/sathyam/media/media_files/2025/07/24/2577419-2577229-sunny-joseph-2025-07-24-19-35-25.jpg)
തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസിലെ പുന:സംഘടനക്ക് സമയം നിശ്ചയിച്ചിട്ടില്ലെന്ന് കെ.പി.സി.സി പ്രസിഡൻറ് സണ്ണി ജോസഫ്.
പാർട്ടിയിലെ എല്ലാവരെയും ഉൾക്കൊണ്ടുകൊണ്ടായിരിക്കും പുന:സംഘടന നടക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
പുനഃസംഘടന വൈകുന്നതിന് കാരണം തർക്കമാണോ എന്ന് ചോദ്യത്തിൽ നിന്ന് കെ.പി.സി.സി അധ്യക്ഷൻ ഒഴിഞ്ഞുമാറി.
പാർട്ടി സംഘടന മുഴുവൻ തദ്ദേശ തിരഞ്ഞെടുപ്പിൻെറ മുന്നൊരുക്കങ്ങളിൽ ആയതിനാൽ നേതൃതലത്തിലുളള ചർച്ചകൾ നിർത്തിവെച്ചിരിക്കുകയാണ്.
ലോകസഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ബിഹാർ വോട്ട് യാത്രയുടെ തിരക്കിലാണ് ഹൈക്കമാൻഡും.
അതുകൊണ്ടുതന്നെ ഓണം കഴിഞ്ഞേ പുന:സംഘടന നടക്കാൻ സാധ്യതയുളളുവെന്നാണ് പാർട്ടി അധ്യക്ഷൻ സണ്ണി ജോസഫിൻെറ പ്രതികരണങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന.പാർട്ടിയിലെ തർക്കങ്ങൾ കൊണ്ടല്ല പുന:സംഘടന വൈകുന്നത് എന്നാണ് നേതൃത്വം ഉറപ്പിച്ച് പറയാൻ ശ്രമിക്കുന്നത്.
എം.പിമാർ അടക്കം പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങളെ വിലമതിക്കുന്നുവെന്നാണ് കെപിസിസി അധ്യക്ഷൻ പ്രതികരിച്ചത്.
തിരഞ്ഞെടുപ്പുകളെ നേരിടാനിരിക്കെ പാർട്ടിയിൽ അലോസരം ഉണ്ടാക്കുന്ന ഒരു നടപടിയും ഉണ്ടാകരുതെന്ന കരുതൽ പുതിയ നേതൃത്വത്തിനുണ്ട്.
അതാണ് എല്ലാവരെയും ഉൾക്കൊളളുമെന്നും ഭിന്നാഭിപ്രായം പ്രകടിപ്പിച്ചവരുടെ നിർദ്ദേശങ്ങളെ സദുദ്ദേശത്തോടെ കാണുന്നവെന്ന് കെ.പി.സി.സി അധ്യക്ഷൻ ആവർത്തിച്ച് പറയാൻ കാരണം.
പുനസംഘടനക്ക് മുൻപ് തന്നെ അച്ചടക്ക നടപടിക്ക് വിധേയരായ വിവിധ ജില്ലകളിലെ നേതാക്കളെ പാർട്ടിയിലേക്ക് തിരിച്ചെടുക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിൻെറ ഭാഗമായി കാസർകോട് ജില്ലയിൽ നടപടിക്ക് വിധേയരായി പുറത്ത് നിന്ന നേതാക്കളെ തിരിച്ചെടുത്തു.
കെ.പി.സി.സി മുൻ സെക്രട്ടറി ബാലകൃഷ്ണൻ പെരിയ അടക്കമുളള നേതാക്കളെയാണ് തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി തിരിച്ചെടുത്തത്. നിർണായകമായ തിരഞ്ഞെടുപ്പുകൾക്ക് മുൻപ് മുന്നണി വിപുലീകരിക്കാനും കോൺഗ്രസ് ശ്രമിക്കുന്നുണ്ട്.
എന്നാൽ ഇതുസംബന്ധിച്ച് വ്യക്തമായ ധാരണ ഉണ്ടാകുന്നത് വരെ നീക്കങ്ങൾ രഹസ്യമായി കൈകാര്യം ചെയ്യാനാണ് നേതൃതലത്തിലെ ധാരണ.
ഇതുകൊണ്ടാണ് മുന്നണി വിപൂലീകരണം സംബന്ധിച്ച ചോദ്യങ്ങളിൽ നിന്ന് കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് ഒഴിഞ്ഞുമാറുന്നത്.
യു.ഡി.എഫ് വിപുലീകരണം സംബന്ധിച്ച് മാധ്യമങ്ങളിൽ നടക്കുന്ന ചർച്ചകളല്ലാതെ തങ്ങൾക്ക് ഒന്നുമറിയില്ലെന്നാണ് സണ്ണി ജോസഫിൻെറ ഇന്നത്തെ പ്രതികരണം. ഇപ്പോൾ എല്ലാവരും തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൻെറ ഒരുക്കങ്ങളിലാണ് എല്ലാവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ ഐക്യമുന്നണിയുടെ ഭാഗമായിരുന്ന കേരളാ കോൺഗ്രസ് എം, ആർ.ജെ.ഡി എന്നീ പാർട്ടികളെ തിരിച്ചുകൊണ്ടുവരണം എന്നാണ് കോൺഗ്രസ് നേതാക്കളുടെയും മുസ്ളീം ലീഗിൻെറയും താൽപര്യം.
കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിന് ഇക്കാര്യത്തിൽ ചില്ലറ എതിർപ്പുകളുണ്ട്. എന്നാൽ അതൊന്നും കണക്കിലെടുക്കേണ്ടെന്നാണ് കോൺഗ്രസ് നേതൃത്വത്തിലെ അഭിപ്രായം.
മുന്നണിയുടെ ബഹുജനാടിത്തറ വർദ്ധിപ്പിക്കുന്നതിന് വേണ്ടിയുളള പരിശ്രമങ്ങൾ തുടരുമെന്നാണ് കോൺഗ്രസ് നേതൃത്വം നൽകുന്നത് സൂചന.
തദ്ദേശ - നിയമസഭാ തിരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ട് രാഷ്ട്രീയ പോരാട്ടം ശക്തമാക്കാൻ കെ.പി.സി.സി നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.
സർക്കാർ പ്രതിക്കൂട്ടിലായി നിൽക്കുന്ന ഭരണപരവും രാഷ്ട്രീയവുമായ വിഷയങ്ങൾ ഉയർത്തി സമര രംഗത്തേക്ക് വരാനാണ് തീരുമാനം.
എം.ആർ.അജിത് കുമാറിന് ക്ളീൻ ചിറ്റ് നൽകിയ വിജിലൻസ് റിപോർട്ട് കോടതി തളളിയതും സി.പി.എമ്മിലെ കത്ത് ചോർച്ചാ വിവാദം എന്നിവ ഉയർത്തികാണിച്ച് ശക്തമായ രാഷ്ട്രീയ പ്രചരണം അഴിച്ചുവിടാനാണ് തീരുമാനം.
എ.ഡി.ജി.പി എം.ആർ.അജിത് കുമാറിനെ വെളളപൂശിക്കൊണ്ട് കോടതിയിൽ റിപോർട്ട് സമർപ്പിച്ച സർക്കാർ നടപടി അഴിമതി കേസിലെ പ്രതികളെ സംരക്ഷിക്കുന്നതിന് വേണ്ടിയാണെന്ന് കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് വിമർശിച്ചു.
കുറ്റക്കാരെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ ഇടപെടൽ സത്യപ്രതിജ്ഞാ ലംഘനമാണ്.നിയമത്തിലെ എല്ലാ ചട്ടങ്ങളും ചവിട്ടി മെതിക്കപ്പെട്ടിരിക്കുന്നു എന്നാണ് കോടതിയുടെ പരാമർശം.
ഉദ്യോഗസ്ഥരെ സംരക്ഷിച്ച തീരുമാനത്തിന് മുഖ്യമന്ത്രിയുടെ അംഗീകാരം ഉണ്ടെന്നും കോടതി പരാമർശം നടത്തിയിട്ടുണ്ട്. എന്നിട്ടും മുഖ്യമന്ത്രിയും സിപിഎമ്മും മൗനം പാലിക്കുകയാണെന്ന് സണ്ണി ജോസഫ് കുറ്റപ്പെടുത്തി.
കത്ത് ചോർച്ചാ വിവാദം സി.പി.എമ്മിൻെറ അഭ്യന്തര കാര്യം മാത്രമല്ലെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി. സർക്കാരിലേക്ക് വന്ന പണം സിപിഎം നേതാക്കൾ ദുരുപയോഗം ചെയ്തിട്ടുണ്ട്.
പാർട്ടിക്കകത്തെ തർക്കം സംബന്ധമോ അസംബന്ധമോ ആകട്ടെ. വിഷയത്തിൽ സർക്കാർ ഗൗരവമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് സണ്ണി ജോസഫ് ആവശ്യപ്പെട്ടു.