വിലയില്‍ റെക്കോര്‍ഡ് കുതിപ്പു നടത്തുകയാണ് വെളിച്ചെണ്ണ. മില്ലുകളില്‍ നിന്നു 450-470 രൂപയ്ക്കും വരെയാണ് മില്ലുകളില്‍ നിന്നു കിട്ടുന്ന വെളിച്ചെണ്ണയ്ക്കു വില. പായ്ക്കറ്റ് വെളിച്ചെണ്ണയ്ക്കും നാനൂറിനു മുകളില്‍ നല്‍കണം.

Advertisment

ഇതോടെ ലാഭം കൊയ്യാന്‍ മായം കലര്‍ന്ന വെളിച്ചെണ്ണ വിപണിയില്‍ എത്തുന്നുണ്ട്. വില കുതിച്ചുയരുകയും ലഭ്യത കുറയുകയും ചെയ്തതോടെ തമിഴ്നാട്ടില്‍ നിന്നും വെളിച്ചെണ്ണയും കൊപ്രയും കേരളത്തിലേക്ക് ഒഴുകുന്നു. നിലവാരം കുറഞ്ഞതും മായം കലര്‍ന്നതും ഇതിനൊപ്പം എത്തുന്നുണ്ട്.


വയറിളക്കവും ഛര്‍ദ്ദിയും തുടങ്ങി ഗുരുതര രോഗങ്ങള്‍ വരെ വരാവുന്ന മായമാണ് വെളിച്ചെണ്ണയില്‍ ചേര്‍ക്കുന്നത്. പെട്രോളിയം ഉപോത്പന്നങ്ങള്‍ വെളിച്ചെണ്ണയെന്ന പേരില്‍ ലഭിക്കുന്നതും കെമിക്കല്‍ ട്രീറ്റ്‌മെന്റുകളുമാണ് ഇതിലെ ഏറ്റവും വലിയ പ്രശ്‌നം. ക്യാന്‍സറും പക്ഷാഘാതവും പോലുള്ള മാരകരോഗങ്ങള്‍ക്ക് ഇത് കാരണമാകാം.

പൂപ്പല്‍ കലര്‍ന്ന വെളിച്ചെണ്ണ ശരീരത്തിലെ വിറ്റാമിനുകള്‍ കുറയ്ക്കുകയും ആരോഗ്യം നഷ്ടപ്പെടുത്തുകയും രോഗപ്രതിരോധശേഷി ഇല്ലാതാക്കുകയും ചെയ്യും. വൃക്ക, കരള്‍ സംബന്ധമായ അസുഖങ്ങള്‍ക്കും ഈ മായം ചേര്‍ക്കലുകള്‍ കാരണമാകുന്നതായി പഠനങ്ങള്‍ ഉണ്ട്.

ഭക്ഷ്യസുരക്ഷാവകുപ്പ് സാംപിള്‍ പരിശോധനയിലൂടെ കേരഫെഡിന്റെ കേര വെളിച്ചെണ്ണയോടു സാമ്യമുള്ള പേരില്‍ 62 ബ്രാന്‍ഡുകളാണ് ഇതുവരെ കണ്ടെത്തി നിരോധിച്ചത്. വെളിച്ചെണ്ണയില്‍ 92 ശതമാനവും സാച്ചുറേറ്റഡ് ഫാറ്റി ആസിഡാണ്.


മായം ചേര്‍ത്താല്‍ ഈ ഘടനയില്‍ മാറ്റമുണ്ടാകുമെന്നതിനാല്‍ ലാബ് പരിശോധനയിലൂടെ വേഗം കണ്ടെത്താം. ഭക്ഷ്യസുരക്ഷാവകുപ്പിന്റെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് റീജണല്‍ അനലറ്റിക്കല്‍ ലാബുകളില്‍ ഇതു പരിശോധിക്കാന്‍ സൗകര്യമുണ്ട്. എന്നാല്‍, ലാബ് പരിശോധനയ്ക്കു പോവുക എന്നതു സാധാരണക്കാരെ സംബന്ധിച്ചു അത്ര പ്രായോഗികമല്ല. എന്നാല്‍, വളരെ ലളിതമായി വെളിച്ചെണ്ണയിലെ മായം വീട്ടില്‍ നിന്നു തന്നെ കണ്ടെത്താനാവും.


വെളിച്ചെണ്ണയിലെ മായം കണ്ടെത്താനുള്ള ഏറ്റവും എളുപ്പ മാര്‍ഗം നിറമില്ലാത്ത ഒരു ചില്ലു ഗ്‌ളാസില്‍ കുറച്ചു വെളിച്ചെണ്ണയെടുത്ത് അര മണിക്കൂര്‍ ഫ്രിഡ്ജില്‍ (ഫ്രീസറിലല്ല) വെക്കുകയെന്നതാണ്. ശുദ്ധമായ വെളിച്ചെണ്ണ അപ്പോഴേക്കും കട്ടയായിട്ടുണ്ടാകും, അതിന് നിറവും ഉണ്ടാകില്ല.

എന്നാല്‍ മറ്റെന്തെങ്കിലും എണ്ണകള്‍ വെളിച്ചെണ്ണയില്‍ കലര്‍ന്നിട്ടുണ്ടെങ്കില്‍ അവ വേറിട്ടു നില്‍ക്കുകയും നിറവ്യത്യാസം കാണിക്കുകയും ചെയ്യും. പൊതുവേ നിറമില്ലാത്ത വെളിച്ചെണ്ണയില്‍ നേരിയ ചുവപ്പു നിറം കാണുന്നുവെങ്കില്‍ ആര്‍ജിമോണ്‍  ഓയില്‍ ചേര്‍ത്തിട്ടുണ്ടെന്ന് സംശയിക്കാം.

ഏതാനും തുള്ളി വെളിച്ചെണ്ണയിലേക്ക് അല്പം മഞ്ഞ വെണ്ണ ചേര്‍ക്കുമ്പോള്‍ നിറം ചുവപ്പായി മാറുന്നുണ്ടെങ്കില്‍ അത് പല കെമിക്കല്‍/പെട്രോളിയം മായത്തിനും തെളിവാണ്. എന്നാല്‍ കൂടുതല്‍ സാങ്കേതികമായ കെമിക്കല്‍ ട്രീറ്റുമെന്റുകളും രാസമാലിന്യങ്ങളും തിരിച്ചറിയണമെങ്കില്‍ വിശദമായ ലാബ് പരിശോധനകള്‍ അനിവാര്യമാണ്.


വെളിച്ചെണ്ണ വാങ്ങുമ്പോള്‍ അതിന്റെ നിറം ശ്രദ്ധിക്കാം. ശുദ്ധമായ വെളിച്ചെണ്ണ എപ്പോഴും തെളിഞ്ഞിരിക്കും. ചെറിയ ബൗളില്‍ അല്‍പം വെളിച്ചെണ്ണയെടുക്കാം. ഇതിലേയ്ക്ക് ഒരു സ്പൂണ്‍ യെല്ലോ ബട്ടര്‍ ചേര്‍ക്കാം. വെളിച്ചെണ്ണയുടെ നിറം മാറുന്നുണ്ടോ എന്ന് ശ്രദ്ധിക്കാം.


പാനിലേയ്ക്ക് വെളിച്ചെണ്ണയെടുത്ത് ചൂടാക്കാം. കരിഞ്ഞ മണം അനുഭവപ്പെടുന്നുണ്ടെങ്കില്‍ അതില്‍ മായം കലര്‍ന്നിട്ടുണ്ടാകാം. വെളിച്ചെണ്ണ ഈര്‍പ്പമുള്ള ഇടങ്ങളില്‍ സൂക്ഷിക്കുന്നത് വളരെ വേഗം അത് കേടാകുന്നതിന് കാരണമാകും.

Advertisment