പുന:സംഘടനയ്ക്ക് പുതിയ വേഗം. ടീം കോൺഗ്രസ് നാളെ ഡൽഹിയിലേക്ക്. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരും ഡി.സി.സി അദ്ധ്യക്ഷൻമാരും മാറും. പുതിയ സെക്രട്ടറിമാരുടെ പട്ടികയും പുറത്തിറങ്ങും. ചർച്ചകൾ അന്തിമഘട്ടത്തിലേക്ക്

New Update
vd satheesan sunny joseph kc venugopal

തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസിലെ സംഘടനാ അഴിച്ചുപണിക്കായി കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണി ജോസഫ് അടക്കമുള്ളവർ ചൊവ്വാഴ്ച ഡൽഹിക്ക് തിരിക്കും. 

Advertisment

കെ.പി.സി.സി അദ്ധ്യക്ഷനൊപ്പം പ്രതിപക്ഷനേതാവ് വി.ഡി സതീശൻ, കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റുമാരായ ഷാഫി പറമ്പിൽ, പി.സി വിഷ്ണുനാഥ്, കെ.പി അനിൽകുമാർ എന്നിവരും ഡൽഹിക്ക് തിരിക്കും. 


കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപദാസ് മുൻഷി, സംഘടനാ കാര്യങ്ങളുടെ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തുന്ന സംഘം അന്തിമ പട്ടിക കേന്ദ്രനേതൃത്വത്തിന് കൈമാറും. തുടർന്ന് ഡൽഹിയിൽ നിന്നാവും പ്രഖ്യാപനമുണ്ടാവുക. 


കെ.പി.സി.സി ജനറൽ സെക്രട്ടറിമാരിൽ പലർക്കും സ്ഥാനമാറ്റമുണ്ടാവും. പ്രവർത്തനമികവിന്റെ അടിസ്ഥാനത്തിൽ മാത്രമാവും പുതിയ പട്ടികയിൽ ആളുകളെ ഉൾപ്പെടുത്തുക. ജനറൽ സെക്രട്ടറിമാരിൽ ചിലരെ ഡി.സി.സി അദ്ധ്യക്ഷൻമാരായും പരിഗണിക്കുന്നുണ്ട്. 

ചെറുപ്പക്കാർക്കും വനിതകൾക്കും മുൻഗണന നൽകുന്നതിനൊപ്പം പരിചയസമ്പന്നരായ മുതിർന്ന നേതാക്കൾക്കും പ്രത്യേക പരിഗണന നൽകും. മുല്ലപ്പള്ളി രാമചന്ദ്രന്റെ കാലത്ത് നിയമനം നടത്തിയ കെ.പി.സി.സി സെക്രട്ടറിമാരുടെ പട്ടിക ഇല്ലാതായതോടെ നിലവിൽ ആർക്കും സെക്രട്ടറി ചുമതലയില്ല. 


അതുകൊണ്ട് തന്നെ പുതിയ സെക്രട്ടറിമാരുടെ പട്ടികയും അതിനൊപ്പം തന്നെ എക്‌സിക്യൂട്ടീവ് അംഗങ്ങളെയും നിശ്ചയിക്കും. ജംബോ കമ്മിറ്റി വേണ്ടെന്ന് തീരുമാനമായതിനാൽ തന്നെ മികച്ച പ്രവർത്തകർക്കാവും സ്ഥാനങ്ങൾ നൽകുക. 


മുമ്പ് 23 അംഗ ജനറൽ സെക്രട്ടറി പട്ടികയായിരുന്നു പുറത്തിറക്കിയിരുന്നത്. നിലവിൽ രണ്ട് ഒഴിവുകളാണ് അതിലുള്ളത്. ഇതിന് പുറമേ ചില ജനറൽ സെക്രട്ടറിമാർക്ക് കൂടി സ്ഥാന ചലനം സംഭവിക്കും. 

ഒരു ജനറൽ സെ്രകട്ടറിക്ക് രണ്ട് സെക്രട്ടറിമാർ എന്ന അനുപാതത്തിലാവും സെക്രട്ടറിമാരുടെ പട്ടിക പുറത്തിറങ്ങുക. എക്‌സിക്യൂട്ടീവിലും അഴിച്ചുപണി നടക്കും. 


ഒന്നിലേറെ തവണ ഭാരവാഹിത്വം വഹിച്ചവരും പ്രവർത്തനമികവ് കാട്ടാത്തവരും പുറത്ത് പോകുമെന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്.


ഡി.സി.സി അദ്ധ്യക്ഷൻമാരുടെ കാര്യത്തിലും അന്തി തീരുമാനത്തിൽ എത്തിയിട്ടില്ല. എന്നാൽ ഭൂരിഭാഗം ഡി.സി.സികളും ചലനാത്മകമാക്കുന്നതിന്റെ ഭാഗമായി അഴിച്ചുപണിയുമെന്ന സൂചനയാണ് ലഭിക്കുന്നത്. 

നിലവിൽ തൃശ്ശൂർ ഡി.സി.സി ഒഴികെയുള്ള ഇടങ്ങളിൽ ഡി.സി.സി ഭാരാവാഹികളെയും പുനർനിശ്ചയിക്കും. തദ്ദേശ - നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഓരോ ജില്ലയിലെ പ്രവർത്തനങ്ജൾ എകോപിപ്പിക്കുന്നത് ജില്ലാ കോൺഗ്രസ് നേതൃത്വമായതിനാൽ തന്നെ ചടുലതയുള്ള യുവാക്കൾ ഡി.സി.സികളിൽ ഉൾപ്പെടണമെന്ന നിർദ്ദേശവും ഉയർന്നിട്ടുണ്ട്. 

ഈ മാസത്തിൽ തന്നെ പുന:സംഘടന പൂർത്തിയാക്കി പാർട്ടി തദ്ദേശത്തിരഞ്ഞെടുപ്പിന്റെ ഒരുക്കത്തിലേക്ക് കടക്കും.

Advertisment