/sathyam/media/media_files/2025/09/27/abin-varkey-2025-09-27-15-17-48.jpg)
കോട്ടയം: ലൈംഗികാരോപണത്തെ തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെച്ച ഒഴിവില്‍ അബിന്‍ വര്‍ക്കി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ആകും.
സംസ്ഥാന വൈസ് പ്രസിഡന്റായ അബിന്‍ വര്‍ക്കിയെ സംസ്ഥാന അധ്യക്ഷനായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തലയുടെ ഗ്രൂപ്പ് സമ്മര്‍ദ്ദം ചെലുത്തിയതോടെയാണ് തീരുമാനം അനുകൂലമാകുന്നത്.
അബിന്‍വര്‍ക്കിയെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി നിയമിക്കണമെന്ന് ആവശ്യപ്പെടാന്‍ രമേശ് ചെന്നിത്തല ഗ്രൂപ്പില്‍പ്പെട്ട യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍ കൊച്ചിയില്‍ യോഗം ചേര്‍ന്നിരുന്നു. രമേശ് ചെന്നിത്തലയുടെ അനുവാദത്തോടെ നടന്ന ഗ്രൂപ്പ് യോഗത്തില്‍ അബിന്‍ വര്‍ക്കി പങ്കെടുത്തിട്ടില്ല. ചെന്നിത്തല ഗ്രൂപ്പിലെ പ്രമുഖനായ ജ്യോതികുമാര്‍ ചാമക്കാലയാണ് ഗ്രൂപ്പ് യോഗത്തിന് ചരട് വലി നടത്തിയതെന്നും പ്രചരിക്കുന്നുണ്ട്.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ തിരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്നില്‍ രണ്ടാംസ്ഥാനത്ത് എത്തിയ അബിന്‍ വര്‍ക്കിയെ പരിഗണിച്ചില്ലെങ്കില്‍ പരസ്യ പ്രതിഷേധത്തിലേക്ക് പോകുമെന്നാണ് ചെന്നിത്തല ഗ്രൂപ്പിന്റെ ഭീഷണി. കെ.പി.സി.സി നേതൃത്വത്തെയും യൂത്ത് കോണ്‍ഗ്രസ് ദേശിയ നേതൃത്വത്തെയും ഹൈക്കമാന്‍ഡിനെയും സമ്മര്‍ദ്ദത്തിലാക്കുന്നതിന് വേണ്ടിയാണ് ഭീഷണി ഉയര്‍ത്തിയത്.
ഭീഷണിക്ക് വഴങ്ങി അബിന്‍ വര്‍ക്കിയെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനാക്കാമെന്ന നിലയിലേക്ക് എത്തുന്നുവെന്നാണ് പുറത്തുവരുന്ന പുതിയ വിവരങ്ങള്‍. സംസ്ഥാന കോണ്‍ഗ്രസില്‍ രമേശ് ചെന്നിത്തലയുടെ വാക്കുകള്‍ക്ക് പഴയപോലെ വില കിട്ടുന്നില്ലെന്ന പരിഭവവും അബിന്‍ വര്‍ക്കിക്ക് വേണ്ടി നിലപാട് കടുപ്പിക്കാന്‍ ചെന്നിത്തല ഗ്രൂപ്പിനെ പ്രേരിപ്പിക്കുന്നുണ്ട്.
പറ്റ്‌നയില്‍ നടന്ന വിശാല പ്രവര്‍ത്തക സമിതി യോഗത്തിനിടയില്‍ വെച്ച് കെ.പി.സി.സി അധ്യക്ഷനും പ്രതിപക്ഷ നേതാവും ഹൈക്കമാന്‍ഡ് നേതാക്കളുമായി വിശദ ചര്‍ച്ച നടത്തിയെന്ന വിവരവും ചെന്നിത്തല ഗ്രൂപ്പിനെ പ്രകോപിപ്പിച്ചിട്ടുണ്ട്. ഇതെ തുടര്‍ന്നാണ് അബിന്‍ വര്‍ക്കിയെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനാക്കിയേ പറ്റൂവെന്ന നിലപാടിലേക്ക് ചെന്നിത്തല എത്തിയത്.
രമേശ് ചെന്നിത്തല മറ്റൊരു പേരിനെ അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയതോടെ അബിന്‍ വര്‍ക്കിയെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനാക്കാതെ നിവര്‍ത്തിയില്ലെന്നാണ് നേതൃത്വത്തിന്റെ പ്രതികരണം. നിര്‍ണായകമായ തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ സംസ്ഥാനത്തെ കോണ്‍ഗ്രസിനെ ഭിന്നതയില്ലാതെ കൊണ്ടുപോകുന്നതിനാണ് ആദ്യപരിഗണന എന്നതാണ് കെ.പി.സി.സി നേതൃത്വത്തിന്റെ നിലപാട്.
അതുകൊണ്ടുതന്നെ അബിന്‍ വര്‍ക്കിയെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി നിയമിച്ചുകൊണ്ടുളള പ്രഖ്യാപനം വൈകാതെ ഉണ്ടായേക്കും. രണ്ട് ദിവസത്തിനകം തീരുമാനം പ്രഖ്യാപിക്കുമെന്നാണ് നേതാക്കള്‍ നല്‍കുന്ന സൂചന.
ദേശിയ സെക്രട്ടറി ബിനു ചുളളിയില്‍,സംസ്ഥാന ജനറല്‍ സെക്രട്ടറി ഒ.ജെ.ജനീഷ് എന്നിവരില്‍ ഒരാള്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനാകുമെന്ന് വന്നതോടെയാണ് ചെന്നിത്തല വിഭാഗം സമ്മര്‍ദ്ദം ശക്തമാക്കാന്‍ തീരുമാനിച്ചത്. കെ.പി.സി.സി പുന:സംഘടനക്ക് ഒപ്പം യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനെയും പ്രഖ്യാപിക്കുമെന്ന് കൂടി അറിഞ്ഞതോടെ സൂചന കിട്ടിയതോടെയാണ് അബിന്‍ വര്‍ക്കിക്ക് വേണ്ടി ചെന്നിത്തല വിഭാഗം ഗ്രൂപ്പ് യോഗം വിളിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
യൂത്ത് കോണ്‍ഗ്രസിലെ ചെന്നിത്തല ഗ്രൂപ്പ് നേതാക്കളായ സിജോ ജോസഫ്, ടിറ്റോ ആന്റണി എന്നിവരുടെ നേതൃത്വത്തിലാണ് കൊച്ചിയില്‍ ഗ്രൂപ് യോഗം ചേര്‍ന്നത്. അബിന്‍ വര്‍ക്കിയെ സംസ്ഥാന അധ്യക്ഷനാക്കിയില്ലെങ്കില്‍ കൂട്ടരാജി പ്രഖ്യാപിക്കാനാണ് യൂത്ത് കോണ്‍ഗ്രസിലെ ചെന്നിത്തല വിഭാഗത്തിന്റെ തീരുമാനം.
സംസ്ഥാന ഭാരവാഹികളും ജില്ലാ ഭാരവാഹികളും രാജിവെക്കുമെന്ന ഭീഷണിക്ക് വഴങ്ങിയാണ് അബിന്‍ വര്‍ക്കിയെ സംസ്ഥാന അധ്യക്ഷനാക്കാന്‍ ഒരുങ്ങുന്നത്.
ബിനു ചുളളിയില്‍ അധ്യക്ഷനാകാതിരിക്കുന്നതിന് തടയിടുന്നതിന് വേണ്ടി ഇപ്പോള്‍ ചാനല്‍ ലേഖകനായി ജോലി ചെയ്യുന്ന ചെന്നിത്തലയുടെ മുന്‍ പഴ്‌സണല്‍ സ്റ്റാഫ് അംഗത്തെ ഇറക്കി വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന പ്രവര്‍ത്തനവും നടക്കൂന്നുണ്ട്.
ചാനല്‍ ലേഖനായ മുന്‍ സ്റ്റാഫ് തുടക്കമിട്ട വാര്‍ത്ത ഇതര ചാനലുകള്‍ കൂടി ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലായിരുന്നു നീക്കം. എന്നാല്‍ യൂത്ത് അധ്യക്ഷനെ ചൊല്ലി ആശയക്കുഴപ്പം എന്ന മട്ടിലാണ് പ്രമുഖ ചാനലുകള്‍ ഈ വാര്‍ത്തയെ സമീപിച്ചത്.