ശബരിമല സ്വർണ്ണപ്പാളി വിഷയം കൂടുതൽ സജീവമാക്കാൻ കോൺഗ്രസ്. നിയമസഭാ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ പുന:ക്രമീകരിക്കാൻ സംസ്ഥാന കോൺഗ്രസ്. സർക്കാരിന്റെ പദ്ധതികളെ പറ്റി പരാമർശിക്കരുതെന്നും നിർദ്ദേശം. പൊതുജനത്തിന്റെ ധാർമികരോഷം ഉണർത്തുന്ന വിഷയങ്ങൾ കൂടുതൽ സജീവമായി നിലനിർത്തണമെന്നും ധാരണ.

പൊതുജനത്തിന്റെ ധാർമികരോഷം ഉണർത്തുന്ന വിഷയങ്ങൾ കൂടുതൽ സജീവമായി നിർത്തണമെന്ന് ഹൈക്കമാന്റ് സംസ്ഥാന നേതൃത്വത്തിന് നിർദ്ദേശം നൽകി

New Update
congrss sabarimala

തിരുവനന്തപുരം : ശബരിമല സ്വർണ്ണപാളി കവർച്ച പോലെ പൊതുജനത്തിന്റെ ധാർമികരോഷം ഉണർത്തുന്ന വിഷയങ്ങൾ കൂടുതൽ സജീവമായി നിർത്തണമെന്ന് ഹൈക്കമാന്റ് സംസ്ഥാന നേതൃത്വത്തിന് നിർദ്ദേശം നൽകി. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും നിലവിലെ തദ്ദേശത്തിരഞ്ഞെടുപ്പിലും വിഷയം വ്യാപകമായി ചർച്ച ചെയ്യണമെന്ന നിർദ്ദെശമാണ് നൽകിയിട്ടുള്ളത്.

Advertisment

പ്രചാരണതന്ത്രങ്ങളിൽ പഴുതടച്ച സമീപനമുണ്ടാവണം. സർക്കാരിന്റെ പ്രവർത്തനങ്ങളെ വിമർശിക്കുന്നതിന് അപ്പുറം അവരെ പ്രതിക്കൂട്ടിലാക്കുന്നതും, സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ കൈയിലെടു ക്കുന്നതുമായ പ്രചാരണ തന്ത്രങ്ങൾക്ക് ഊന്നൽ നൽകണം. വിമർശിക്കാനായി പോലും സർക്കാരിന്റെ വികസന, ജനപ്രിയ പദ്ധതികളെ പരാമർശിക്ക രുത്. പ്രസംഗങ്ങളിൽ ഉൾപ്പെടെ ഇക്കാര്യങ്ങൾ ഒരു കാരണവശാലും ആവർത്തിക്കാൻ പാടില്ലെന്നും നിർദ്ദേശമുണ്ട്. 

shabarimala gold

ബീഹാറിലെ തിരഞ്ഞെടുപ്പ് പരാജയം കൂടി കണക്കിലെടുത്താണ് കോൺഗ്രസിന്റെ പ്രചാരണ തന്ത്രങ്ങൾ തയാറാക്കുന്ന ഏജൻസി ഈ നിർദ്ദേശങ്ങൾ ഹൈക്കമാൻന്റുവഴി സംസ്ഥാന നേതാക്കൾക്ക് നൽകിയിരിക്കുന്നത്. ബീഹാറിൽ കോൺഗ്രസിന്റെ പ്രചാരണതന്ത്രം ആകെ പാളിയെന്ന വിലയിരുത്തലാണ് ഹൈക്കമാന്റിനുള്ളത്. തട്ടിപ്പായിരുന്നെങ്കിലും തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് അവിടെ സ്ത്രീകൾക്ക് 10,000 രൂപ ഒറ്റതവണയായി നൽകുന്ന പദ്ധതി മുഖ്യമന്ത്രി നിതീഷ്‌കുമാർ പ്രഖ്യാപിച്ചിരുന്നു.

ഇതിനെതിരെയൊക്കെ കോൺഗ്രസ് ശക്തമായി പ്രചാരണവും നടത്തി. ഇത് തട്ടിപ്പാണെന്ന് വരുത്തിതീർക്കാനാണ് ശ്രമിച്ചത്. എന്നാൽ കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ ഇതെല്ലാം നിർത്തലാക്കും എന്ന പ്രതീതിയാണ് ഇതിലൂടെ ഉണ്ടായത്. അതുകൊണ്ട് മഹാ സഖ്യത്തെ പരാജയപ്പെടുത്തണമെന്ന എൻഡിഎയുടെ പ്രചാരണത്തിന് അനുകൂലമായി ജനം ചിന്തിച്ചു എന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.

2021ലെ കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിലും സമാന സ്ഥിതിയുണ്ടായത് നേതൃത്വം കണക്കിലെടുക്കുന്നുണ്ട്. അധികാരത്തിൽ വന്നാൽ ലൈഫ് മിഷൻ ഉൾപ്പെടെ നാലു മിഷനുകളും പിരിച്ചുവിടുമെന്ന് യു.ഡി.എഫ് കൺവീനറായിരുന്ന എം.എം. ഹസ്സൻ പ്രസ്താവിച്ചിരുന്നു.

രണ്ടരലക്ഷംപേർക്ക് വീടുനൽകിയ ലൈഫ് മിഷൻ പിരിച്ചുവിടുമെന്ന ഈ പ്രസ്താവന വലിയ തിരിച്ചടിക്ക് വഴിവച്ചു. അതുപോലെ തന്നെയായിരുന്നു വിദ്യാഭ്യാസ സംരക്ഷണയജ്ഞവും ആർദ്രം മിഷനും. അന്ന് ഇടത് സർക്കാർ കിറ്റ് കൊടുക്കാൻ തീരുമാനിച്ചതിനെതിരെ നിയമനടപടിയുമായി രമേശ് ചെന്നിത്തല നീങ്ങിയത് തിരിച്ചടിയായെന്നും വിലയിരുത്തപ്പെടുന്നു. അതുകൊണ്ട് ഇക്കുറി തികഞ്ഞ ജാഗ്രത വേണമെന്നാണ് കോൺഗ്രസ് ഉന്നതതലത്തിൽ നിന്നുള്ള നിർദേശം.

lsd and udf at nilambur

സംസ്ഥാനത്ത്  സർക്കാർ പ്രഖ്യാപിച്ച ക്ഷേമപെൻഷ വർദ്ധനയും സ്ത്രീകൾക്കും യുവജനങ്ങൾക്കും പെൻഷനും  തിരഞ്ഞെടുപ്പിന് മുൻപ് ഓരോരുത്തരുടേയും പക്കലെത്തും. അതുകൊണ്ടുതന്നെ അതുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ചചെയ്യുമ്പോൾ അതീവ ജാഗ്രത പുലർത്തണം.  പദ്ധതികളെ എതിർക്കാനും വിമർശിക്കാനും പോലും അവയെ അധികം പരാമർശിക്കരുത്.  വിമർശിച്ചാൽ പോലും അതിനെ മുന്നണിക്ക് എതിരായി തിരിച്ചുവിടും. അതുകൊണ്ട് ഈ വിഷയം ചർച്ചയ്ക്കു വരുമ്പോൾ അത് വഴിതിരിച്ചുവിടണമെന്നാണ് പുതിയ നിർദ്ദേശം. ഇവയുമായി ബന്ധപ്പെട്ടുള്ള ചാനൽ ചർച്ചകളിൽ നിന്നും പരമാവധി ഒഴിഞ്ഞു നിൽക്കണമെന്നും പുതുക്കിയ പ്രചാരണതന്ത്രത്തിൽ വ്യക്തമാക്കുന്നു. 

പകരം ശബരിമല സ്വർണ്ണപാളി വിഷയം പോലെ ജനങ്ങളിൽ അതിവേഗം എത്തിക്കാൻ പറ്റുന്ന കാര്യങ്ങൾ കണ്ടെത്തണം. സ്വർണ്ണപാളി വിഷയം നിയമസഭാ തിരഞ്ഞെടുപ്പു വരെ നിലനിർത്തി കൊണ്ടുപോകാൻ ശ്രമം നടത്തണം. തദ്ദേശ തിരഞ്ഞെടുപ്പിൽ  അതാകണം പ്രധാന ചർച്ചാവിഷയം. സർക്കാരും ഇടതുമുന്നണിയും അത് ഒഴിവാക്കി തങ്ങളുടെ വഴിക്ക് പ്രചാരണം കൊണ്ടുവരാൻ ശ്രമിക്കും.

ഒരുകാരണവശാലും അതിന് നിന്നുകൊടുക്കരുതെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ശബരിമല പോലെയുള്ള വിഷയങ്ങൾ കൂടുതൽ സജീവമായി നിർത്തിയാൽ പാർട്ടിയുമായി അകന്നുനിൽക്കുന്ന സമുദായസംഘടനകൾക്കുപോലും കോൺഗ്രസിനെ പിന്തുണയ്‌ക്കേണ്ട സ്ഥിതിവരും. അതിനുള്ള തന്ത്രങ്ങൾക്കായിരിക്കണം രൂപം നൽകേണ്ടത് എന്നാണ് നൽകിയിട്ടുള്ള നിർദ്ദേശം. ഇതിന്റെ അടിസ്ഥാനത്തിൽ പുതിയ തന്ത്രങ്ങൾക്കാവും കോൺഗ്രസ് വരും ദിവസങ്ങൾക്കുള്ളിൽ രൂപം നൽകുക.

Advertisment