/sathyam/media/media_files/tJzMbXrRYdzxgFMLpCsc.webp)
കൊച്ചി : തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ നിന്നും പാർട്ടി വേദികളിൽ നിന്നും യൂത്ത് കോൺഗ്രസ് മുൻ അദ്ധ്യക്ഷനും പാലക്കാട് എം.എൽ.എയുമായ രാഹുൽ മാങ്കൂട്ടം മാറി നിൽക്കണമെന്ന് കോൺഗ്രസിൽ പ്രാഥമിക ധാരണ രൂപപ്പെട്ടതായി സൂചന.
രാഹുൽ പ്രചാരണത്തിൽ നിന്നും മാറി നിൽക്കണമെന്ന് ഇന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ എം.പിയുമായ കെ.മുരളീധരൻ ആവശ്യപ്പെട്ടിരുന്നു.
പാർട്ടിയിലെ പലരുടെയും അഭിപ്രായം അദ്ദേഹം പുറത്ത് പറഞ്ഞുവെന്നതാണ് ലഭിക്കുന്ന വിവരം.
തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുമ്പോൾ ഇത്തരം പ്രചാരണങ്ങളിൽ നിന്നും കോൺഗ്രസ് മാറി നൽക്കണമെന്ന് യു.ഡി.എഫിലെ കക്ഷി നേതാക്കളും കോൺഗ്രസ് നേതൃത്വത്തോട് അനൗദ്യോഗിക ആശയവിനിമയത്തിൽ വ്യക്തമാക്കിയതായാണ് സൂചനകളുള്ളത്.
തദ്ദേശത്തിരഞ്ഞെടുപ്പിന് വളരെ മുമ്പ് തന്നെ രാഹുലിനെതിരായി ഇരയുടെ ആദ്യ ഓഡിയോ പുറത്ത് വന്നിരുന്നു.
അത് അന്ന് ചർച്ച ചെയ്യപ്പെടുകയും വിവാദമാവുകയും ചെയ്തിരുന്നു.
യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും പാർലമെന്ററി പാർട്ടിയിൽ നിന്നും രാഹുലിനെ നീക്കം ചെയ്താണ് കോൺഗ്രസ് ഇതിന് മറുപടി പറഞ്ഞത്.
തുടർന്ന് കഴിഞ്ഞ ദിവസമാണ് രണ്ടാമത്തെ ഓഡിയോയും ഇരയും രാഹുലും തമ്മിലുള്ള ഓഡിയോയും ചാറ്റിന്റെ ചില സ്‌ക്രീൻ ഷോട്ടുകളും പുറത്ത് വരുന്നത്.
ഇതോടെ രാഹുലിനെതിരെ ആരോപണങ്ങളുമായി സി.പി.എം രംഗത്ത് വരികയും ചെയ്തിരുന്നു.
തനിക്കെതിരായ ആരോപണങ്ങളും പാർട്ടി നടപടിക്കും ശേഷം ഇക്കഴിഞ്ഞയിടെയാണ് രാഹുൽ പാലക്കാട് മണ്ഡലത്തിൽ സജീവമാകാൻ തുടങ്ങിയത്.
സി.പി.എം മന്ത്രിമാർ അടക്കമുള്ളവരുമായി വേദി പങ്കിടുകയും ചെയ്തിരുന്നു.
എം.എൽ.എ എന്ന നിലയിൽ ചില പൊതു പരിപാടികളിലും അദ്ദേഹം സംബന്ധിച്ചിരുന്നു.
ഇതിന് പുറമേ പാലക്കാടെ ചില പ്രാദേശിക പാർട്ടി യോഗങ്ങളിൽ പങ്കെടുത്തുവെന്നും വിവരങ്ങളുണ്ട്.
വിവാദം സജീവമായതോടെയാണ് രാഹുലിന് കർശന താക്കീത് നൽകാൻ കെ.പി.സി.സി ഒരുങ്ങുന്നത്.
ഇതിനിടെ എ ഗ്രൂപ്പിലെ ഒരു വിഭാഗം രാഹുലിനൊപ്പമുണ്ടെന്നതാണ് പറയപ്പെടുന്നത്.
വർക്കിംഗ് പ്രസിഡന്റുമാരായ ഷാഫി പറമ്പിൽ, പി.സി വിഷ്ണുനാഥ് എന്നിവരും രാഹുലിനെതിരായ നീക്കത്തിൽ അതൃപ്തി പ്രകടിപ്പിക്കുന്നുണ്ട്.
പാർട്ടിയിൽ കെ സി വേണുഗോപാൽ ഗ്രൂപ്പിന്റെ സ്വയം പ്രഖ്യാപിത നേതാവായി നടിക്കുന്ന മറ്റൊരു വർക്കിംഗ് പ്രസിഡണ്ട് എപി അനിൽകുമാറും രാഹുലിനായി അഴകൊഴമ്പൻ നിലപാടാണ് സ്വീകരിക്കുന്നത്.
പാർട്ടി വേദികളിൽ നിന്നും തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്നും രാഹുലിനെ മാറ്റി നിർത്താതിരിക്കാൻ അവർ ചരട് വലികൾ സജീവമാക്കുന്നുവെന്നും പാർട്ടിയിൽ നിന്നു തന്നെ വാദമുയരുന്നു.
മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനം വീണ്ടും വിവാദമായെങ്കിലും ഇതേപ്പറ്റി പ്രതികരിക്കാൻ കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണി ജോസഫും തയ്യാറാകുന്നില്ല.
ഉറച്ച നിലപാടും കൃത്യമായ അഭിപ്രായപ്രകടനവും പാർട്ടി വേദികളിൽ പ്രസിഡന്റ് നടത്തണമെന്നും പ്രചാരണത്തിൽ നിന്നും രാഹുലിനെ മാറ്റി നിർത്താൻ കെ.പി.സി.സി തയ്യാറാകണമെന്നും കെ.പി.സി.സി ജനറൽ സെക്രട്ടറിമാരും ആവശ്യപ്പെടുന്നുണ്ട്.
എന്നാൽ പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ ഇപ്പോഴും മൗനത്തിലാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us