കേന്ദ്ര സർവകലാശാല ക്യാമ്പസ് തലസ്ഥാനത്തിന് നഷ്ടപ്പെടുമെന്ന് ആശങ്ക ; സ്ഥലമെടുപ്പിനുള്ള ഫയൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഒരു വർഷമായി തടഞ്ഞു വച്ചിരിക്കുന്നു ; മുഖ്യമന്ത്രിക്ക് നിവേദനം നൽകി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

സെക്രട്ടേറിയറ്റിലെ ഫയൽ മൂവ്മെന്റ് രേഖകൾ  സർക്കാരിന്റെ താൽപ്പര്യക്കുറവ് വ്യക്തമാക്കുന്നു

New Update
central university

തിരുവനന്തപുരം : കൊല്ലം ഇ.എസ്.ഐ ആശുപത്രി, മെഡിക്കൽ കോളേജ് ആയി ഉയർത്താനുള്ള കേന്ദ്രസർക്കാർ  നിർദ്ദേശത്തിന് സംസ്ഥാന സർക്കാരിൻറെ അനുമതിപത്രം നിശ്ചിത സമയത്തിനുള്ളിൽ നൽകാൻ ആരോഗ്യവകുപ്പ് മന്ത്രി  
വിസമ്മതിച്ചതിനെ തുടർന്ന് കേരളത്തിന് ലഭിക്കേണ്ട   മെഡിക്കൽ കോളേജ് നഷ്ടപ്പെട്ടത് രാഷ്ട്രീയ  വിവാദമായതിന്  പിന്നാലെ കാസർഗോഡ് കേന്ദ്ര സർവകലാശാലയ്ക്ക് തലസ്ഥാനത്ത് ക്യാമ്പസ് ആരംഭിക്കുന്നതിന് സർക്കാരിന്റെ കൈവശമുള്ള ഭൂമി അനുവദിക്കാനുള്ള ഫയൽ ഒരു വർഷമായി ഉന്നത വിദ്യാഭ്യാസ മന്ത്രി തടഞ്ഞു വെച്ചിരിക്കുന്നതായി ആക്ഷേപത്തെ തുടർന്ന് ക്യാമ്പസ്‌ നിർത്തുന്ന കാര്യം സർവ്വകലാശാല പരിഗണിക്കുന്നതായി വിവരം .

Advertisment

നിലവിൽ ഇക്കാര്യത്തിൽ സർവ്വകലാശാലയ്ക്ക് മുന്നിൽ മറ്റ് വഴികളില്ല എന്നത് ആശങ്ക ഉളവാക്കുന്നു.  സെക്രട്ടേറിയറ്റിലെ ഫയൽ മൂവ്മെന്റ് രേഖകൾ  സർക്കാരിന്റെ താൽപ്പര്യക്കുറവ് വ്യക്തമാക്കുന്നു.

സ്ഥിരം ക്യാമ്പസിന് വേണ്ടി സിപിഐ നേതാവും  മന്ത്രിയുമായ  ജി. ആർ.  അനിലിന്റെ   നെടുമങ്ങാട്  മണ്ഡലത്തിലെ അണ്ടൂർക്കോണത്ത്  അഞ്ചേക്കർ സർക്കാർ ഭൂമി പാട്ടത്തിന്  വിട്ടുകൊടുക്കുവാൻ റവന്യൂ വകുപ്പിന്റെ ശുപാർശയോടെ  ധനവകുപ്പിന് അയച്ച ഫയലിലാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ  അഭിപ്രായം ആരാഞ്ഞത്.

 ക്യാമ്പസ് അനുവദിക്കുന്നതിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ അനുമതി ആവശ്യമില്ലെങ്കിലും ധനവകുപ്പ് ബോധപൂർവ്വം ഫയൽ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് കൈമാറുകയായിരുന്നു.

 2014 ലാണ്  കേന്ദ്ര സർവ്വകലാശാലയുടെ താൽകാലിക ക്യാമ്പസ്‌ തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചത്. ഇപ്പോഴും പ്രതിമാസം 15 ലക്ഷം രൂപ വാടക നൽകിയാണ് തലസ്ഥാനത്ത്  ക്യാമ്പസ്‌ പ്രവർത്തിക്കുന്നത്. സൗകര്യക്കുറവ് മൂലം  നാലുവർഷ ബിരുദ കോഴ്സിൽ ഒരു വിഷയം മാത്രമാണ് അനുവദിച്ചിട്ടുള്ളത്.


 സ്ഥിരം ക്യാമ്പസിന്റെ നിർമ്മാണം പൂർത്തിയാക്കി കൂടുതൽ കോഴ്‌സുകൾ  ആരംഭിക്കുക എന്നതാണ് സർവകലാശാല ലക്ഷ്യമിട്ടിരുന്നത്. സ്ഥിരം ക്യാമ്പസിനുള്ള ഭൂമി ലഭിക്കുവാൻ വൈകുന്നുവെങ്കിൽ തലസ്ഥാനത്തെ ക്യാമ്പസ്  ഉപേക്ഷിക്കാൻ കേന്ദ്ര സർവ്വകലാശാല നിർബന്ധിതമാവും. ഇക്കാര്യം  കേന്ദ്ര സർവ്വകലാശാല, സംസ്ഥാന സർക്കാരിനെ അറിയിച്ചിട്ടുണ്ട്. സർവ്വകലാശാലയുടെ അധിക സാമ്പത്തിക ഭാരം കുറയ്ക്കുന്നതിലുപരി, നൂതന പഠന ഗവേഷണ കോഴ്‌സുകൾ പുതിയ ക്യാമ്പസ്സിൽ  ആരംഭിക്കുന്നത്  വിദ്യാർഥികൾക്ക് ഏറെ ഗുണകരമാകുമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രസർവ്വകലാശാല വിസി മുഖ്യമന്ത്രിക്ക് 2024 ൽ കത്ത് നൽകിയിട്ടുണ്ടായിരുന്നു

 തലസ്ഥാനത്ത്   സ്ഥിരം ക്യാമ്പസ് ആരംഭിക്കുന്നതിനു വേണ്ട ഭൂമി   അനുവദിക്കാനുള്ള കാലതാമസം  ഒഴിവാക്കാൻ അടിയന്തിര നടപടി സർക്കാർ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി
 മുഖ്യമന്ത്രിക്ക് നിവേദനം നൽകി.

Advertisment