ഏഴാം വാര്‍ഷികത്തില്‍ മികച്ച ടീമംഗത്തിന് കാര്‍ സമ്മാനിച്ച് ഗവ. സൈബർപാർക്കിലെ കോഡ്എയ്സ്

മൂന്നു വര്‍ഷത്തിനുള്ളില്‍ നൂറു കോടി രൂപ ബിസിനസ് ലക്ഷ്യം

New Update
code care

കോഴിക്കോട്: ഗവ. സൈബര്‍പാര്‍ക്കിലെ പ്രമുഖ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സ്ഥാപനമായ കോഡ്എയ്സ് അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ നൂറു കോടി രൂപയുടെ ബിസിനസാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് കമ്പനി സ്ഥാപകര്‍ അറിയിച്ചു. കോഴിക്കോട് ആസ്ഥാനമാക്കി പെര്‍ഫോമന്‍സ് മാര്‍ക്കറ്റിംഗ്, സോഫ്‌റ്റ്വെയര്‍ ഡെവലപ്‌മെന്റ്, ഇ-കൊമേഴ്‌സ് എന്നീ മേഖലകളില്‍ ഗ്ലോബല്‍ ബ്രാന്‍ഡുകള്‍ സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യമെന്നും സ്ഥാപകരായ ജിജിന്‍ മോഹന്‍ (സ്ഥാപകന്‍, സിഇഒ), ശരത് കുമാര്‍ (സിഒഒ), മോഹനന്‍ കോട്ടൂര്‍ (ഡയറക്ടര്‍) എന്നിവര്‍ പറഞ്ഞു.

കമ്പനിയുടെ ഏഴാം വാര്‍ഷികം എലിവെക്സ എന്ന പേരില്‍ വര്‍ണ്ണാഭമായ പരിപാടികളോടെ ആഘോഷിച്ചു.  കഴിഞ്ഞ നാല് വര്‍ഷമായി കമ്പനിയുടെ വളര്‍ച്ചയില്‍ മികച്ച സംഭാവനകള്‍ നല്‍കിയ ക്രിയേറ്റീവ് പ്രൊഡക്ഷന്‍ ഹെഡ് രഞ്ജിത് ശങ്കറിന് ഹ്യുണ്ടായി വെന്യു കാര്‍ സമ്മാനമായി നല്‍കി.

എട്ടാാം ക്ലാസ്സ് മുതല്‍ ഒരുമിച്ച് പഠിച്ച രണ്ട് സുഹൃത്തുക്കളുടെ കഠിനാധ്വാനത്തിന്റെ വിജയഗാഥയാണ് കോഡ്എയ്സ് ഐ.ടി. സൊല്യൂഷന്‍സ് എല്‍.എല്‍.പി. എന്ന സ്ഥാപനത്തിന്റേത്. പുറമെ നിന്നുള്ള നിക്ഷേപം സ്വീകരിക്കാതെ സ്വന്തം മൂലധനം മാത്രം ഉപയോഗപ്പെടുത്തിയാണ് ഈ ബൂട്ട് സ്ട്രാപ് കമ്പനി നേട്ടങ്ങള്‍ കൈവരിച്ചത്.

കോഴിക്കോട് ഗവണ്‍മെന്റ് സൈബര്‍ പാര്‍ക്കിലെ സ്റ്റാര്‍ട്ടപ്പ് ആക്്സിലറേഷന്‍ ഹബ്ബായ ടെന്‍എക്സില്‍ നിന്നാണ് അഞ്ചുപേരടങ്ങിയ കോഡ്എയിസിന്റെ തുടക്കം. അന്ന് 25 ലക്ഷം രൂപ മൂലധനവും, കടം വാങ്ങിയ കമ്പ്യൂട്ടറുകളും, അഞ്ചില്‍ താഴെ ക്ലയന്റുകളും മാത്രമാണ് ഉണ്ടായിരുന്നത്.

Advertisment

Codeace 1



ഇന്ന്, 120-ല്‍ അധികം ജീവനക്കാരും 7,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള സ്വന്തം ഓഫീസും, ലോകമെമ്പാടുമുള്ള 80-ല്‍ അധികം ക്ലയന്റുകളുമായി കമ്പനി പുതിയ ഉയരങ്ങളിലേക്ക് കുതിക്കുകയാണ്. യു.എസ്, യൂറോപ്പ് എന്നിവിടങ്ങളിലെ പ്രമുഖ അന്താരാഷ്ട്ര സ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കമ്പനി, നിരവധി ഗ്ലോബല്‍ ബ്രാന്‍ഡുകള്‍ക്ക് മാര്‍ക്കറ്റിംഗ് സേവനങ്ങള്‍ നല്‍കുന്നുണ്ട്.

പെര്‍ഫോമന്‍സ് മാര്‍ക്കറ്റിംഗില്‍ നിന്ന് തുടങ്ങി ഇപ്പോള്‍ സോഫ്‌റ്റ്വെയര്‍, ഇന്ത്യന്‍ ഇ-കൊമേഴ്‌സ് ബിസിനസുകളിലേക്കും കോഡ്എയ്സ് പ്രവര്‍ത്തനം വിപുലീകരിച്ചിട്ടുണ്ട്. അമേരിക്കയില്‍ സ്ഥാപനം ഇതിനോടകം രജിസ്റ്റര്‍ ചെയ്യുകയും ദുബായില്‍ പുതിയ ഓഫീസ് ആരംഭിക്കാന്‍ ഒരുങ്ങുകയും ചെയ്യുകയാണ്. കൂടാതെ, സംരംഭകര്‍ക്ക് പ്രചോദനം നല്‍കുന്ന വൈസ്അപ് പോഡ്കാസ്റ്റ് എന്ന പരിപാടിയിലൂടെ മലയാളികള്‍ക്കിടയിലും ശ്രദ്ധ നേടി.

ഏഴാം വാര്‍ഷികാഘോഷങ്ങള്‍ ലോക്സഭാംഗം എം.കെ. രാഘവന്‍ ഉദ്ഘാടനം ചെയ്തു. അഹമ്മദ് ദേവര്‍കോവില്‍ എം.എല്‍.എ, മുന്‍ അസിസ്റ്റന്റ് ഡെവലപ്‌മെന്റ് കമ്മീഷണര്‍ നടരാജന്‍ സി, ഗവണ്‍മെന്റ് സൈബര്‍പാര്‍ക്ക് ജനറല്‍ മാനേജര്‍ വിവേക് നായര്‍, കാഫിറ്റ് പ്രസിഡന്റ് അബ്ദുള്‍ ഗഫൂര്‍, മീഡിയ പാനലിസ്റ്റ് നിജേഷ് അരവിന്ദ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. സിനിമാതാരങ്ങളായ റംസാന്‍ മുഹമ്മദ്, സാനിയ അയ്യപ്പന്‍, പ്രമുഖ ഓട്ടോമോട്ടീവ് ജേണലിസ്റ്റ് ഹാനി മുസ്തഫ എന്നിവരുടെ സാന്നിധ്യവും ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി. ഫാഷന്‍ ഷോ, സാംസ്‌കാരിക പരിപാടികള്‍, സ്ട്രീറ്റ് അക്കാഡമി അവതരിപ്പിച്ച മ്യൂസിക് ഷോ തുടങ്ങിയ പരിപാടികള്‍ ജീവനക്കാര്‍ക്കും അതിഥികള്‍ക്കും മറക്കാനാവാത്ത അനുഭവമായി.

Advertisment