/sathyam/media/media_files/2025/03/14/WLF4jbZm1iwvWICVbGF8.jpg)
തിരുവനന്തപുരം: തോട്ടം മേഖലയിലെ ലയങ്ങളുടെ നിര്‍മ്മാണം മഴക്കാലത്തിനു മുമ്പ് സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് പ്ലാന്‍റേഷന്‍ ഉടമകള്‍ക്ക് നിയമ വ്യവസായ കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് നിര്‍ദേശം നല്‍കി. തോട്ടം തൊഴിലാളികളുടെ ലയങ്ങള്‍ നിര്‍മിക്കുന്നതിനും നവീകരിക്കുന്നതിനും ധനസഹായം നല്‍കുന്ന പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി.
തോട്ടം മേഖലയിലെ തൊഴിലാളികളുടെ താമസം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ അടിയന്തര പ്രാധാന്യമുള്ള വിഷയമായിട്ടാണ് സര്‍ക്കാര്‍ കാണുന്നതെന്ന് മന്ത്രി പറഞ്ഞു. ലയങ്ങളില്‍ കൂടുതലും കാലപ്പഴക്കമുള്ളതാണ്. അവയുടെ നവീകരണം സാധ്യമാക്കുകയെന്ന ദീര്‍ഘകാലമായുള്ള ആവശ്യത്തിനാണ് ഇപ്പോള്‍ പരിഹാരമാകുന്നത്.
പദ്ധതി പ്രഖ്യാപിച്ച് ചുരുങ്ങിയ ദിവസത്തിനുള്ളില്‍ 110 പുതിയ വീടുകള്‍ നിര്‍മ്മിക്കുന്നതിനും 774 വീടുകളുടെ നവീകരണം പൂര്‍ത്തിയാക്കുന്നതിനുമായി 27 ഡിപിആറുകള്‍ ആണ് തോട്ടമുടമകളില്‍ നിന്ന് നിലവില്‍ ലഭിച്ചിട്ടുള്ളത്. 13.46 കോടി രൂപയുടേതാണ് പദ്ധതി. ഇതില്‍ 3.61 കോടി രൂപ സര്‍ക്കാര്‍ സബ്സിഡിയായി നല്‍കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ടു മാസത്തിനുള്ളില്‍ ലയങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിനുസരിച്ച് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇടുക്കിയില്‍ നടത്തുമെന്നും മന്ത്രി അറിയിച്ചു.
തോട്ടം മേഖലയ്ക്ക് സര്‍ക്കാര്‍ നല്‍കുന്ന മുന്‍ഗണനയുടെ അടിസ്ഥാനത്തിലാണ് പ്ലാന്‍റേഷന്‍ ഡയറക്ടറേറ്റിന് രൂപം നല്‍കിയത്. സംസ്ഥാനത്തെ തോട്ടം മേഖലയെ സംബന്ധിച്ച് ഐഐഎം കോഴിക്കോട് തയ്യാറാക്കിയ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള കരട് നയം സമര്‍പ്പിച്ചിട്ടുണ്ട്. ഇതിന് അംഗീകാരം ലഭിക്കുന്നതോടെ റിപ്പോര്‍ട്ട് അടിസ്ഥാനപ്പെടുത്തിയുള്ള തുടര്‍ നടപടി സ്വീകരിക്കാനാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ കണ്ണന്‍ ദേവന്‍ പ്ലാന്‍റേഷന്‍സ്, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്സ്, എവിടി, മലങ്കര പ്ലാന്‍റേഷന്‍സ്, പാമ്പാടുംപാറ പ്ലാന്‍റേഷന്‍സ്, ഹാരിസണ്‍ മലയാളം ലിമിറ്റഡ് എന്നീ തോട്ടങ്ങളുടെ ഉടമകള്‍ ഡിപിആര്‍ കൈമാറി.