/sathyam/media/media_files/2025/06/29/congress-2025-06-29-18-51-34.jpg)
മുണ്ടക്കയം: പഞ്ചായത്ത് പ്രസിഡന്റിന്റെ യോഗ്യതയെക്കുറിച്ചുള്ള വിവാദം പെരുവന്താനത്ത് കോണ്‍ഗ്രസുകാര്‍ ഏറ്റുമുട്ടി. പഞ്ചായത്ത് പ്രസിഡന്റിന്റെ ഭര്‍ത്താവും യൂത്ത് കോണ്‍ഗ്രസ് നേതാവും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഇരു വിഭാഗങ്ങളിലെയും ആറോളം പേര്‍ക്ക് പരുക്കേറ്റതായാണ് പുറത്തുവരുന്ന വിവരം. പരുക്കേറ്റവര്‍ പെരുവന്താനം ആശുപത്രിയില്‍ ചികിത്സ തേടി.
സംഘര്‍ഷത്തിന് കാരണമായത് പഞ്ചായത്ത് പ്രസിഡന്റ് നിജിനി ഷംസുദ്ദീന്റെ യോഗ്യതയെക്കുറിച്ചുള്ള വിവാദമാണ്.
പ്രസിഡന്റിന് ഡിഗ്രി യോഗ്യതയില്ലെന്നും, തെരഞ്ഞെടുപ്പ് സമയത്ത് അരുവിത്തുറ സെന്റ് ജോര്‍ജ് കോളജില്‍ കെ.എസ്.യു കൗണ്‍സിലറായി വിജയിച്ചുവെന്ന് വ്യാജമായി പരിചയപ്പെടുത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്നുമുള്ള ആരോപണമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. കോണ്‍ഗ്രസ് നേതാവ് ഷാജി പുല്ലാട്ടാണ് ഈ ആരോപണം സോഷ്യല്‍ മീഡിയയില്‍ ഉന്നയിച്ചത്.
വിവാദം പൊതുയിടത്തില്‍ വലിയ ചര്‍ച്ചയായി. എല്‍ഡിഎഫിന്റെ സോഷ്യല്‍ മീഡിയ സെല്‍ ഇതു വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു.
തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റിന്റെ ഭര്‍ത്താവും കൂട്ടാളിയും ചേര്‍ന്ന് വിഷയം ചോദിക്കാനെത്തുകയും എതിര്‍വിഭാഗത്തെ മര്‍ദ്ദിച്ചുവെന്നാണ് ആരോപണം. അതേ സമയം ഷാജി പുല്ലാട്ടും സംഘവുമാണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതെന്ന് മറുകൂട്ടരും ആരോപിക്കുന്നു.
കഴിഞ്ഞ ഓഗസ്റ്റില്‍ തെക്കേമല ഗ്രാമസംഗമം പ്രസിഡന്റ് അട്ടിമറിച്ചുവെന്ന് ഷാജി പുല്ലാട്ട് ആരോപിച്ചിരുന്നു. പിന്നാലെ താന്‍ അട്ടിമറിച്ചതായ ആരോപണം ശുദ്ധ അസംബന്ധമാണന്ന് പെരുവന്താനം പഞ്ചായത്തു പ്രസിഡന്റ് പറയുകയും ചെയ്തിരുന്നു.
കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍ തമ്മിലുള്ള കടുത്ത തര്‍ക്കം ഏറ്റുമുട്ടലിലേക്ക് വഴിമാറുക ആയിരുന്നു വരാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ സംഘര്‍ഷം ബാധിക്കുമെന്ന വിലയിരുത്തലാണ് ഉയരുന്നത്.
എല്‍ഡിഎഫ് ഭരിച്ചിരുന്ന പഞ്ചായത്ത് യുഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു. തുടക്കത്തില്‍ പെരുവന്താനം ഗ്രാമപഞ്ചായത്തില്‍ സ്ഥിരംസമിതി തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് അംഗങ്ങള്‍ എത്താന്‍ വൈകിയതിനെ തുടര്‍ന്ന് എല്‍ഡിഎഫ് വിജയിച്ചത് കോണ്‍ഗ്രസിനുള്ളില്‍ വലിയ കലാപത്തിനു വഴിവെച്ചിരുന്നു.