/sathyam/media/media_files/2025/11/07/congress-2025-11-07-21-58-19.png)
കോട്ടയം: കോണ്‍ഗ്രസിന്റെ ഡിജിറ്റല്‍ മീഡിയ സെല്ലില്‍ അഴിച്ചുപണിക്ക് തീരുമാനിച്ചത് ഗ്രൂപ്പില്‍ അംഗങ്ങളായവര്‍പ്പോലും പ്രതിപക്ഷ നേതാവിനെതിരേയുള്ള സൈബര്‍ പോരിന്റെ ഭാഗമായി എന്ന കണ്ടെത്തലോടെ.
സാമൂഹികമാധ്യമ സെല്‍ പുതുക്കിപ്പണിയണമെന്ന് ദീപാ ദാസ്മുന്‍ഷി റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് എഐസിസി നിര്‍ദേശം നല്‍കിയത്.
സോഷ്യല്‍ മീഡിയ കണ്‍വീനറായിരുന്ന ഡോ. പി. സരിന്‍ സിപിഎമ്മിലേക്ക് ചേക്കേറിയശേഷം കോണ്‍ഗ്രസിന്റെ സൈബര്‍വിഭാഗത്തെ പുതുക്കിപ്പണിതിരുന്നില്ല.
കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ രൂപീകരിച്ചതിന് ശേഷം അതിന്റെ അധ്യക്ഷ പദവിയില്‍ എത്തുന്ന ആദ്യത്തെയാള്‍ എ.കെ.ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയായിരുന്നു.
അനില്‍ ആന്റണി ആ പദവിയില്‍ ഇരിക്കെയാണ് ബിജെപിയില്‍ ചേര്‍ന്നത്. പകരം ചുമതല ലഭിച്ച ഡോ.പി.സരിനും പുറത്തേക്ക് പോയി.
സരിന്‍ പുറത്തുപോകുമ്പോള്‍ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.
പിന്നാലെ സെല്‍ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബല്‍റാമിനെ നിയമിച്ചു.
ഇപ്പോള്‍ ബെല്‍റാമിനെ സ്ഥാനത്തു നിന്നു നീക്കി. നേതാക്കളടക്കം സൈബറിടത്തില്‍ ആക്രമിക്കപ്പെടുന്ന സ്ഥിതി വന്നതോടെയാണ് മാറ്റം.
എംപിയും മറ്റൊരു വൈസ് പ്രസിഡന്റുമായ ഹൈബി ഈഡന് ചുമതലനല്‍കി. എഐസിസിയുടെ നിര്‍ദേശത്തെ ത്തുടര്‍ന്നാണ് തീരുമാനം.
ഡിജിറ്റല്‍ മീഡിയാ സെല്ലിന്റെ പേര് സോഷ്യല്‍മീഡിയ സെല്‍ എന്നാക്കി മാറ്റുകയും ചെയ്തു.
സെല്ലിന്റെ ചുമതല ഒഴിയുകയാണെന്ന് നേരത്തേ ബല്‍റാം കെപിസിസിയെ അറിയിച്ചിരുന്നു.
ബിഹാര്‍ തെരഞ്ഞെടുപ്പിനു മുന്‍പായി പുകയില ഉത്പന്നങ്ങള്‍ക്കടക്കം ജിഎസ്ടി കുറച്ചതിനെ വിമര്‍ശിച്ച് 'ബീഡിയും ബിഹാറും തുടങ്ങുന്നത് ബി-യിലാണ്' എന്ന് കോണ്‍ഗ്രസ് കേരളഘടകത്തിന്റെ പേജില്‍വന്ന പോസ്റ്റ് വിവാദമായപ്പോള്‍ ഉത്തരവാദിത്വം ഏറ്റെടുത്ത് ചുമതല ഒഴിയാനുള്ള സന്നദ്ധത ആവര്‍ത്തിച്ചു. എന്നാല്‍, തുടരാന്‍ നേതൃത്വം ആവശ്യപ്പെടുകയായിരുന്നു.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ ആരോപണം ഉയര്‍ന്നതോടെ, രാഹുലിനെ പിന്തുണച്ചും അദ്ദേഹത്തെ ശക്തമായി തള്ളിപ്പറഞ്ഞ പ്രതിപക്ഷനേതാവ് വി.ഡി. സതീശനെ അധിക്ഷേപിച്ചും കോണ്‍ഗ്രസ് സൈബറിടത്തില്‍ പോസ്റ്റുകള്‍ നിറഞ്ഞു.
ഒരുഘട്ടത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിപോലും സൈബര്‍ അതിക്രമത്തിനിരയായി. ഇക്കാര്യങ്ങള്‍ എല്ലാം ദീപാദാസ് റിപ്പോര്‍ട്ടില്‍ എ.ഐ.സി.സി.
നേതൃത്വത്തെ അറിയിക്കുകയായിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിനെ പിന്തുണയ്ക്കുന്നവരെ നിയന്ത്രിക്കാന്‍ ഹൈബിക്കു സാധിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us