/sathyam/media/media_files/w4l4NjzIn29nXTo5QteE.jpg)
കണ്ണൂർ : തെരഞ്ഞെടുപ്പ് കാലത്തെ പതിവ് പടപ്പുറപ്പാടുകൾക്കപ്പുറം വി. ഡി സതീശനും കെ. സുധാകരനും നയിക്കുന്ന സമരാഗ്നി ജാഥ, രണ്ടു വട്ടം അധികാരത്തിൽ നിന്ന് പുറത്തായ കോൺഗ്രസ്സിന് നവോന്മേഷം പകരുന്നതും പോരാട്ടത്തിന്റെ പുത്തൻ അധ്യായം കുറിക്കുന്നതുമായി മാറുന്നു എന്ന വിലയിരുത്തലുകള്‍ ശക്തം.
കാസർഗോഡ് നിന്ന് തുടങ്ങിയ ജാഥ കണ്ണൂർ ജില്ലയും പിന്നിട്ടപ്പോൾ ഓരോ കേന്ദ്രത്തിലും ഇരമ്പിയെത്തിയ ജനക്കൂട്ടം കണ്ട് കോണ്‍ഗ്രസുകാര്‍ മാത്രമല്ല നാടാകെ അത്ഭുതം കൂറിയിരിക്കുന്നു. സിപിഎം ശക്തി കേന്ദ്രങ്ങളിൽ സമരാഗ്നി ജാഥയിൽ ആളുകൾ ഒഴുകിയെത്തിയതിൽ ആശങ്ക ആഴത്തിൽ പിടിച്ചിരിക്കുന്ന അവസ്ഥയിലാണ് ഇടതു കേന്ദ്രങ്ങൾ.
ഇടതു കോട്ടയായ മട്ടന്നൂരിൽ പതിനായിരക്കണക്കിന് കോൺഗ്രസ് പ്രവർത്തകർ സ്വീകരണ കേന്ദ്രങ്ങളില്‍ എത്തിയത് ഇടതുകേന്ദ്രങ്ങളെ ഞെട്ടിച്ചു. അറുപതിനായിരത്തിനു മേലെ സിപിഎമ്മിലെ കെ. കെ ശൈലജക്ക് ഭൂരിപക്ഷം നൽകിയ, തദ്ദേശ സ്ഥാപനങ്ങൾ മുഴുവൻ എൽഡിഎഫ് ഭരിക്കുന്ന ജാഥയ്ക്ക് ജനങ്ങൾ ഒഴുകിയെത്തിയതിനെ പരാമർശിച്ച് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ പ്രത്യേകം എഴുതിയത് 'മട്ടന്നൂരിലും ഇടതു ഭരണത്തെ ജനം വെറുത്തു' എന്ന നിലയിലാണ്.
കെ. സുധാകരൻ പ്രസംഗത്തിലുടനീളം മുഖ്യമന്ത്രി പിണറായി വിജയനെയും ഇടതു ഭരണത്തിനെതിരെയും അതിരൂക്ഷ വിമർശനം ഉന്നയിക്കുമ്പോൾ മുഖ്യമന്ത്രിക്കു നേരെയും കേന്ദ്രത്തിലെ ബിജെപിക്കെതിരെയും മയമൊട്ടുമില്ലാത്ത കുറ്റപത്രങ്ങളാണ് നിരത്തുന്നത്.
മോദി - പിണറായി ഒത്തുകളി പകൽ പോലെ വ്യക്തമാണ് എന്ന രാഷ്ട്രീയമാണ് ഇരു നേതാക്കളുടെയും പ്രസംഗങ്ങളുടെ സാരാംശം. കോൺഗ്രസ് നേതാക്കളുടെ പട തന്നെ ജാഥയിലുണ്ട്. മുസ്ലിംലീഗ് കഴിഞ്ഞ അൻപതു വർഷമായുള്ള ബന്ധമാണ് കോൺഗ്രസ്സുമായിട്ടുള്ളതെന്നും അവസാനം വരെ അതുണ്ടാവുമെന്നും ജാഥയിൽ പങ്കെടുത്ത പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ വ്യക്തമാക്കിയതും ലീഗ് ഇടതു പക്ഷത്തെക്കെന്ന പ്രചരണം പല കോണുകളിൽ നടക്കുന്നതിനിടയിൽ ശ്രദ്ധേയമായി.
എല്ലാ അഭിപ്രായ വ്യത്യാസങ്ങൾക്കും ഇടവേള നൽകി കോൺഗ്രസ് ലോകസഭ തെരഞ്ഞെടുപ്പിന്റെ ജൈത്ര യാത്രയിൽ സമരാഗ്നി കുറിച്ചിരിക്കുന്നു. പാർട്ടിയാകെ ഒറ്റക്കെട്ടായി വി. ഡി സതീശൻ എന്ന നായകനും കെ. സുധാകരൻ എന്ന പടത്തലവനും പിന്നിൽ അണിനിരന്നു കഴിഞ്ഞു.
നായകനായി വി ഡി
ജാഥ യഥാർത്ഥത്തിൽ വി. ഡി സതീശൻ എന്ന പ്രതിപക്ഷ നേതാവിന്റെ കരുത്തുറ്റ നേതൃ ശബ്ദത്തിനു ലഭിക്കുന്ന അംഗീകാരമാണ്. തൃക്കാക്കര , പുതുപ്പള്ളി ഉപതെരെഞ്ഞെടുപ്പുകളില്‍ ചിട്ടയായ പ്രവര്‍ത്തന ഏകോപനം കൊണ്ട് മിന്നും വിജയം നേടിയ വിഡി സതീശന്‍റെ നേതൃത്വപാടവം സമരാഗ്നിയില്‍ വീണ്ടും ആവര്‍ത്തിക്കുകയാണ്.
കെപിസിസി അധ്യക്ഷൻ കെ. സുധാകരനും സതീശനും ഒരുമിച്ചാണ് ജാഥ നയിക്കുന്നതെങ്കിലും നിയമസഭക്കകത്തും പുറത്തും അതിശക്തമായ ഭാഷയിൽ സിപിഎമ്മിനെ വിമർശിക്കുകയും ഉജ്ജ്വലമായ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്ത വി. ഡി സതീശന്‍ മുന്നണിയില്‍ വീണ്ടും കരുത്തനാകുകയാണ്.
കെ. സുധാകരൻ ചികിത്സയുടെ ഭാഗമായി സജീവമായി പലപ്പോഴും രംഗത്തില്ലാതിരുന്ന ഘട്ടത്തിൽ പോലും പ്രതിപക്ഷ നേതാവ് എന്നതോടൊപ്പം പാർട്ടിയെ ആകെ നയിക്കാനും കരുത്താർജിച്ച ലീഡറായി നിലകൊള്ളാനും സതീശനു കഴിഞ്ഞു. മുതിർന്ന നേതാക്കളും യുവ നേതൃനിരയും ഒറ്റക്കെട്ടായി സതീശനു പിന്നിൽ അണിനിരക്കുന്ന നിലയിലേക്ക് പാർട്ടിയും മുന്നണിയും മാറിക്കഴിഞ്ഞു.
സമരാഗ്നി ജാഥ മുഖ്യമന്ത്രി പിണറായിയുടെ തട്ടകത്തിൽപോലും വർധിത വീര്യത്തോടെ സംഘടിപ്പിക്കാനും ആളുകളെ പങ്കെടുപ്പിക്കാനും താഴെക്കിടയിലുള്ള പ്രവർത്തകർ വരെ നന്നായി പണിയെടുപ്പിക്കാനും കഴിഞ്ഞുവെന്നത് കോണ്‍ഗ്രസില്‍ വലിയ കാര്യമാണ്.