മുസിരിസ് പൈതൃക പദ്ധതിയ്ക്ക് യുനെസ്കോ അംഗീകാരം ലഭിക്കാന്‍ കൂട്ടായ പരിശ്രമം വേണം- സ്പൈസ് റൂട്ട് ഉച്ചകോടി

New Update
internation spic
കൊച്ചി: മുസിരിസ് പൈതൃക പദ്ധതിയ്ക്ക് യുനെസ്കോ അംഗീകാരം ലഭിക്കാന്‍ കൂട്ടായ പരിശ്രമം ആവശ്യമാണെന്ന് കൊച്ചിയില്‍ നടക്കുന്ന അന്താരാഷ്ട്ര സ്പൈസ് റൂട്ട് ഉച്ചകോടിയില്‍ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. മുസിരിസുമായി ബന്ധമുണ്ടായിരുന്ന ലോകത്തിലെ മറ്റ് രാജ്യങ്ങളുമായി നയതന്ത്രതലത്തില്‍ സഹകരണം ഉറപ്പാക്കി വേണം ഈ നടപടികളുമായി മുന്നോട്ടു പോകാനെന്ന് ഉച്ചകോടിയില്‍ നടന്ന ചര്‍ച്ചയില്‍ വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. കേരള ടൂറിസത്തിന്‍റെ സഹകരണത്തോടെ മുസിരിസ് ഹെറിറ്റേജ് പ്രൊജക്ടാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
Advertisment

മുന്‍ ചീഫ് സെക്രട്ടറിയും കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ ചെയര്‍പേഴ്സണുമായ ഡോ. വേണു വി, ഇന്‍റര്‍നാഷണല്‍ കൗണ്‍സില്‍ ഫോര്‍ മോണ്യുമന്‍റ്സ് ആന്‍ഡ് സൈറ്റ്സ് (ഐസിമോസ്) പ്രസിഡന്‍റ് ഡോ. റിമ ഹൂജ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

മുസിരിസ് പട്ടണത്തിന് ലോകത്തിന്‍റെ മറ്റ് സ്ഥലങ്ങളുമായുണ്ടായിരുന്ന ബന്ധത്തിന് നിരവധി തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് ഡോ. റിമ പറഞ്ഞു. ഇത് ഒരു നിശ്ചിതസ്ഥലത്ത് മാത്രമായി ഒതുങ്ങുന്ന ഒന്നല്ല. അതിനാല്‍ തന്നെ മുസിരിസ് പൈതൃക ഇടങ്ങളുടെ ശൃംഖല തന്നെ ഉണ്ടാക്കിയെടുത്ത് അവതരിപ്പിക്കണം. മറ്റേതെങ്കിലും രാജ്യങ്ങളുമായി മുസിരിസിന് ഉണ്ടായിരുന്ന ബന്ധം പൂര്‍ണമായും ഉപയോഗപ്പെടുത്തണം. അതിനായി കേന്ദ്രസര്‍ക്കാരുമായി ചേര്‍ന്ന് നയതന്ത്രതലത്തില്‍ ഈ രാജ്യങ്ങളുമായി ബന്ധം വികസിപ്പിച്ചെടുക്കണം. അത് എത്ര ചെറിയ രാജ്യമാണെങ്കിലും ഇതുമായി മുന്നോട്ടു പോകണമെന്നും അവര്‍ ചൂണ്ടിക്കാട്ടി.
 
ഇത്തരം പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രസര്‍ക്കാരിന്‍റെ പിന്തുണ വളരെ പ്രധാനമാണെന്ന് ഡോ. വേണു ചൂണ്ടിക്കാട്ടി. ഇത്തരം സമ്മേളനങ്ങളിലൂടെ പൈതൃകപദ്ധതിയുടെ ഗൗരവം ദേശീയതലത്തില്‍ എത്തിക്കാന്‍ സാധിക്കും. ഈ ഉച്ചകോടിയ്ക്ക് ശേഷമുള്ള സംക്ഷിപ്തം ടൂറിസം വകുപ്പ് നേരിട്ട് തന്നെ കേന്ദ്ര സാംസ്ക്കാരിക-ടൂറിസം മന്ത്രാലയത്തില്‍ എത്തിക്കുകയും അതില്‍ നിശ്ചിത ഇടവേളകളില്‍ അന്വേഷണങ്ങള്‍ നടത്തുകയും വേണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.

യുനെസ്കോ പൈതൃക അംഗീകാരം നേടിയെടുക്കാന്‍ ചൈന എടുക്കുന്ന നടപടികള്‍ ഇപ്പോള്‍ ഇന്ത്യയും പിന്തുടരുന്നുണ്ടെന്ന് ഡോ. വേണു പറഞ്ഞു. പൈതൃക പദ്ധതിയിടങ്ങളുടെ വികസനത്തിനായി കൂടുതല്‍ ഫണ്ട് ലഭ്യമാക്കുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗവേണിംഗ് ആന്‍ഡ് സസ്റ്റെയിനിംഗ് ട്രാന്‍സ്നാഷണല്‍ ഹെറിറ്റേജ് കോറിഡോര്‍- പോളിസി പാത്ത് വെയ്സ് എന്ന വിഷയത്തിലാണ് ഇരുവരും സംസാരിച്ചത്.

പൈതൃക മേഖലകളായാലും ടൂറിസം മേഖലകളായാലും സഞ്ചാരികള്‍ ഇന്ന് ആശ്രയിക്കുന്നത് ആധുനിക സാങ്കേതികവിദ്യകളെയാണെന്ന് ഡിജിറ്റല്‍ സ്പൈസ് റൂട്ട്സ് ടെക്നോളജി, ഇമേഴ്സീവ് മീഡിയ, ആന്‍ഡ് ദി ഫ്യൂച്ചര്‍ ഓഫ് ഹെറിറ്റേജ് ഇന്‍റര്‍പ്രട്ടേഷന്‍ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ച അഭിപ്രായപ്പെട്ടു. സഞ്ചാരികള്‍ ഡിജിറ്റല്‍ ഉള്ളടക്കത്തിലൂടെ നന്നായി ഗൃഹപാഠം ചെയ്താണ് ഓരോ സ്ഥലത്തേക്കും എത്തുന്നതെന്ന് സ്റ്റോറി ടെല്ലറായ രാജീഷ് രാഘവന്‍ ചൂണ്ടിക്കാട്ടി. അതിനാല്‍ തന്നെ പൊതുമണ്ഡലത്തിനപ്പുറത്തുള്ള വിവരങ്ങള്‍ മനസിലാക്കാന്‍ ആതിഥേയര്‍ ശ്രദ്ധിക്കണം.

പൈതൃക പദ്ധതികളുടെ ലയനാനുഭവമാണ് (ഇമേഴ്സീവ് എക്സ്പീരിയന്‍സ്) ഭാവിയുടെ സാങ്കേതിക വിദ്യയെന്ന്  എക്സ്ആര്‍ ഹൊറൈസണ്‍ സിഇഒ ഡെന്‍സില്‍ ആന്‍റണി ചൂണ്ടിക്കാട്ടി. ഈ അനുഭവത്തിലൂടെ പൈതൃക കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനുള്ള ആഗ്രഹം വര്‍ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേവലം ബുക്കിംഗിനപ്പുുറത്തേക്ക് നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ഉപഭോക്താക്കള്‍ ഓരോ ലക്ഷ്യസ്ഥാനങ്ങളും ഹോട്ടലുകളും തെരഞ്ഞെടുക്കുന്നതെന്ന് ബുക്കിംഗ് ഡോട്കോം ഇന്ത്യാ മേധാവി അരുണ്‍ അശോക് പറഞ്ഞു. ഓരോ ലക്ഷ്യസ്ഥാനത്തെക്കുറിച്ചും കഴിയാവുന്നത്ര വിവരങ്ങള്‍ പ്രാദേശികമായി തന്നെ മനസിലാക്കാന്‍ ആതിഥേയവ്യവസായത്തിലുള്ളവര്‍ ശ്രദ്ധിക്കണമെന്ന് കൊച്ചി ഹെറിറ്റേജ് പ്രൊജക്ട് സ്ഥാപകന്‍ ജൊഹാന്‍ കുരുവിള പറഞ്ഞു. മുസിരിസ് ഹെറിറ്റേജ് പ്രൊജക്ട് എംഡി ഷാരോണ്‍ വി മോഡറേറ്ററായിരുന്നു.
Advertisment