ലൈംഗികാരോപണം നേരിടുന്ന എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുത്തേക്കിക്കില്ല. മാങ്കൂട്ടത്തിലിന്റെ സാന്നിധ്യം ദോഷകരമാകും എന്ന വിലയിരുത്തലില്‍ കോണ്‍ഗ്രസ്. സഭാ സമ്മേളനത്തില്‍ പങ്കെടുക്കേണ്ടെന്ന സന്ദേശം രാഹുലിന് കൈമാറി കോണ്‍ഗ്രസ് നേതൃത്വം. പാര്‍ട്ടിയെ പ്രതിരോധത്തിലാക്കില്ലെന്ന് നേതാക്കള്‍ക്ക് ഉറപ്പു നല്‍കി രാഹുല്‍ മാങ്കൂട്ടത്തില്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ ഇപ്പോള്‍ കോണ്‍ഗ്രസ് അംഗമല്ലെന്നാണ് ഇതേപ്പറ്റിയുളള ചോദ്യങ്ങള്‍ക്ക് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ പ്രതികരണം.

New Update
rahul nankoottathil vd satheesan

തിരുവനന്തപുരം: ലൈംഗികാരോപണം നേരിടുന്ന പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുത്തേക്കിക്കില്ല. ലോക്കപ്പ് മര്‍ദ്ദനങ്ങള്‍ ഉയര്‍ത്തി നിയമസഭാ സമ്മേളനത്തില്‍ സര്‍ക്കാരിനെ വിചാരണചെയ്യാന്‍ ഒരുങ്ങുമ്പോള്‍ ആരോപണവിധേയനായ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സാന്നിധ്യം ദോഷകരമാകും എന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍.


Advertisment

അതുകൊണ്ടുതന്നെ സഭാ സമ്മേളനത്തില്‍ പങ്കെടുക്കേണ്ടെന്ന സന്ദേശം കോണ്‍ഗ്രസ് നേതൃത്വം രാഹുലിന് കൈമാറി. ഇക്കാര്യം അടുപ്പമുള്ള നേതാക്കള്‍ രാഹുലിനെ അറിയിച്ചിട്ടുണ്ട്. പാര്‍ട്ടിയെ പ്രതിരോധത്തിലാക്കില്ലെന്ന് നേതാക്കള്‍ക്ക് രാഹുല്‍ മാങ്കൂട്ടത്തില്‍ ഉറപ്പു നല്‍കി.


രാഹുല്‍ മാങ്കൂട്ടത്തില്‍ ഇപ്പോള്‍ കോണ്‍ഗ്രസ് അംഗമല്ലെന്നാണ് ഇതേപ്പറ്റിയുളള ചോദ്യങ്ങള്‍ക്ക് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ പ്രതികരണം.

രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ കോണ്‍ഗ്രസ് കൂട്ടായ നടപടിയെടുത്തിട്ടുണ്ട്. എന്നാല്‍ ബലാത്സംഗ കേസിലെ പ്രതി ഉള്‍പ്പെടെ ഇപ്പോഴും ഭരണപക്ഷത്തിരിക്കുന്നുണ്ടെന്നും സതീശന്‍ പറഞ്ഞു. രാഹുല്‍ വിഷയം സഭയില്‍ ഉന്നയിച്ചാല്‍ ഭരണപക്ഷത്തെ പീഡനക്കേസ് പ്രതികള്‍ക്കെതിരെയുള്ള എഫ്‌ഐആര്‍ വായിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍  അറിയിച്ചു. 

vd satheesan the leader

രാഹുലിനെ നിയമ സഭാ സമ്മേളനത്തില്‍ പങ്കെടുപ്പിക്കണോയെന്നതില്‍ തീരുമാനമെടുക്കേണ്ടത് കോണ്‍ഗ്രസാണെന്നാണ് എല്‍.ഡി.എഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണനും പ്രതികരിച്ചു. രാഹുല്‍ എം.എല്‍.എ നിയമസഭയില്‍ എത്തിയാല്‍ ശക്തമായി പ്രതിഷേധിക്കാനാണ് എല്‍.ഡി.എഫിന്റെ തീരുമാനം. ഹീനമായ ലൈംഗിക ആരോപണങ്ങള്‍ നേരിടുന്ന രാഹുലിന് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാനല്ല, എം.എല്‍.എ സ്ഥാനത്ത് തുടരുന്നതിന് പോലും അവകാശം ഇല്ലെന്നാണ് ഇടതുമുന്നണിയുടെ നിലപാട്.


സഭാ സമ്മേളനം നാളെ തുടങ്ങാനിരിക്കെ രാഹുല്‍ മാങ്കൂട്ടത്തില്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനെ ചൊല്ലി കോണ്‍ഗ്രസ് സൈബര്‍ ഗ്രൂപ്പുകളിലും വാക് പോര് തുടരുകയാണ്. നിയമപരമായി ഏതെങ്കിലും ഫോറങ്ങളില്‍ പരാതിയില്ലാത്തതിനാല്‍ രാഹുല്‍ എം.എല്‍.എ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുക തന്നെ വേണമെന്നാണ് ഷാഫി പറമ്പിലിന്റെയും രാഹുലിന്റെയും അനുകൂലികളായവരുടെ സൈബറിടത്തിലെ നിലപാട്.


സഭാ രേഖകള്‍ പ്രകാരം രാഹുല്‍ ഇപ്പോഴും പാലക്കാട് എം.എല്‍.എ തന്നെയാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ പരാതിയില്ലെന്ന സാങ്കേതികത്വത്തില്‍ പിടിച്ച് രാഹുല്‍ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വരരുതെന്നാണ് രാഹുലിനെ എതിര്‍ക്കുന്നവരുടെ നിലപാട്.

പരാതിയില്ലെന്നത് വസ്തുതയാണെങ്കിലും ഉയര്‍ന്നുവന്ന ആരോപങ്ങളുടെ സത്യ സ്ഥിതി അറിയുന്നവരും സമാന അനുഭവം ഉണ്ടായവരും പാര്‍ട്ടിയിലും പാര്‍ട്ടി കുടുംബങ്ങളിലും ഉണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ട് ആരോപണങ്ങളില്‍ വ്യക്തത വരുത്തിയ ശേഷം മാത്രം രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭാ സമ്മേളനത്തില്‍ എത്തിയാല്‍ മതി എന്നാണ് എതിരാളികളുടെ വാദം.


പങ്കെടുക്കരുതെന്ന വികാരം പാര്‍ട്ടി നേതൃത്വം അറിയിച്ചിട്ടുണ്ടെങ്കിലും രാഹുല്‍ മാങ്കൂട്ടത്തില്‍ ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. അതുകൊണ്ടുതന്നെ നാളെ നടക്കുന്ന സഭാ സമ്മേളനത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പങ്കെടുക്കുമോ എന്നതില്‍ രാഷ്ട്രീയ ആകാംക്ഷ തുടരുകയാണ്.


സാന്നിധ്യം പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്ന വികാരത്തില്‍ സഭാ സമ്മേളനത്തില്‍ രാഹുല്‍ പങ്കെടുക്കേണ്ടതില്ലെന്നാണ് ഭൂരിഭാഗം നേതാക്കളുടെയും നിലപാടെങ്കിലും പാര്‍ട്ടി അംഗം അല്ലാത്തതിനാല്‍ അത് നിഷ്‌കര്‍ഷിക്കാനാവില്ല. 

rahul

നാളെ തുടങ്ങുന്ന നിയമസഭാ സമ്മേളനത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായെ ആരോപണങ്ങള്‍ തന്നെയാകും ഭരണപക്ഷത്തിന്റെ തുറുപ്പ് ചീട്ട്. രാഹുല്‍ എത്തിയാല്‍ ഇതുവരെ ഉയര്‍ന്നുവന്ന എല്ലാ ആരോപണങ്ങളും ഉന്നയിക്കാനാണ് ഭരണപക്ഷത്തെ തീരുമാനം. സഭാതലത്തില്‍ ഉന്നയിക്കുന്ന വിവരങ്ങള്‍ സ്വാഭാവികമായും സഭാരേഖകളില്‍ സ്ഥാനം പിടിക്കും. അതുതന്നെയാണ് ഭരണപക്ഷത്തിന്റെ ലക്ഷ്യവും.

ആരോപണങ്ങള്‍ ആവര്‍ത്തിക്കുന്നത് വഴി പ്രതിപക്ഷത്തിന്റെ വായടിപ്പിക്കാനാണ് ഭരണപക്ഷം ആഗ്രഹിക്കുന്നത്. നിയമസഭാ കക്ഷിയില്‍ നിന്ന് പുറത്തായ സാഹചര്യത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ വന്‍ തോതില്‍ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ് മുന്നോട്ട് വരില്ലെന്നും എല്‍.ഡി.എഫ് കരുതുന്നു. 


ആരോപണങ്ങളെ പ്രതിരോധിക്കാന്‍ രാഹുല്‍ മാങ്കൂട്ടത്തിലും നിയമസഭയില്‍ ഇല്ലെങ്കില്‍ ഭരണപക്ഷത്തിന്റെ ഏകപക്ഷീയമായ ആക്രമണത്തിനാകും സഭാതലം വേദിയാവുക. കോണ്‍ഗ്രസ് നിയമസഭാ കക്ഷിയില്‍ നിന്ന് സസ്‌പെന്റ് ചെയ്യപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയില്‍ എത്തിയാല്‍ പ്രത്യേക ബ്‌ളോക്കിലായിരിക്കും ഇരിപ്പിടം ലഭിക്കുക. 


നേരത്തെ നിലമ്പൂര്‍ എം.എല്‍.എ ആയിരുന്ന പി.വി അന്‍വറിനെ ഇടത് മുന്നണിയില്‍ നിന്ന് പുറത്താക്കിയപ്പോള്‍ പ്രത്യേക ബ്‌ളോക്കിലായിരുന്നു ഇരുത്തിയിരുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തിയാലും അന്‍വര്‍ നേരത്തെ ഇരുന്ന പ്രത്യേക പ്രത്യേക ബ്ലോക്കില്‍ തന്നെയായിരിക്കും സീറ്റ് കിട്ടുക.

Advertisment