ജീവനക്കാരന് ആഡംബരക്കാര്‍ സമ്മാനിച്ച് ഗവ. സൈബര്‍പാര്‍ക്കിലെ കമ്പനി

New Update
Cyberpark Limency

കോഴിക്കോട്: ജോലിയോടുള്ള പ്രതിബദ്ധതയ്ക്കും അര്‍പ്പണബോധത്തിനും അംഗീകാരമായി ഗവ. സൈബര്‍പാര്‍ക്കിലെ ലിമെന്‍സി ടെക്നോളജീസ് ജീവനക്കാരന് ആഡംബരകാര്‍ സമ്മാനിച്ചു. കമ്പനിയിലെ ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസറായ സുബി പി യ്ക്കാണ് കിയ സോണറ്റിന്‍റെ ടോപ് വേരിയന്‍റ് സമ്മാനമായി നല്‍കിയത്. സൈബര്‍പാര്‍ക്ക് ജനറല്‍ മാനേജര്‍ വിവേക് നായര്‍ ഔപചാരിക താക്കോല്‍ദാനം നടത്തി.

എന്‍ട്രപ്രൈസ് എഐ സൊല്യൂഷന്‍സ്, മൊബൈല്‍ ആപ് ഡെവലപ്മന്‍റ് എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ലിമെന്‍സി ടെക്നോളജീസ് 2012 ലാണ് പ്രവര്‍ത്തനമാരംഭിച്ചത്. എംഡിയും സിഇഒയുമായ വിപിന്‍ ആനന്ദ്, ഡയറക്ടറും സിടിഒയുമായ സുവിത് കെ, ഡയറക്ടര്‍ അഞ്ജലി എം കെ എന്നിവര്‍ ചേര്‍ന്നാണ് കമ്പനി സ്ഥാപിച്ചത്. യുഎസ്, യൂറോപ്യന്‍ യൂണിയന്‍, ഗള്‍ഫ് മേഖല എന്നിവിടങ്ങളിലാണ് കമ്പനിയുടെ പ്രവര്‍ത്തനമേഖല.

ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും സംതൃപ്തി സന്തുലിതമായി കൊണ്ടു പോകുന്നതാണ് ലിമെന്‍സിയുടെ വിജയത്തിനു പിന്നിലെന്ന് വിപിന്‍ ആനന്ദ് ചൂണ്ടിക്കാട്ടി. യുഎസിലേക്കും ഗള്‍ഫിലേക്കുമുള്ള വിപുലീകരണത്തിന് ചുക്കാന്‍ പിടിക്കുന്നത് ജീവനക്കാരുടെ അര്‍പ്പണ മനോഭാവത്തിന് തെളിവാണ്. ലിമെന്‍സിയുടെ ഏറ്റവും വലിയ നിക്ഷേപം സ്വന്തം ജീവനക്കാരാണെന്നും വിപിന്‍ പറഞ്ഞു.

നേരത്തെയും വിവിധ സമ്മാനങ്ങള്‍ ജീവനക്കാര്‍ക്ക് നല്‍കിയതിലൂടെ ശ്രദ്ധേയമായ കമ്പനിയാണ് ലിമെന്‍സി. ജീവനക്കാര്‍ക്ക് വിദേശയാത്രയും ആകര്‍ഷകമായ ബോണസും നല്‍കിയ ചരിത്രവും ലിമെന്‍സിക്കുണ്ട്.

Advertisment