വാർത്ത ചോർച്ചയിൽ അന്വേഷണം പ്രഖ്യാപിച്ച് കോൺഗ്രസ് ഹൈക്കമാൻ‍ഡ്. അടിയന്തിരമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം. അന്വേഷണ ചുമതല കോൺഗ്രസ് അച്ചടക്ക സമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണന്. വയനാട് ക്യാംപ് എക്സിക്യൂട്ടിവിലെ വിവരങ്ങൾ ചോർന്നതും അച്ചടക്ക സമിതി അന്വേഷിക്കും. യോഗങ്ങളിലെ ചർച്ച മാധ്യമങ്ങൾക്ക് ചോർത്തി നൽകിയവരെ എത്രയും വേഗം കണ്ടെത്താനും നിർദ്ദേശം

കെ.പി.സി.സി ഭാരവാഹി യോഗത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ വിമർശനം നടന്നുവെന്ന വിവരം മാധ്യമങ്ങൾക്ക് ചോ‍ർന്നതിൽ അന്വേഷണം

New Update
thiruvanchoor radhakrishnan congress

തിരുവനന്തപുരം: കെ.പി.സി.സി ഭാരവാഹി യോഗത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ വിമർശനം നടന്നുവെന്ന വിവരം മാധ്യമങ്ങൾക്ക് ചോ‍ർന്നതിൽ അന്വേഷണം പ്രഖ്യാപിച്ച് കോൺഗ്രസ് ഹൈക്കമാൻ‍‍ഡ്. കേരളത്തിൻെറ ചുമതലയുളള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയാണ് അന്വേഷണം നടത്താൻ നിർദേശം നൽകിയത്.

Advertisment

സംസ്ഥാന കോൺഗ്രസിലെ അച്ചടക്ക സമിതി അദ്ധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എക്കാണ് അന്വേഷണ ചുമതല. പാർട്ടി യോഗങ്ങളിലെ ചർച്ച മാധ്യമങ്ങൾക്ക് ചോർത്തി നൽകിയത് ആരെന്ന് എത്രയും വേഗം കണ്ടെത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് ദീപാദാസ് മുൻഷി തിരുവഞ്ചൂരിന് നൽകിയിരിക്കുന്ന നിർദ്ദേശം.

വാർത്ത ചോർച്ചയിൽ ദേശീയ നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ടായിരുന്നു. പാർട്ടിയുടെ പ്രതിഛായയും ഐക്യവും തകർക്കുന്നതിന് മാത്രം ഉപകരിക്കുന്ന വാർത്ത ചോർച്ചയെ  ഗൗരവമായി കാണുമെന്നും നടപടി എടുക്കുമെന്നും സംഘടനാ ചുമതലയുളള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണു ഗോപാൽ ശനിയാഴ്ച പ്രതികരിച്ചിരുന്നു. ഇതിൻെറ തുടർച്ചയാണ് അച്ചടക്ക സമിതിയെ കൊണ്ട് അന്വേഷിപ്പിക്കാനുളള തീരുമാനം.


 ലോക്‌സഭ തിരഞ്ഞെടുപ്പ് വിജയത്തിൻെറ തിളക്കം കെടുത്തുന്നതും വയനാട് ക്യാംപ് എക്സിക്യൂട്ടിവ് നൽകിയ നവോന്മേഷവും നശിപ്പിക്കുന്ന തരത്തിലുളള നടപടിയായാണ് വാർത്ത ചോർച്ചയെ ഹൈക്കമാൻഡ് നിരീക്ഷിക്കുന്നത്.


തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കുമുളള തിരഞ്ഞെടുപ്പ് പോലുളള വലിയ വെല്ലുവിളികൾ പാർട്ടിക്ക് മുന്നിലുളളപ്പോൾ തെറ്റായ ദിശയിലേക്ക് നീങ്ങാൻ ആരെയും അനുവദിക്കില്ലെന്ന കർശന സ്വരത്തിലാണ് ഹൈക്കമാൻഡ്. വയനാട്ടിലെ സുൽത്താൻ ബത്തേരിയിൽ നടന്ന ക്യാംപ് എക്സിക്യൂട്ടിവിലെ വിവരങ്ങൾ ചോർന്നതും ഇപ്പോഴത്തെ സംഭവത്തിനൊപ്പം അന്വേഷിക്കാൻ നിർദ്ദേശമുണ്ട്.

പാർട്ടി ഫോറങ്ങളിൽ നടക്കുന്ന തുറന്ന ചർച്ചകളെ തെറ്റായി വ്യാഖ്യാനിച്ചും പ്രത്യേക നിറം കൊടുത്തും പൊടിപ്പും തൊങ്ങലും ചേർത്തും ചിലർ മാധ്യമങ്ങളെ അറിയിച്ച് കൊടുക്കുന്നു എന്നാണ് ഹൈക്കമാൻ‍ഡിൻെറ നിഗമനം. കേരളത്തിൽ നിന്നുളള നേതാവ് ആയതിനാൽ സംഘടനാ ജനറൽ സെക്രട്ടറിക്ക് ഇതേപ്പറ്റി വസ്തുനിഷ്ടമായ വിവരങ്ങളുണ്ട്. അതിൻെറ കൂടി അടിസ്ഥാനത്തിലാണ് തെറ്റായ പ്രവണത അവസാനിപ്പിച്ചേ മതിയാകൂ എന്ന നിലപാടിലേക്ക് പോകാൻ ഹൈക്കമാൻ‍ഡ് തയാറായത്.

വ്യാഴാഴ്ച രാത്രി അടിയന്തിരമായി ഓൺലൈനായി വിളിച്ചു ചേർത്ത കെ.പി.സി.സി ഭാരവാഹി യോഗത്തിലെ ചർച്ചകളും വിമർശനകളും തനിക്കെതിരെ നടന്നതെന്ന വ്യാഖ്യാനത്തോടെ മാധ്യമങ്ങളിൽ വാർത്തയായത് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഹൈക്കമാൻഡിൻെറ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.

പാർട്ടി ചർ‍ച്ചകൾ ദുർവ്യാഖ്യാനം ചെയ്ത് മാധ്യമങ്ങൾക്ക് ചോർത്തി നൽകുന്നതിലുളള അതൃപ്തിയും സതീശൻ ഹൈക്കമാൻ‍‍ഡിനെ അറിയിച്ചിരുന്നു. പ്രതിപക്ഷ നേതാവും കെ.പി.സി.സി പ്രസിഡന്റും തമ്മിൽ രൂക്ഷമായ ഭിന്നതയാണെന്ന പ്രതീതി പരന്നതും ഹൈക്കമാൻ‍ഡ് ഗൗരവത്തിലെടുത്തു.

തദ്ദേശ തിരഞ്ഞെടുപ്പിനുളള ഒരുക്കങ്ങൾ തുടങ്ങിയ ഘട്ടത്തിൽ ഉണ്ടായ കല്ലുകടി മൊത്തം അന്തരീക്ഷത്തെ നശിപ്പിക്കുമെന്നും ഹൈക്കമാൻഡ് വിലയിരുത്തി. ആക്ഷേപകരമായ വാർത്തകളുടെ പശ്ചാത്തലത്തിൽ കെ.പി.സി.സി അദ്ധ്യക്ഷനും പ്രതിപക്ഷ നേതാവിനും ഇടയിലുളള ബന്ധത്തിൽ വിളളൽ ഉണ്ടാകാനുളള സാധ്യത കൂടി കണക്കിലെടുത്താണ് അന്വേഷണത്തിനായി സത്വര നടപടിയെടുത്തത്.

Advertisment