ഷാഫിക്കെതിരായ സി.പി.എം ജില്ലാ സെക്രട്ടറിയുടെ ആരോപണം നേരിടാൻ കോൺഗ്രസ്. സുരേഷ് ബാബുവിന്റേത് വ്യക്തിഹത്യയെന്ന് വിലയിരുത്തൽ. പരാമർശത്തിൽ കേസ് കൊടുക്കാൻ ആലോചന. സി.പി.എം വെട്ടിൽ

New Update
shafi  parabil

തിരുവനന്തപുരം :ഷാഫി പറമ്പിൽ എം.പിക്കെതിരായ സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബുവിന്റെ അധിക്ഷേപ പരാമർശത്തിൽ കോൺഗ്രസിന് അമർഷം. രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ വിഷയത്തെ ചാരി കോൺഗ്രസിനെയും മറ്റ് നേതാക്കളെയും വ്യക്തിഹത്യ നടത്താനുള്ള നീക്കത്തെ എതിർക്കണമെന്ന വികാരമാണ് കോൺഗ്രസിൽ രൂപപ്പെട്ടിട്ടുള്ളത്. പാലക്കാട് ജില്ലാ സെക്രട്ടറി തെളിവില്ലാതെ ഷാഫിക്കെതിരെ നടത്തുന്ന അപവാദപ്രചാരണം ഗൗരവമായി കാണാൻ തന്നെയാണ് കോൺഗ്രസിന്റെ തീരുമാനം.

Advertisment

2016ലെ തിരഞ്ഞെടുപ്പ് കാലത്ത് സോളാർ വിവാദനായിക സരിത നായരെ ഇറക്കി പാർട്ടിക്കും മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിക്കുമെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയ അതേ തന്ത്രമാണ് സി.പി.എം വീണ്ടും ഇറക്കുന്നതെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. സി.പി.എമ്മിന്റെ അധിക്ഷേപ പരാമർശങ്ങളെ നിയമപരമായും രാഷ്ട്രീയമായും നേരിടണമെന്ന ആവശ്യമാണ് ഉയർന്നിരിക്കുന്നത്.

ആദ്യഘട്ടത്തിൽ ഷാഫി പറമ്പിൽ വിഷയത്തിൽ കേസ് നൽകണമെന്ന അഭിപ്രായവും ശക്തിപ്പെട്ടു കഴിഞ്ഞു. അതിന് പിന്നാലെ പാലക്കാട്ടും വേണമെങ്കിൽ സംസ്ഥാനത്താകെയും സി.പി.എമ്മിന്റെ അപവാദം പരത്തലിനെതിരെ പ്രചാരണപരിപാടികൾ ആരംഭിക്കാനും ധാരണയായിട്ടുണ്ട്.

കൃത്യമായ തെളിവുകളില്ലാതെ ജനപ്രതിനിധിയായ ഒരാൾക്കെതിരെ രാഷ്ട്രീയ വിരോധം ആരോപണമുന്നയിക്കുക എന്നതിന്റെ മറവിലാണ് സി.പി.എം അപവാദപ്രചാരണം ആരംഭിച്ചിട്ടുള്ളതെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. എല്ലാക്കാലത്തും സി.പി.എമ്മിന് പാർലമെന്ററി രംഗത്ത് തോൽപ്പിക്കാൻ കഴിയാത്തവർക്കെതിരെയും പൊതുസമ്മതിയുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെയും ഇത്തരത്തിലുള്ള നുണപ്രചാരണം നടത്താറുണ്ടെന്നും യു.ഡി.എഫ് നേതാക്കൾ വ്യക്തമാക്കുന്നു.

മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ നീചമായ ആരോപണങ്ങൾ ഉന്നയിച്ച് സി.പി.എമ്മും അന്നത്തെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും നടത്തിയ അപവാദപ്രചാരണങ്ങളും അധിക്ഷേപ പരാമർശങ്ങളും കേരള ജനതയുടെ മുന്നിലുണ്ടെന്നും അത് പുന:പരിശോധനയ്ക്ക് വിധേയമാക്കണമെന്നും പ്രതിപക്ഷം വ്യക്തമാക്കുന്നു. 

ഉമ്മൻ ചാണ്ടിക്ക് പുറമേ പി.ജെ കുര്യൻ, രാജ്‌മോഹൻ ഉണ്ണിത്താൻ തുടങ്ങിയുള്ള നേതാക്കളും സി.പി.എമ്മിന്റെ വ്യക്തിഹത്യയ്ക്ക് വിധേയരായിട്ടുണ്ടെന്നും പാർട്ടി നേതാക്കൾ ഓർമ്മപ്പെടുത്തുന്നു. അതുകൊണ്ട് തന്നെ ഷാഫിക്കെതിരായ ആക്രമണത്തെ ഒറ്റക്കെട്ടായി പ്രതിരോധിക്കാനും സി.പി.എമ്മിനെ തിരിച്ചടിക്കാനുമാണ് കോൺഗ്രസ് തീരുമാനിച്ചിട്ടുള്ളത്.

Advertisment