പുരാരേഖകളുടെ കൊളോണിയൽ അധിനിവേശം- സമൂലം മാറ്റം വേണമെന്ന് ഈജിപ്ഷ്യൻ ഫ്രഞ്ച് ആർട്ടിസ്റ്റ് ജിഹാൻ എൽ തഹ്‌രി

New Update
PHOTO 1

കൊച്ചി: കൊളോണിയൽ കാലഘട്ടത്തിലെ നിയമങ്ങൾ ഇപ്പോഴും പുരാരേഖ ഉടമസ്ഥാവകാശത്തെ സ്വാധീനിക്കുന്നുവെന്ന് കൊച്ചി ബിനാലെയിൽ ഈജിപ്ഷ്യൻ /ഫ്രഞ്ച് ആർട്ടിസ്റ്റ് ജിഹാൻ എൽ തഹ്‌രി. കൊച്ചി-മുസിരിസ് ബിനാലെ സംഘടിപ്പിക്കുന്ന വിവാൻ സുന്ദരം സ്മാരക പ്രഭാഷണ പരമ്പരയുടെ ഭാഗമായി ഫോർട്ട് കൊച്ചി ബാസ്റ്റ്യൻ ബംഗ്ലാവിലെ പവലിയനിൽ 'റെസ്റ്റിറ്റ്യൂട്ടിംഗ് ഫ്രാഗ്മെന്റ്സ് ഓഫ് എവിഡൻസ്' (തെളിവുകളുടെ ഭാഗങ്ങൾ വീണ്ടെടുക്കൽ) എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അവർ.

ആഫ്രിക്കൻ ചിത്രങ്ങളുടെയും ചലച്ചിത്ര ശേഖരങ്ങളുടെയും ഉടമസ്ഥാവകാശം ഇപ്പോഴും കൊളോണിയൽ കാലത്തെ നിയമങ്ങളാണ് നിശ്ചയിക്കുന്നതെന്ന് ചലച്ചിത്രകാരിയും വിഷ്വൽ ആർട്ടിസ്റ്റുമായ ജിഹാൻ എൽ തഹ്‌രി പറഞ്ഞു. കൊളോണിയൽ രേഖകൾക്കുമേലുള്ള യൂറോപ്യൻ പുരാരേഖകളുടെ നിയന്ത്രണത്തെ നിയമപരമായും ധാർമ്മികമായും രാഷ്ട്രീയമായും ചോദ്യം ചെയ്യണമെന്ന് അവർ പറഞ്ഞു.

പുരാരേഖ ചിത്രങ്ങൾ എങ്ങനെയാണ് സ്വകാര്യ സ്വത്തായി മാറിയതെന്നും കൊളോണിയൽ അധിനിവേശത്തിന് വഴിയൊരുക്കിയ നിയമങ്ങൾ എങ്ങനെയാണ് സമകാലിക പുരാരേഖ ഉടമസ്ഥാവകാശത്തെ സ്വാധീനിക്കുന്നതെന്നും അവർ വിശദീകരിച്ചു. ആഫ്രിക്കൻ ഭൂപ്രദേശങ്ങളെ ആർക്കും ഉടമസ്ഥാവകാശമില്ലാത്ത ഇടങ്ങളായി കണക്കാക്കിയ 'ടെറ നള്ളിയസ്' (Terra Nullius) എന്ന നിയമതത്വമാണ് ബെൽജിയത്തിലെ ലിയോപോൾഡ് രണ്ടാമൻ രാജാവിന് കോംഗോയെ സ്വന്തം സ്വകാര്യ സ്വത്തായി പ്രഖ്യാപിക്കാൻ സഹായകരമായതെന്ന് അവർ ചൂണ്ടിക്കാട്ടി.

1960-ൽ ഐക്യരാഷ്ട്രസഭ കൊളോണിയലിസത്തെ അപലപിച്ചെങ്കിലും, കൊളോണിയൽ പുരാരേഖകളിലൂടെ ശേഖരിക്കപ്പെട്ട അക്കാലത്തെ ഭരണനിയമങ്ങൾ യൂറോപ്യൻ സ്ഥാപനങ്ങളിൽ അവ നിലനിർത്താൻ സഹായിക്കുന്നുവെന്ന് തഹ്‌രി ചൂണ്ടിക്കാട്ടി. കൊളോണിയൽ ചിത്രങ്ങളുടെ നിയമപരമായ ഉടമസ്ഥാവകാശം ഇപ്പോഴും യൂറോപ്യൻ പുരാരേഖാ വകുപ്പിന് ആണെന്നത് വൈരുദ്ധ്യമാണെന്നും, ഈ ഉടമസ്ഥാവകാശത്തെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അവർ വ്യക്തമാക്കി.

നാല് പതിറ്റാണ്ടുകാലത്തെ തന്റെ പുരാരേഖ ഗവേഷണങ്ങളെക്കുറിച്ച് സംസാരിക്കവെ, ചരിത്രരേഖകളുടെ അപൂർണ്ണതയെക്കുറിച്ചും നഷ്ടപ്പെട്ട കഥകളെക്കുറിച്ചും അവർ സൂചിപ്പിച്ചു.

എൺപതുകളിൽ ലബനൻ ആഭ്യന്തര യുദ്ധകാലത്ത് യുദ്ധ ഫോട്ടോഗ്രാഫറായിരുന്ന തന്റെ അനുഭവങ്ങളും അവർ പങ്കുവെച്ചു. വിയറ്റ്‌നാം യുദ്ധത്തിലെ 'നാപാം ഗേൾ', പോർച്ചുഗലിലെ കാർനേഷൻ വിപ്ലവം, ടിയാനൻമെൻ സ്‌ക്വയറിലെ 'ടാങ്ക് മാൻ' തുടങ്ങിയ ചിത്രങ്ങൾ രാഷ്ട്രീയ ബോധത്തെ സ്വാധീനിച്ചത് അവർ ചൂണ്ടിക്കാട്ടി. ഒറ്റപ്പെട്ട ചിത്രങ്ങളേക്കാൾ ഈജിപ്തിലെ ഫ്ലീ മാർക്കറ്റുകൾ മുതൽ പുരാരേഖകൾ വരെയുള്ള ചിത്രങ്ങളോടാണ് ഇപ്പോൾ കൂടുതൽ താൽപ്പര്യമെന്ന് അവർ പറഞ്ഞു.

അപൂർണ്ണമായ പുരാരേഖകളിലെ ചരിത്രത്തെ വ്യാഖ്യാനിക്കാനും പുനർനിർമ്മിക്കാനും ആർക്കാണ് അധികാരമെന്ന് അവർ ചോദിച്ചു. ചരിത്രപരമായ തെളിവുകളിലെ അന്തരം പരിഹരിക്കാനുള്ള അവകാശം പാശ്ചാത്യ ചരിത്രകാരന്മാരിൽ മാത്രം ഒതുങ്ങരുത്.

1976-ലും 1998-ലും ബൗദ്ധിക സ്വത്തവകാശ നിയമങ്ങളിൽ മാറ്റങ്ങൾ വന്നതുപോലെ ഇനിയും മാറ്റങ്ങൾ സാധ്യമാണെന്നും, അതിനായി സ്ഥാപനങ്ങളും രാഷ്ട്രങ്ങളും തയ്യാറാകുമോ എന്നതാണ് ചോദ്യമെന്നും പറഞ്ഞാണ് അവർ പ്രഭാഷണം അവസാനിപ്പിച്ചത്.

Advertisment
Advertisment