മലപ്പുറം: എസ്പി ക്യാമ്പ് ഓഫീസിൽ മരം മുറി കൂടാതെ അനധികൃത ക്രിക്കറ്റ് നെറ്റ്സ് നിർമ്മാണവും. മുൻ മലപ്പുറം എസ്പി സുജിത് ദാസിനെതിരെയാണ് ആരോപണം. നിലമ്പൂർ സ്വദേശി ഇസ്മായിൽ എരഞ്ഞിക്കലാണ് പരാതിക്കാരൻ. കഴിഞ്ഞ വർഷം ജൂലൈയിലാണ് ഇയാൾ വിജിലൻസിന് പരാതി നൽകിയത്.
എസ്പി ഓഫീസിലെ പുതിയ കെട്ടിട നിർമാണത്തിന് എത്തിച്ച മെറ്റലും സിമന്റും വകമാറ്റിയായിരുന്നു ക്രിക്കറ്റ് നെറ്റ്സ് നിർമ്മിച്ചത്. കെട്ടിട നിർമ്മാണ കോൺട്രാക്ടറെ സുജിത് ദാസ് സ്വാധീനിച്ചു. ആവശ്യമായ നെറ്റ് പൊന്നാനി ഹാർബറിൽ നിന്ന് സ്പോൺസർ ചെയ്യിപ്പിച്ചു. അതെടുക്കാൻ പൊലീസ് ജീപ്പ് വിട്ടെന്നും പരാതിയിൽ പറയുന്നു.
സുജിത് ദാസിനെക്കുറിച്ച് 2003-ൽ വിജിലൻസ് ഡയറക്ടർക്ക് പരാതി കൊടുത്തിരുന്നുവെന്നും അതിൽ സുജിത് ദാസ് നടത്തിയ അഴിമതികൾ അക്കമിട്ട് നിരത്തിയിരുന്നുവെന്നും ഇസ്മായിൽ പറഞ്ഞു. സർക്കാരിന്‍റെ ഉത്തരവില്ലാതെയാണ് ക്രിക്കറ്റ് കോർട്ട് പണിഞ്ഞിരിക്കുന്നതെന്നും എസ്പിക്ക് കളിക്കാൻവേണ്ടി മാത്രമാണിതെന്നും പറഞ്ഞ ഇസ്മായിൽ അതിൻറെ രേഖകളെല്ലാം കൈവശമുണ്ടെന്നും കൂട്ടിച്ചേർത്തു.
ഇസ്മായിലിന്‍റെ വാക്കുകൾ
സുജിത് ദാസിനെക്കുറിച്ച് 2003-ൽ വിജിലൻസ് ഡയറക്ടർക്ക് പരാതി കൊടുത്തിരുന്നു. സുജിത് ദാസ് നടത്തിയ അഴിമതികൾ അക്കമിട്ട് നിരത്തിയതാണ്. സർക്കാരിന്‍റെ ഉത്തരവില്ലാതെയാണ് ക്രിക്കറ്റ് കോർട്ട് പണിഞ്ഞിരിക്കുന്നത്. അതും എസ്പിക്ക് കളിക്കാൻവേണ്ടി മാത്രം. അതിൻറെ രേഖകളെല്ലാം കൈവശമുണ്ട്. ഞാനീ പരാതികൊടുത്ത ശേഷം എനിക്കവിടെ നിൽക്കാൻപോലും പറ്റാത്ത സ്ഥിതിയായിരുന്നു.