കാന്തപുരത്തിനെതിരായ 'പിന്തിരിപ്പൻ' വിമര്‍ശനം എം വി ഗോവിന്ദന്‍റെ നാവ് പിഴവോ മനപൂര്‍വ്വമോ ? കാന്തപുരം സുന്നി വിഭാഗവും സിപിഎമ്മും തമ്മിലുളള ബന്ധത്തില്‍ ഉലച്ചില്‍, ഗോവിന്ദന് മറുപടി പറഞ്ഞ് കാന്തപുരം, പ്രതികരിച്ച് വഷളാക്കേണ്ടെന്ന് സിപിഎം നേതാക്കള്‍ക്ക് വിമര്‍ശനം

New Update
cpm kanthapuram

കോഴിക്കോട് : സി.പി.എമ്മും കാന്തപുരം എ.പി അബൂബക്കർ മുസലിയാരുടെ നേതൃത്വത്തിലുളള സുന്നി വിഭാഗവും തമ്മിലുളള ബന്ധം ഉലയുന്നു.


Advertisment

 'മെക് 7' വ്യായാമ പരിപാടിക്കെതിരെ കാന്തപുരം നടത്തിയ പ്രതികരണത്തെ വിമർശിച്ച് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ രംഗത്തെത്തിയതാണ് ഏറെ അടുപ്പം പുലർത്തിയിരുന്ന എ.പി സുന്നി വിഭാഗവുമായുളള ബന്ധത്തിൽ ഉലച്ചിൽ വരുത്തിയത്.


മലബാറിൽ അരിവാൾ സുന്നികൾ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന കാന്തപുരം വിഭാഗം സമസ്തയിൽ നിന്ന് പിളർന്ന് പുറത്തുപോയ കാലം മുതൽ സി.പി.എമ്മിനൊപ്പം നിൽക്കുന്ന സംഘടനയാണ്. 

kanthapuram145

'മെക് 7' പരിപാടിയിൽ പുരുഷന്മാരും സ്ത്രീകളും ഇടകലർന്ന് വ്യായാമം ചെയ്യുന്നത് മത ശാസനക്ക് എതിരാണെന്നായിരുന്നു കാന്തപുരം അബൂബക്കർ മുസലിയാരുടെ വിമർശനം. കാന്തപുരത്തിൻെറ ഈ നിലപാടിനെ പിന്തിരപ്പൻ എന്ന് വിമർശിച്ചുകൊണ്ടായിരുന്നു എം.വി.ഗോവിന്ദൻെറ മറുപടി.


സി.പി.എം പാലക്കാട് ജില്ലാ സമ്മേളനത്തിൻെറ ഉൽഘാടന പ്രസംഗത്തിൽ വെച്ച് കാന്തപുരത്തിൻെറ പേര് പരാമർശിക്കാതെയായിരുന്നു എം.വി.ഗോവിന്ദൻ കാന്തപുരത്തെ വിമർശിച്ചത്. പൊതു ഇടങ്ങിളിലേക്ക് സ്ത്രീകൾ ഇറങ്ങരുതെന്ന് പറയുന്നത് പിന്തിരിപ്പൻ നിലപാടാണ്.


അങ്ങനെ ശാഠ്യം പിടിക്കുന്നവർക്ക് പിടിച്ച് നിൽക്കാനാവില്ല. പുരോഗമന നിലപാട് സ്വീകരിച്ച് മുന്നോട്ട് പോകേണ്ടിവരും എന്നായിരുന്നു എം.വി.ഗോവിന്ദൻെറ പ്രതികരണം. 

പുരുഷ കേന്ദ്രീകൃതമായ മേധാവിത്വത്തിൻെറ ഭാഗമായി ഇപ്പോഴും പൊതുഇടങ്ങളിൽ സ്ത്രീകൾ ഉണ്ടാകരുതെന്ന നിലപാടിലേക്ക് എങ്ങനെ പോകാനാകും എന്നും എം.വി. ഗോവിന്ദൻ കാന്തപുരത്തോട് എന്നവണ്ണം ചോദിച്ചിരുന്നു. 

women ex kanthapuram

ഇതിൽ പ്രകോപിതനായ കാന്തപുരം അബൂബക്കർ മുസലിയാർ എം.വി ഗോവിന്ദന് നേരിട്ട് മറുപടി പറഞ്ഞതോടെയാണ് പതിറ്റാണ്ടുകളായുളള
ബന്ധത്തിന് ഉലച്ചിൽ തട്ടിയത്.

 പുരോഗമനവും സ്ത്രീ സമത്വവും പറയുന്ന എം.വി.ഗോവിന്ദൻെറ സ്വന്തം ജില്ലയായ കണ്ണൂരിൽ 18 ഏരിയാ കമ്മിറ്റി സെക്രട്ടറിമാരിൽ ഒരു വനിത പോലും ഇല്ലാത്തതെന്താണെന്നായിരുന്നു കാന്തപുരത്തിൻെറ മറുചോദ്യം.


സ്ത്രീസമത്വത്തിനായി വാദിക്കുന്നവർ സ്വന്തം കാര്യം വരുമ്പോൾ മൌനം പാലിക്കുകയാണെന്നും കാന്തപുരം പരിഹസിച്ചു." ഇന്നലെ ഒരാളുടെ പ്രസ്താവന കേട്ടു.അയാളുടെ പാർട്ടിയിൽ തന്നെ അയാൾ ജീവിക്കുന്ന ജില്ലയിൽ തന്നെ, ഞാൻ പത്രമെടുത്ത് നോക്കി  ഏരിയാ സെക്രട്ടറിമാരെ തിരഞ്ഞെടുത്തിരിക്കുന്നു.


 18 പേരെ, ഈ 18 ഉം പുരുഷന്മാരാണ്. ഒറ്റ സ്ത്രീയെയും കിട്ടിയിട്ടില്ല. എന്തേ അവിടെ പെണ്ണുങ്ങളെ പരിഗണിക്കാത്തത്. ഞങ്ങൾ പറയുന്നതിന് എന്തിനാണ് ഇങ്ങനെ കുതിര കേറാൻ വരണോ. ഞങ്ങളുടെ മതത്തിൻെറ വിധി ഞങ്ങൾ പറയുന്നത് മുസ്ളീങ്ങളോടാണ്.

അതുകൊണ്ട് മറ്റുളള മതങ്ങളുമായി ബന്ധപ്പെടേണ്ട എന്നൊന്നും ഞങ്ങൾ പറയുന്നില്ല'' - ആലപ്പുഴയിലെ സുന്നി സമ്മേളനത്തിൽ കാന്തപുരം പറഞ്ഞു.


ലീഗ് വിരുദ്ധ രാഷ്ട്രീയ സമീപനം സ്വീകരിക്കുന്നവരും എക്കാലവും ഇടത് പക്ഷത്തിൻെറ  അടുപ്പക്കാരുമായ കാന്തപുരം വിഭാഗവും സി.പിഎമ്മും തമ്മിലുളള ബന്ധം ഉലയുന്നതിനെ മുസ്ലീം ലീഗ് കരുതലോടെയാണ് സമീപിക്കുന്നത്.


 സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരായ കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയെ മുസ്ലീം ലീഗ് പിന്തുണച്ചു.

muslim leauge flag

ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാമാണ് കാന്തപുരത്തെ പിന്തുണച്ച് രംഗത്തെത്തിയത്. മത പണ്ഡിതന്മാർ മതം പറയുമ്പോൾ മറ്റുളവർ അതിൽ എന്തിനാണ് ഇടപെടുന്നതെന്ന് പി.എം.എ സലാം ചോദിച്ചു.

കാന്തപുരത്തിൻെറ വിമർശനത്തോട് സി.പി.എം പിന്നീട് കാര്യമായ പ്രതികരണം നടത്തിയില്ല. പ്രതികരിച്ചവർ തന്നെ കാന്തപുരത്തോട് മൃദുസമീപനമാണ് പുലർത്തിയത്.


സ്ത്രീപുരുഷ സമത്വം സംബന്ധിച്ച് കാന്തപുരം അബൂബക്കർ മുസ്ലിയാർ പറഞ്ഞത് അദ്ദേഹത്തിന്റെ വിശ്വാസമാണെന്നായിരുന്നു ടിഎം തോമസ് ഐസക്കിൻെറ പ്രതികരണം. ജമാഅത്തെ ഇസ്ലാമിയെപ്പോലെ മുസ്ലിം മത രാഷ്ട്രത്തിനു വേണ്ടി കാന്തപുരം അബൂബക്കർ മുസ്ലിയാർ പറഞ്ഞിട്ടില്ലെന്നും ടിഎം തോമസ് ഐസക് പറഞ്ഞു.


കൂടുതൽ പ്രതികരണം നടത്തി കാന്തപുരം വിഭാഗത്തെ കൂടുതൽ പിണക്കേണ്ടെന്ന കരുതലിലാണ് സി.പി.എം നേതാക്കൾ കടുത്ത പ്രതികരണത്തിന് മുതിരാത്തത് എന്നാണ് സൂചന.

Advertisment