/sathyam/media/media_files/2025/08/26/sunny-satheesan-rahul-2025-08-26-23-46-31.jpg)
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്ക് എതിരായ ലൈംഗികാരോപണം കത്തി നിൽക്കുന്നതിനിടെ ചേർന്ന കെ.പി.സി.സി നേതൃയോഗത്തിൽ വിവാദം ചർച്ചയായില്ല.
ഓൺലൈനായി ചേർന്ന കെ.പി.സി.സി ഭാരവാഹികളുടെയും, ഡി.സി.സി അധ്യക്ഷന്മാരുടെയും യോഗത്തിലാണ് രാഹുലിന് എതിരായ ആരോപണം ചർച്ച ആകാതെ പോയത്. വിവാദം ചർച്ചയാകാതിരിക്കാൻ വേണ്ട മുൻകരുതൽ എടുത്താണ് നേതൃത്വം യോഗത്തിനെത്തിയത്.
രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ ഉയർന്ന ലൈംഗികാരോപണങ്ങളും തുടർ വിവാദങ്ങളും പാർട്ടി നടപടിയും ഒന്നും ആരും ഉന്നയിക്കേണ്ടെന്ന് പറഞ്ഞുകൊണ്ടാണ് കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് യോഗം തുടങ്ങിയിത്.
ഓൺലൈനിൽ നടക്കുന്ന യോഗം റെക്കോഡ് ചെയ്യാൻ സാധിക്കുമെന്ന് മനസിലാക്കിയാണ് നേതൃത്വം വിവാദത്തിന്മേലുളള ചർച്ച വിലക്കിയത്. രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം ഉയർന്നപ്പോൾ രാഷ്ട്രീയകാര്യ സമിതി യോഗം ഓൺലൈനായി വിളിക്കണമെന്ന് ആവശ്യം ഉയർന്നിരുന്നു.
യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് അടക്കം രാഷ്ട്രീയകാര്യ സമിതി വിളിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അതും റെക്കോഡിങ്ങ് ഭയന്നാണ് ചേരാതിരുന്നത്. വിവാദങ്ങൾ ചർച്ചയായില്ലെങ്കിലും മാങ്കൂട്ടത്തിലിൻെറ രാജി ആവശ്യപ്പെട്ട നേതാക്കൾക്കെതിരെ നടക്കുന്ന രൂക്ഷമായ സൈബർ ആക്രമണം യോഗത്തിൽ ചർച്ചയായി.
സമൂഹിക മാധ്യമങ്ങളിലൂടെ നേതാക്കൾക്കെതിരെ നടത്തുന്ന അധിക്ഷേപങ്ങൾ അവസാനിപ്പിക്കണമെന്നാണ് യോഗത്തിൽ ഉയർന്ന അഭിപ്രായം. തൃക്കാക്കര എം.എൽ.എ ഉമാ തോമസ് , പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ തുടങ്ങിയവർക്കെതിരെയാണ് രൂക്ഷമായ സൈബർ അധിക്ഷേപം നടക്കുന്നത്.
രാഹുലിനെതിരെ ഉയർന്ന ഗുരുതരമായ ലൈംഗികാരോപണങ്ങൾക്ക് പിന്നാലെ പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്പെന്റ് ചെയ്ത വിഷയം അവസാനിപ്പിക്കാനാണ് കോൺഗ്രസ് നേതൃത്വത്തിൻെറ താൽപര്യം.
സിപി.എമ്മിനെതിരെ വലിയ വാർത്ത ഉണ്ടാകുമെന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻെറ ഭീഷണിയും രാഹുൽ വിവാദം ലക്ഷ്യം വെച്ചുളളതാണ്.
വിവാദം അവസാനിപ്പിച്ച് രാഷ്ട്രീയ എതിരാളികൾക്ക് നേരെ തിരിച്ചുവിടുക എന്നതാണ് കോൺഗ്രസ് നേതൃത്വത്തിൻെറ തന്ത്രം. പാർട്ടിയുടെ പ്രഥമികാംഗത്വത്തിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തിലിനെ സസ്പെന്റ് ചെയ്ത് പുറത്തുനിർത്തുമെന്ന് സി.പി.എമ്മോ ബി.ജെ.പിയോ പ്രതീക്ഷിച്ചതല്ല.
കോൺഗ്രസ് എടുത്ത തീരുമാനം എതിരാളികളെ അമ്പരപ്പിച്ചു എന്നാണ് അവരുടെ പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാകുന്നതെന്നും പാർട്ടി വിലയിരുത്തുന്നു.
ആരോപണ വിധേയനായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ സ്ഥാനം രാജി വെക്കണമെന്ന ആവശ്യത്തിൽ നിന്ന് സി.പി.എം പിന്നോട്ടുപോയതായും കോൺഗ്രസ് വിലയിരുത്തുന്നുണ്ട്.
രാജി കോൺഗ്രസിൻെറ ധാർമികതക്ക് വിടുന്നു എന്നാണ് തുടക്കം മുതൽ സി.പി.എം പറഞ്ഞിരുന്നത്. എന്നാൽ ഗർഭഛിദ്രത്തിൻെറ ഫോൺ റെക്കോഡ് പുറത്തുവന്നതോടെ കോൺഗ്രസ് നേതാക്കൾ രാജി ആവശ്യപ്പെട്ടു.
അപ്പോൾ മാത്രമാണ് സി.പി.എം രാജിയാവശ്യം കടുപ്പിച്ചത്. ഇപ്പോൾ രാഹുലിൻെറ സസ്പെൻഷൻ വന്നതോടെ സി.പി.എം, കോൺഗ്രസിന് വിടുന്നു എന്ന പഴയപല്ലവിയിലേക്ക് തിരികെ പോയിട്ടുണ്ട്.
ഇതിനൊപ്പമാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉയർത്തിയ വെല്ലുവിളി സി.പി.എം - ബി.ജെ.പി ക്യാമ്പിലും ആശങ്ക വിതച്ചിട്ടുണ്ട്. ചില്ലറ ചുറ്റിക്കളികളുളള നേതാക്കളും എം.എൽ.എമാരുമെല്ലാം തങ്ങൾക്ക് നേരെയാണോ സതീശൻ വെടിയുതിർക്കാൻ പോകുന്നതെന്ന ആശങ്കയിലാണ് കഴിയുന്നത്.
മലബാർ മേഖലയിലുളള ബി.ജെ.പി നേതാവിനെതിരെ ചില പരാതികളും വെളിപ്പെടുത്തലുകളും ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് ബി.ജെ.പി ക്യാമ്പിൽ നിന്ന് പുറത്തുവരുന്ന ആശങ്ക.
നേതാവിൻെറ ബന്ധുക്കളിൽ നിന്ന് പരാതിയുണ്ടെന്ന വിവരം നേരത്തെ ബി.ജെ.പി ക്യാമ്പിൽ പ്രചരിച്ചിരുന്നു. എന്നാൽ പ്രതിപക്ഷ നേതാവ് മുന്നറിയിപ്പ് നൽകിയതോടെ ഈ പരാതിയാണോ പുറത്തുവരാൻ പോകുന്നതെന്ന സംശയം ഉയർന്നിട്ടുണ്ട്.
പരാതി സംബന്ധിച്ച് നേതാവ് പാർട്ടിക്ക് നൽകിയ മറുപടിയിൽ മറ്റുചില നേതാക്കൾക്കെതിരെ ആക്ഷേപങ്ങൾ ഉളളതായും സൂചനയുണ്ട്.