നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺ​ഗ്രസിന്റെ സിറ്റിംങ് എംഎൽഎമാരിൽ രണ്ട് പേർ ഒഴികെ 20 പേരെ വീണ്ടും മത്സരിപ്പിക്കാൻ ധാരണ. എതിർപ്പുകൾക്കിടയിലും ഐ.സി. ബാലകൃഷ്ണനും എൽദോസ് കുന്നപ്പിള്ളിക്കും മത്സരിക്കാൻ അനുമതി. പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിന് പകരം മുൻ ഐഎഎസ് ഉദ്യോ​ഗസ്ഥൻ കണ്ണൻ ഗോപിനാഥിന് സാധ്യത. തൃപ്പൂണിത്തുറയിൽ രാജു.പി.നായർക്ക് സാധ്യത. മണലൂരിൽ ടിഎൻ പ്രതാപൻ കൊടുങ്ങല്ലൂരിൽ ഒ.ജെ.ജനീഷും ഉറപ്പിച്ചു

New Update
ffg

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ  ഇരുപത് സിറ്റിങ്ങ് എം.എൽ.എമാരെ വീണ്ടും മത്സരിപ്പിക്കാൻ കോൺഗ്രസിൽ ധാരണ.

Advertisment

ആകെയുളള 22 സിറ്റിങ്ങ് സീറ്റുകളിൽ തൃപ്പൂണിത്തുറയിലും പാലക്കാടും പുതിയ സ്ഥാനാർത്ഥികളെ അവതരിപ്പിക്കാനും തീരുമാനമായി.


ആരോഗ്യ പ്രശ്നങ്ങൾ കണക്കിലെടുത്ത് മത്സരരംഗത്ത് നിന്ന് പിന്മാറുക ആണെന്ന കെ.ബാബു അറിയിച്ചതോടെയാണ് തൃപ്പൂണിത്തുറയിൽ പുതിയ സ്ഥാനാർത്ഥിയെ ഇറക്കാൻ കാരണം.


തൃപ്പൂണിത്തുറിയിലെ സ്ഥാനാർഥി നിർണയത്തിൽ കെ.ബാബുവിൻെറ അഭിപ്രായം കണക്കിലെടുത്താനും നേതൃത്വത്തിൽ ധാരണയിലെത്തിയിട്ടുണ്ട്.

കോൺഗ്രസിനെ പ്രതിനിധീകരിച്ച് ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്ന രാജു.പി.നായർ അടക്കമുളളവരുടെ പേരുകളാണ് തൃപ്പൂണിത്തുറയിലെ സാധ്യതാ പട്ടികയിലുളളത്.

പീഡന പരാതികൾക്ക് പിന്നാലെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയ രാഹുൽ മാങ്കൂട്ടത്തിലിന് സീറ്റ് നൽകില്ല.രാഹുലിന് പകരം പാലക്കാട് മികച്ച സ്ഥാനാർത്ഥിയെ തന്നെ അണിനിരത്താനാണ് ധാരണ.


സിവിൽ സർവീസ് ഉപേക്ഷിച്ച് രാഷ്ട്രീയത്തിൽ ചേർന്ന കണ്ണൻ ഗോപിനാഥിൻെറ പേരിനാണ് പാലക്കാട് മുൻതൂക്കം. കെ.പി.സി.സി നടത്തുന്ന സർവേയിലെ ഫലം കൂടി പാലക്കാട്ടെ സ്ഥാനാർത്ഥി നിർണയത്തിൽ പരിഗണിക്കപ്പെടും.


വീണ്ടും മത്സരിക്കാൻ സീറ്റ് നൽകുന്ന 20 സിറ്റിങ്ങ് എം.എൽ.എമാരിൽ സുൽത്താൻ ബത്തേരിയെ പ്രതിനിധീകരിക്കുന്ന ഐ.സി. ബാലകൃഷ്ണൻ, പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിളളി എന്നിവർക്ക് വീണ്ടും സീറ്റ് നൽകുന്നതിന് എതിരെ സ്ക്രീനിങ്ങ് കമ്മിറ്റിക്കും പാർട്ടി നേതൃത്വത്തിനും ചില പരാതികൾ ലഭിച്ചിട്ടുണ്ട്.

വയനാട് ഡി.സി.സി ട്രഷറർ വിജയൻെറ ആത്മഹത്യയുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് ഐ.സി.ബാലകൃഷ്ണന് എതിരായി ഉയർന്നുവന്നത് .പീഡന പരാതി നിലനിൽക്കുന്നത് ചൂണ്ടിക്കാട്ടിയാണ് എൽദോസ് കുന്നപ്പളളിക്ക് എതിരെ പരാതി.

വിശദമായ ചർച്ചകൾക്ക് ഒടുവിൽ ഇരുവർക്കും സീറ്റ് നൽകണമെന്ന് സ്ക്രീനിങ്ങ് കമ്മിറ്റിയോടും ഹൈക്കമാൻഡിനോടും ശുപാർശ ചെയ്യാനാണ് നേതൃതലത്തിലെ ധാരണ.


വിജയ സാധ്യത കണക്കിലെടുത്താണ് തീരുമാനം എന്നാണ് നേതൃത്വത്തിൻെറ വിശദീകരണം. വയനാട്ടിലെ പാർട്ടിയിൽ ഐ.സി.ബാലകൃഷ്ണനോട് എതിർപ്പുകൾ ഉണ്ടെങ്കിലും മണ്ഡലത്തിൽ സ്വീകാര്യതയുണ്ടെന്നാണ് വിലയിരുത്തൽ.


പുതിയൊരു സ്ഥാനാർത്ഥിയേക്കാൾ മണ്ഡലത്തിൽ തുടർച്ചയായി മൂന്ന് തവണ വിജയിച്ച ഐ.സി.ബാലകൃഷ്ണന് തന്നെയാണ് വിജയസാധ്യതയെന്നാണ് പ്രാഥമിക പരിശോധനകളിലും വ്യക്തമായത്.

ഇതോടെ ഐ.സി.ബാലകൃഷ്ണന് വീണ്ടും അവസരം നൽകാൻ ധാരണയിലെത്തുകയായിരുന്നു.വിജയ സാധ്യത തന്നെയാണ് എൽദോസ് കുന്നപ്പിളളിക്കും തുണയായത്.

രണ്ട് തവണയായി പെരുമ്പാവൂരിൽ നിന്ന് ജയിച്ചുവരുന്ന എൽദോസ് കുന്നപ്പിളളിക്ക് മണ്ഡലത്തിൽ പൊതു സ്വീകാര്യത ഉണ്ടെന്നാണ് നേതൃത്വത്തിന് ലഭിച്ച വിവരം.

എൽദോസിനെ മാറ്റിയാൽ സാമുദായിക സമവാക്യങ്ങളെ ബാധിക്കുമോയെന്ന ആശങ്കയും നേതൃത്വം കണക്കിലെടുത്തു. യാക്കാബായ വിഭാഗത്തിൽ നിന്നുളള നേതാവാണ് എൽദോസ് കുന്നപ്പിളളി.പുതിയ സ്ഥാനാർത്ഥിയെ ഇറക്കി പരീക്ഷണത്തിന് മുതിരേണ്ടെന്ന ചിന്തയും എൽദോസിന് അനുകൂലമായി.


തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ ചർച്ചചെയ്യാൻ ഈമാസം 15ന് കൊച്ചിയിൽ കെ.പി.സി.സിയുടെ വിശാല നേതൃയോഗം വിളിച്ചിട്ടുണ്ട്. നേതൃ യോഗത്തിന് പിന്നാലെ സിറ്റിങ്ങ് എം.എൽ.എമാർ ഉൾപ്പെട്ട ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കാനാണ് ആലോചന.


സ്ക്രീനിങ് കമ്മിറ്റിയുടെ ശുപാർശ സ്വീകരിച്ച് കൊണ്ട് കോൺഗ്രസ് ഹൈക്കമാൻഡായിരിക്കും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുക.

തൃത്താലയിൽ വി.ടി.ബൽറാമിനെ തന്നെ മത്സരിപ്പിക്കാനാണ് തീരുമാനം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എം.ബി.രാജേഷിനോട് തോറ്റങ്കിലും തൃത്താലയിൽ തന്നെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതാണ് വി.ടി.ബൽറാമിന് അനുകൂലമായത്.

തൃത്താലയിൽ നിന്ന് കൊണ്ടുതന്നെ സംസ്ഥാനത്തെയാകെ പൊതു രാഷ്ട്രീയ പ്രശ്നങ്ങളോട് സക്രിയമായി പ്രതികരിക്കുന്ന ബൽറാമിന് ഇക്കുറി വിജയസാധ്യതയുണ്ടെന്നാണ് കണക്കുകൂട്ടൽ.

ന്യൂനപക്ഷ വോട്ടുകൾ നിർണായകമായ തൃത്താലയിൽ ആ വോട്ടുകളുടെ ധ്രൂവീകരണം ഗുണകരമായി മാറുമെന്നും കോൺഗ്രസ് വിലയിരുത്തുന്നു.


തൃശൂർ ജില്ലയിലെ മണലൂരിൽ ടി.എൻ.പ്രതാപൻ സ്ഥാനാർത്ഥിയാകുമെന്നും ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. നേരത്തെ നാട്ടികയേയും കൊടുങ്ങല്ലൂരിനെയും പ്രതിനിധീകരിച്ചിട്ടുളള പ്രതാപൻ മണലൂർ കേന്ദ്രീകരിച്ച് പ്രവർത്തിച്ചുവരികയാണ്.


കൊടുങ്ങല്ലൂരിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഒ.ജെ.ജനീഷിന് ലഭിക്കുമെന്നും ഉറപ്പായിട്ടുണ്ട്. യുവ പ്രാതിനിധ്യം കണക്കിലെടുത്താണ് ജനീഷിന് സ്വന്തം നാട്ടിൽ തന്നെ സീറ്റ് നൽകുന്നത്.

കോഴിക്കോട് നോർത്ത് മണ്ഡലത്തിൽ കെ.ജയന്തിനെ മത്സരിപ്പിക്കാനാണ് ഇപ്പോഴത്തെ ധാരണ.കഴിഞ്ഞ തവണ നോർത്തിൽ മത്സരിച്ച കെ.എം.അഭിജിത്ത് നാദാപുരം,കൊയിലാണ്ടി സീറ്റുകളാണ് നോക്കുന്നത്.

Advertisment