യൂത്ത് കോൺഗ്രസ് അലങ്കാര വസ്തുവോ. അധികാരമോഹത്താൽ ചാരുകസേരയിലൂന്നി കേരളത്തിലെ കോൺഗ്രസ് പാർട്ടി. മുതിർന്ന നേതാക്കളുടെ അധികാരമോഹം യുവാക്കളുടെ സ്വപ്നങ്ങളെ തളർത്തുന്നു. മന്ത്രിയാകേണ്ട യുവനേതാവിനെ ഡൽഹിക്ക് വിട്ടു. ചെങ്ങന്നൂർ കൈവിട്ട് വിഷ്ണുനാഥും. നോക്കുകുത്തിയായി ഹൈബിയും. പരമ്പരാഗത രാഷ്ട്രീയ ശ്രേണിയിൽ കിതച്ച് ശബരീനാഥനും. പുതുതലമുറ നേതാക്കൾക്ക് സ്ഥാനം കിട്ടാത്തതിന്റെ കഥകൾ ഇങ്ങനെ

New Update
youth

തിരുവനന്തപുരം : കേരളത്തിലെ കോൺഗ്രസ് പതിവു പോലെ പക്വതയും പ്രശസ്തിയും നേടിയ യുവനേതാക്കളെ തന്ത്രപരമായി ഒതുക്കുന്നു. 

Advertisment

ഇനി അബദ്ധത്തിൽ കേരളത്തിന്റെ ഭരണം കയ്യിൽ കിട്ടിയാലും, അധികാരം ചാരുകസേരയിൽ തന്നെ എന്നാണ് സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന്റെ മനോഭാവം.

പി.സി. വിഷ്ണുനാഥ്, ഷാഫി പറമ്പിൽ, ഹൈബി ഈഡൻ, കെ.എസ്. ശബരീനാഥൻ തുടങ്ങിയ താരമൂല്യമുള്ള നേതാക്കളുടെ സമീപകാല സ്ഥാനചലനങ്ങൾ സൂചിപ്പിക്കുന്നത്, മുതിർന്ന നേതാക്കളും മധ്യനിര നേതാക്കളും തമ്മിൽ കൃത്യമായ ഒരു താളക്രമം പാർട്ടിയിൽ നിലനിൽക്കുന്നില്ല എന്നാണ്. 

ഇത് ഇനി വരാനിരിക്കുന്ന എല്ലാ ഇലക്ഷനിലും കോൺഗ്രസ്സിന് വൻ തിരിച്ചടിയാകും. 

pc vishnunath pala


ചെറുപ്പക്കാരെ ഭയക്കുന്ന 60+. വിഷ്ണുനാഥും ചെങ്ങന്നൂരും

കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിലെ ഈ പ്രതിസന്ധിയുടെ ഏറ്റവും പ്രധാനപ്പെട്ട ഉദാഹരണമാണ് പി.സി. വിഷ്ണുനാഥ്.

തുടർച്ചയായി ചെങ്ങന്നൂർ നിയമസഭാ മണ്ഡലത്തിൽ വിജയിച്ച് ശക്തമായ വ്യക്തിബന്ധം സ്ഥാപിച്ച നേതാവായിരുന്നു വിഷ്ണുനാഥ്. 

2016-ൽ പരാജയപ്പെട്ടെങ്കിലും, മണ്ഡലത്തിൽ അദ്ദേഹത്തിന് വ്യക്തമായ വേരുകളുണ്ടായിരുന്നു. എന്നിട്ടും, വിഷ്ണുനാഥ് പിന്നീട് ചെങ്ങന്നൂരിൽ നിന്ന് നിർബന്ധിതമായി മാറ്റപ്പെട്ടു. 

2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ, വിഷ്ണുനാഥിനെ ചെങ്ങന്നൂരിൽ നിന്ന് മാറ്റി, തുടർച്ചയായി പരാജയപ്പെടുന്ന കുണ്ടറയിൽ മത്സരിപ്പിച്ചത്, അദ്ദേഹത്തിന്റെ രാഷ്ട്രീയ സ്വാധീനം ചെങ്ങന്നൂരിൽ പരിമിതപ്പെടുത്താൻ മുതിർന്ന നേതാക്കൾ നടത്തിയ ശ്രമമായി വ്യാഖ്യാനിക്കപ്പെട്ടു.

 അദ്ദേഹം കുണ്ടറയിൽ വിജയിച്ചുവെങ്കിലും, കൈവശമുണ്ടായിരുന്ന ചെങ്ങന്നൂർ സീറ്റ് പാർട്ടിക്ക് നഷ്ടമായി. ഒരു യുവനേതാവിന്റെ സ്വാധീനത്തെക്കാൾ, മുതിർന്ന നേതൃത്വത്തിന്റെ താൽപര്യങ്ങൾക്ക് പാർട്ടി നിന്നു കൊടുത്തു.

shafi parambil

ഷാഫി പറമ്പിൽ: 'മന്ത്രി'യാകേണ്ട യുവനേതാവിനെ ഡൽഹിക്ക് അയച്ചു

യൂത്ത് കോൺഗ്രസ്സിന്റെ ദേശീയ ജനറൽ സെക്രട്ടറി സ്ഥാനവും നിയമസഭയിലെ മികച്ച പ്രകടനവും വഴി ശ്രദ്ധേയനായ ഷാഫി പറമ്പിലിന്, പാലക്കാട് ജില്ലയിൽ ശക്തമായ വേരുകളുണ്ട്. പാലക്കാട് സിറ്റിങ് എം.എൽ.എയായിരുന്ന അദ്ദേഹം സ്വാഭാവികമായും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രധാന പ്രതീക്ഷയായിരുന്നു.

 എന്നാൽ, 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഷാഫിയോട് വടകരയിൽ മത്സരിക്കാൻ ആവശ്യപ്പെട്ടു.
പാലക്കാട് നിയമസഭാ മണ്ഡലത്തിൽ വിജയിച്ച് തുടർന്നാൽ, അടുത്ത യു.ഡി.എഫ്. മന്ത്രിസഭയിൽ ഷാഫി പറമ്പിലിന് മന്ത്രിസ്ഥാനം ലഭിക്കാൻ സാധ്യതയുണ്ടായിരുന്നു. 

സംസ്ഥാന നേതൃത്വത്തിന്റെ പ്രധാന 'പേടി' ഇതായിരുന്നു. ശക്തനായ ഒരു യുവനേതാവ് അധികാരത്തിൽ വരുന്നത് തടയാനായി, സിറ്റിങ് സീറ്റ് ഉപേക്ഷിച്ച്, വിജയം ഉറപ്പില്ലാത്ത ലോക്സഭാ മണ്ഡലമായ വടകരയിലേക്ക് മാറ്റിയത്, ഷാഫിയെ രാഷ്ട്രീയമായി ഒതുക്കാനുള്ള തന്ത്രപരമായ നീക്കമായി രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തി.

hibi edenn.


ഹൈബി ഈഡനും:  'നോക്കുകുത്തി' സ്ഥാനം


എറണാകുളത്തെ മികച്ച പ്രകടനം വഴി സംസ്ഥാനത്ത് നല്ലൊരു എം.എൽ.എ. എന്ന അംഗീകാരം നേടിയ നേതാവായിരുന്നു ഹൈബി ഈഡൻ. അടുത്ത യു.ഡി.എഫ്. മന്ത്രിസഭയിൽ ഉയർന്ന പദവിക്ക് സാധ്യത കൽപ്പിക്കപ്പെട്ട യുവ നേതാവായിരുന്നു അദ്ദേഹം.

2019-ൽ അദ്ദേഹം എറണാകുളം ലോക്സഭാ മണ്ഡലത്തിലേക്ക് മാറ്റി നിർത്തപ്പെട്ടു. ഭാവിയുള്ള ചെറുപ്പക്കാരെ വേരോടെ മുറിച്ചു മാറ്റി ഡൽഹിയിലേക്ക് അയച്ച് ബി.ജെ.പി. സർക്കാരിന്റെ സഭയിൽ 'നോക്കുകുത്തി'കളെ സൃഷ്ടിക്കുക എന്ന തന്ത്രമാണ് കോൺഗ്രസ് പാർട്ടി എപ്പോഴും ഉപയോഗിക്കുന്ന വജ്രായുധം.

 സംസ്ഥാന രാഷ്ട്രീയത്തിൽ ഉയർന്നുവരുന്ന യുവനേതാക്കളെ നിയമസഭയിൽ തുടരാൻ അനുവദിക്കാതെ ലോക്സഭയിലേക്ക് മാറ്റുക, അല്ലെങ്കിൽ പഞ്ചായത്ത് വാർഡിൽ മൽസരിപ്പിച്ചു പഞ്ചായത്ത് പ്രസിഡണ്ട് ആക്കുക. ഒരു ദേശീയ പാർട്ടിയുടെ നിലവാരതകർച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസിന് പുത്തരിയല്ല. 

ks sabarinath


 ശബരീനാഥൻ്റെ 'നിർബന്ധിത സേവനം'


മുൻ എം.എൽ.എയും സംസ്ഥാന നേതാവുമായ ശബരീനാഥനെ, പരമ്പരാഗത രാഷ്ട്രീയ ശ്രേണിയിൽ താഴ്ന്ന സ്ഥാനമായ കോർപ്പറേഷൻ തിരഞ്ഞെടുപ്പിലേക്ക് ഇറക്കുന്നത്, അദ്ദേഹത്തിന്റെ സംസ്ഥാന രാഷ്ട്രീയത്തിലെ വളർച്ച തടസ്സപ്പെടുത്തുന്ന നിർബന്ധിത തന്ത്രമാണ് എന്നുറപ്പാണ്.

ശബരിനാഥിനെ മത്സരരംഗത്തിറക്കിയത് ഹൈക്കമാൻഡിന്റെ 'നിർബന്ധപ്രകാരം' ആണെന്ന് കെ. മുരളീധരൻ എം.പി. തന്നെ പരസ്യമായി പ്രസ്താവിച്ചു.

ഒരു മുൻ എം.എൽ.എയെ , പാർട്ടിയിലെ കരുത്തനായ നേതാവിന്റെ മകനെ കോർപ്പറേഷൻ മത്സരത്തിലേക്ക് ഇറക്കുന്നത്, യുവതുർക്കികളെ നിയമസഭാ രാഷ്ട്രീയത്തിൽ നിന്ന് ഒഴിവാക്കി നിർത്താനുള്ള സംസ്ഥാന നേതൃത്വത്തിന്റെ കുടിലബുദ്ധിയാണ്.

ശബരീനാഥനെ പോലുള്ള ഒരു നേതാവിനെ ഇറക്കിയിട്ടും, തിരുവനന്തപുരം കോർപ്പറേഷനിലെ യഥാർത്ഥ മത്സരം എൽ.ഡി.എഫും ബി.ജെ.പി.യും തമ്മിലാണെന്നതാണ് രസകരം. 

2020-ലെ തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ആകെ 100 സീറ്റുകളിൽ 51 സീറ്റുകൾ നേടി എൽ.ഡി.എഫ് (LDF) കേവല ഭൂരിപക്ഷത്തോടെ ഭരണം നിലനിർത്തി. ഈ മത്സരത്തിൽ ബി.ജെ.പി. (NDA) 35 സീറ്റുകൾ നേടി പ്രധാന പ്രതിപക്ഷമായി ഉയർന്നുവന്നപ്പോൾ, കോൺഗ്രസ് ഉൾപ്പെട്ട യു.ഡി.എഫിന് (UDF) വെറും 10 സീറ്റുകൾ മാത്രമാണ് നേടാനായത്. 

ഈ കണക്കുകൾ പ്രകാരം, യു.ഡി.എഫ്. മത്സരത്തിൽ ചിത്രത്തിലെവിടെയുമില്ലാത്ത മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു,

*ശബരീനാഥൻ ഇനി കവടിയാർ വാർഡിൽ ജയിച്ചാൽ പോലും, ഭൂരിപക്ഷം ലഭിക്കാത്ത കോൺഗ്രസ് പാർട്ടിയുടെ ഒരു കൗൺസിലർ മാത്രമാകും.


യൂത്ത് കോൺഗ്രസ്: അസ്ഥിരമായ ഭാവി

ഇവർക്കൊപ്പം, യൂത്ത് കോൺഗ്രസ്സിലെ മറ്റ് നേതാക്കളുടെ അവസ്ഥയും പരിതാപകരമാണ്:

rahul


രാഹുൽ മാങ്കൂട്ടത്തിലിൻ്റെ രാജി


യൂത്ത് കോൺഗ്രസ്സ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് നടന്ന മത്സരത്തിലെ വിവാദങ്ങൾ, രാഹുൽ മാങ്കൂട്ടത്തിലിൻ്റെ രാഷ്ട്രീയ ജീവിതം കൂടുതൽ കഠിനമാക്കി.

സ്ഥാനം കിട്ടാത്തവർ: കെ.എം. അഭിജിത്ത്, അബിൻ വർക്കി പോലുള്ള നേതാക്കൾക്ക് ദേശീയ സെക്രട്ടറി സ്ഥാനങ്ങൾ നൽകി തൃപ്തിപ്പെടുത്തേണ്ടി വന്നു.

സംസ്ഥാന കോൺഗ്രസ് നേതൃത്വവും യുവനേതാക്കളും തമ്മിലുള്ള ഈ അധികാര കൈമാറ്റത്തിലെ താളപ്പിഴ തുടർന്നാൽ, അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ യുവനേതാക്കളെ മുൻനിർത്തി വിജയിക്കാമെന്ന മോഹം കോൺഗ്രസ്സിന് ഉപേക്ഷിക്കേണ്ടിവരും.

Advertisment