Advertisment

നഗര വികസനത്തിന് നവീന സാങ്കേതിക പരിഹാരങ്ങള്‍ മുന്നോട്ടുവച്ച് നാഷണല്‍ ടൗണ്‍ ആന്‍ഡ് കണ്‍ട്രി പ്ലാനേഴ്സ് സമ്മേളനത്തിന് സമാപനം

New Update
town planing
തിരുവനന്തപുരം: നഗരപ്രദേശങ്ങളുടെ സുസ്ഥിരവും സമഗ്രവുമായ വികസനത്തിനായി നവീന സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ പരിഹാരങ്ങള്‍ സാധ്യമാക്കണമെന്ന നിര്‍ദേശം മുന്നോട്ടുവച്ച് 73-ാമത് നാഷണല്‍ ടൗണ്‍ ആന്‍ഡ് കണ്‍ട്രി പ്ലാനേഴ്സ് സമ്മേളനത്തിന് സമാപനമായി.
Advertisment
 തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെ പിന്തുണയോടെ ന്യൂഡല്‍ഹിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൗണ്‍ പ്ലാനേഴ്സ് ഇന്ത്യ(ഐടിപിഐ)യാണ് സമ്മേളനം സംഘടിപ്പിച്ചത്.
 
സമാപന സമ്മേളനത്തില്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ മുഖ്യാതിഥിയായി.
 

വളരെ വേഗത്തില്‍ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുമ്പോള്‍ നഗരാസൂത്രകര്‍ അതിനനുസരിച്ച് ചടുലത പുലര്‍ത്തുകയും മാറ്റങ്ങളുമായി പൊരുത്തപ്പെടുകയും വേണമെന്ന് ശാരദ മുരളീധരന്‍ പറഞ്ഞു. വെല്ലുവിളികള്‍ക്ക് സുസ്ഥിരമായ പരിഹാരങ്ങള്‍ കണ്ടെത്തേണ്ടത് പ്രധാനമാണ്.
യഥാര്‍ത്ഥ പ്രശ്നങ്ങള്‍ മനസ്സിലാക്കുന്നതിനും പ്രതികരണങ്ങള്‍ രൂപപ്പെടുത്തുന്നതിനും ആശയങ്ങള്‍ക്കപ്പുറത്തേക്ക് ആസൂത്രണം  മാറണം. മാലിന്യ സംസ്കരണം ഉള്‍പ്പെടെ കേരള സമൂഹം നേരിടുന്ന പ്രശ്നങ്ങളെ ഇതിനോടു ചേര്‍ത്ത് ചീഫ് സെക്രട്ടറി പരാമര്‍ശിച്ചു.
ഓരോ നിര്‍ണായക പ്രശ്നത്തെയും അഭിസംബോധന ചെയ്യാന്‍ ശ്രമിക്കുന്ന മാസ്റ്റര്‍ പ്ലാനുകള്‍ എത്രത്തോളം ഫലപ്രദമായി നടപ്പാക്കാന്‍ കഴിയുമെന്നതാണ് പ്രധാനമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.


പി.ജി, ബിരുദ, ഫീമെയില്‍ സ്റ്റുഡന്‍റ് എന്നീ വിഭാഗങ്ങളില്‍ ദേശീയ തലത്തിലെ മികച്ച പ്രബന്ധങ്ങള്‍ക്കുള്ള പുരസ്കാരങ്ങള്‍ ചീഫ് സെക്രട്ടറി വിതരണം ചെയ്തു.

ഐടിപിഐ പ്രസിഡന്‍റ് എന്‍.കെ പട്ടേല്‍, വൈസ് പ്രസിഡന്‍റ് അനൂപ് കുമാര്‍ ശ്രീവാസ്തവ, കേരള റീജണല്‍ ചാപ്റ്റര്‍ ചെയര്‍മാന്‍ രാജേഷ് പി.എന്‍, ടെക്നോ അഡ്മിന്‍ കോ-ഓര്‍ഡിനേറ്റര്‍ പ്രദീപ് കപൂര്‍ എന്നിവരും സംസാരിച്ചു.
 
'ഇന്‍റലിജന്‍റ്, ഡിജിറ്റല്‍ സ്പേഷ്യല്‍ പ്ലാനിംഗ് ആന്‍ഡ് ഗവേണന്‍സ്' എന്ന പ്രമേയത്തില്‍ നടന്ന സമ്മേളനത്തില്‍ രാജ്യത്തുടനീളമുള്ള ടൗണ്‍ പ്ലാനേഴ്സും നയരൂപകര്‍ത്താക്കളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പങ്കെടുത്തു.


ഇന്ത്യന്‍ നഗരങ്ങള്‍ താപ-പ്രതിരോധശേഷിയുള്ള നഗര ആസൂത്രണവും രൂപകല്‍പ്പനയും സ്വീകരിക്കണമെന്ന് 'ബ്ലൂ ഗ്രീന്‍ ഇക്കണോമി ഫോര്‍ റിസീലിയന്‍റ് ഫ്യൂച്ചര്‍' എന്ന സെഷനില്‍ സംസാരിച്ച വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
 
കനത്ത ചൂട് ഉല്‍പ്പാദനക്ഷമതയെ ബാധിക്കുകയും നഗര അടിസ്ഥാന സൗകര്യങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യും. രാജ്യത്തിനായി കാലാവസ്ഥാ സംവേദനക്ഷമതയുള്ള നഗര രൂപകല്‍പ്പന സ്വീകരിക്കാനും ഹീറ്റ് മാനേജ്മെന്‍റ് പോളിസി വ്യാപകമാക്കാനും അവര്‍ ആഹ്വാനം ചെയ്തു.

പ്രകൃതി അടിസ്ഥാനമാക്കിയുള്ള പരിഹാരങ്ങളും ബ്ലൂ-ഗ്രീന്‍ ഇക്കണോമിയും സംയോജിപ്പിക്കണമെന്ന് ന്യൂഡല്‍ഹിയിലെ സിഎസ്ഇ സസ്റ്റൈനബിള്‍ ഹാബിറ്റാറ്റ് പ്രോഗ്രാം ഡയറക്ടര്‍ രജനീഷ് സരീന്‍ പറഞ്ഞു.
 
ഐഐടി ഖൊരഗ്പൂര്‍ ആര്‍കിടെക്ചര്‍ ആന്‍ഡ് പ്ലാനിംഗ് വിഭാഗം മുന്‍ ഫാക്കല്‍റ്റി ഡോ. ബാനി ചക്രവര്‍ത്തി, ബെംഗളൂരു നിറ്റേ സ്കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ പ്ലാനിംഗ് ആന്‍ഡ് ഡിസൈന്‍ അസി. പ്രൊഫസര്‍ ഡോ. രേഷ്മ വിലാസന്‍, ന്യൂഡല്‍ഹിയിലെ സിഎസ്ഇ എക്സിക്യുട്ടീവ് ഡയറക്ടര്‍ അനുമിത റോയ് ചൗധരി എന്നിവരും സെഷനില്‍ സംസാരിച്ചു.


ലഭ്യമായ സ്ഥലം പ്രയോജനപ്പെടുത്തി ആളുകളുടെ സംവേദനക്ഷമതയ്ക്ക് അനുസൃതമായ രൂപകല്‍പ്പന നടത്തണമെന്ന് ടൗണ്‍  പ്ലാനര്‍മാര്‍മാരുടെ ഉത്തരവാദിത്തമാണെന്ന് 'ടെക്നോ അര്‍ബനിസം' എന്ന വിഷയത്തില്‍ സംസാരിക്കവേ സ്കൂള്‍ ഓഫ് പ്ലാനിംഗ് ആന്‍ഡ് ആര്‍ക്കിടെക്ചര്‍ ഡയറക്ടര്‍ വി.കെ. പോള്‍ പറഞ്ഞു. നഗരാസൂത്രണണത്തില്‍ ഉള്‍ക്കൊള്ളല്‍, പ്രവേശനക്ഷമത എന്നിവ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.

ഡാറ്റ വിശകലനം ആസൂത്രണത്തില്‍ പ്രധാനമാണെന്ന് ചീഫ് ടൗണ്‍ പ്ലാനര്‍ (വിജിലന്‍സ്) കെ.വി അബ്ദുല്‍ മാലിക് പറഞ്ഞു.
 
എംഎംആര്‍ഡിഎ (പ്ലാനിംഗ് ഡിവിഷന്‍) മുന്‍ പ്രിന്‍സിപ്പല്‍ ചീഫും സിഇപിടി പ്ലാനിംഗ് ഡീന്‍ ഫാക്കല്‍റ്റിയുമായ പ്രൊഫ. വി.കെ പതക്, ഭോപ്പാലിലെ സ്കൂള്‍ ഓഫ് പ്ലാനിംഗ് ആന്‍റ് ആര്‍ക്കിടെക്ചര്‍ മുന്‍ ഡയറക്ടര്‍ ഡോ.എന്‍. ശ്രീധരന്‍, അഹമ്മദാബാദിലെ സിഇപിടി യൂണിവേഴ്സിറ്റിയിലെ പ്രൊഫ. ഡോ. ശാശ്വത് ബന്ദോപാധ്യായ, ഹൈദരാബാദിലെ ലൈഫിന്‍ക്രിപ്റ്റ് ചീഫ് സയന്‍റിസ്റ്റ് കെ. രവികുമാര്‍ റെഡ്ഡി എന്നിവരും സംസാരിച്ചു.


എല്ലാ ഗ്രാമങ്ങളിലും സ്കൂള്‍, ആശുപത്രി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ എന്ന ആശയത്തിലൂന്നിയുള്ള സാമൂഹിക ആസൂത്രണത്തിന്‍റെ ചരിത്രമാണ് കേരളത്തിനുള്ളതെന്ന് 'ലോക്കല്‍ ഡെമോക്രസി ആന്‍ഡ് സ്പേഷ്യല്‍ പ്ലാനിംഗ് ഇന്‍ കേരള' എന്ന വിഷയത്തില്‍ സംസാരിച്ച മുന്‍ കേരള ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ് പറഞ്ഞു. ആസൂത്രണ പ്രവര്‍ത്തനങ്ങളില്‍ ഐടിപിഐ കിലയുമായി സഹകരിച്ചു പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തദ്ദേശ സ്വയംഭരണവകുപ്പ് (പ്ലാനിംഗ്) ചീഫ് ടൗണ്‍ പ്ലാനര്‍ ഷിജി ഇ ചന്ദ്രന്‍, മുന്‍ സംസ്ഥാന അഡീഷണല്‍ ചീഫ് ടൗണ്‍ പ്ലാനര്‍ ജേക്കബ് ഈശോ, കിലയിലെ അര്‍ബന്‍ ചെയര്‍ പ്രൊഫസര്‍ ഡോ. അജിത് കളിയത്ത്, എന്‍ഐറ്റി കാലിക്കറ്റ് അസോസിയേറ്റ് പ്രൊഫസര്‍ ഡോ. മുഹമ്മദ് ഫിറോസ്, റിട്ട സീനിയര്‍ ടൗണ്‍ പ്ലാനര്‍ ബൈജു കെ, മുംബൈ എംഎസ്ആര്‍ഡിസി ഡെപ്യൂട്ടി ഡയറക്ടര്‍ ഉദയ് ചന്ദര്‍ എന്നിവരും ഈ സെഷനില്‍ സംസാരിച്ചു.


നഗരവികസനത്തില്‍ നവീന ആശയങ്ങളുടെ പ്രാധാന്യം, ഡിജിറ്റല്‍ സ്പേഷ്യല്‍ പ്ലാനിംഗ് എന്നിവയാണ് സമ്മേളനത്തില്‍ ചര്‍ച്ചചെയ്ത പ്രധാന വിഷയങ്ങള്‍. സാങ്കേതിക മുന്നേറ്റം, സ്മാര്‍ട് സിറ്റികളുടെ ഫലപ്രാപ്തി, തദ്ദേശ സ്ഥാപനങ്ങളുടെ സാമ്പത്തിക സ്വയംഭരണം, കാലാവസ്ഥാ വെല്ലുവിളികളുടെ ആഘാതം കുറയ്ക്കല്‍ തുടങ്ങി നഗര-പ്രാദേശിക വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങളും ചര്‍ച്ചയായി. സമ്മേളനത്തിലെ പ്രതിനിധികള്‍ ഇന്ന് (ജനുവരി 12) നഗരത്തിലെ വിവിധ പദ്ധതി പ്രദേശങ്ങള്‍ സന്ദര്‍ശിക്കും.
 
ഇന്ത്യയിലെ നഗരാസൂത്രണ വിദഗ്ധരുടെ സംഘടനയായ ഐടിപിഐ 1951 ലാണ് നിലവില്‍ വന്നത്. പട്ടണങ്ങളുടെയും നഗരങ്ങളുടെയും മറ്റ് പ്രദേശങ്ങളുടെയും സമഗ്രവും സുസ്ഥിരവുമായ വികസനത്തിന് വേണ്ട ഗവേഷണം, പരിശീലനം, വിദ്യാഭ്യാസം എന്നിവ പ്രോത്സാഹിപ്പിക്കുകയാണ് ഐടിപിഐയുടെ ലക്ഷ്യം. 18 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കേരളത്തില്‍ എന്‍ടിസിപി സമ്മേളനത്തിന് കേരളം വേദിയായത്.
Advertisment