കൺസ്യൂമർഫെഡ് ഓണച്ചന്തകൾ ആഗസ്റ്റ് 26 മുതൽ. സംസ്ഥാനത്താകെ 1800 വിപണനകേന്ദ്രങ്ങൾ. നിത്യോപയോഗ സാധനങ്ങൾക്ക് 30 മുതൽ 50 ശതമാനം വരെ വിലക്കുറവ്

New Update
B

തിരുവനന്തപുരം: ഓണത്തിന് അവശ്യസാധനങ്ങൾ വിലക്കുറവിൽ ലഭ്യമാക്കാൻ സർക്കാരിന്റെ കൺസ്യൂമർഫെഡ് ഓണച്ചന്തകൾ ആഗസ്റ്റ് 26 ന് ആരംഭിക്കും. ഏഴുദിവസം നീണ്ടു നിൽക്കുന്ന ഓണച്ചന്തകൾ സെപ്റ്റംബർ 4ന് അവസാനിക്കും.

Advertisment

സംസ്ഥാനത്താകെ 1800 വിപണനകേന്ദ്രങ്ങളാണ് കൺസ്യൂമർഫെഡിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്നത്. ആന്ധ്ര ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി, പഞ്ചസാര, ഉഴുന്ന്, ചെറുപയർ, കടല, തുവരപ്പരിപ്പ്,

വൻപയർ, മുളക്, മല്ലി, വെളിച്ചെണ്ണ എന്നിങ്ങനെ 13 നിത്യോപയോഗസാധനങ്ങൾ സർക്കാർ സബ്സിഡിയോടെ പൊതുവിപണിയെക്കാൾ 30 മുതൽ 50 ശതമാനം വരെ വിലക്കുറവിൽ പൊതുജനങ്ങൾക്ക് ലഭിക്കും.


കേരളത്തിലെ വിവിധ സഹകരണസംഘങ്ങൾ കേരകർഷകരിൽ നിന്നും നേരിട്ട് കൊപ്രശേഖരിച്ച് ഉല്പാദിപ്പിക്കുന്ന വിവിധ പേരിലുള്ള വെളിച്ചെണ്ണകളാണ് ഓണച്ചന്തകളിലൂടെ ജനങ്ങളിലേക്കെത്തുന്നത്. 


ദിനേശ്, റെയ്ഡ്കോ, മിൽമ തുടങ്ങിയ വിവിധ സഹകരണ സ്ഥാപനങ്ങളുടെ ഉല്പന്നങ്ങളും വിലക്കുറവിൽ ഓണച്ചന്തകളിൽ ലഭിക്കും. 

അതോടൊപ്പം നോൺ-സബ്സിഡി ഇനങ്ങളും 10 മുതൽ 40 ശതമാനം വരെ വിലക്കുറവിൽ ഓണച്ചന്തകളിൽ ലഭിക്കും. പ്രമുഖ ബ്രാന്‍റ് കമ്പനികളുടെ എഫ്.എം.സി.ജി ഉല്പന്നങ്ങളും ഓഫർ വിലകളിൽ ലഭ്യമാകും.

consumer fed

ത്രിവേണി ബ്രാന്റിൽ കൺസ്യൂമർഫെഡ് നേരിട്ട് വിപണിയിലിറക്കുന്ന തേയില, ആട്ട, മൈദ, റവ, അരിപ്പൊടികൾ, മസാലപ്പൊടികൾ തുടങ്ങിയവയും ബിരിയാണി അരി, വെല്ലം , സേമിയ, പാലട, അരിയട, ചുവന്നൂള്ളി, സവാള എന്നിവയും പ്രത്യേകം വിലക്കുറവിൽ ലഭ്യമാകും. 


നിത്യോപയോഗ സാധനങ്ങളുടെ ഗുണനിലവാരം സർക്കാർ അംഗീകാരമുള്ള പ്രത്യേക ഏജർസിയെ വച്ച് പരിശോധിച്ച് ഗുണമേന്മ ഉറപ്പാക്കിയാണ് ഓണച്ചന്തകളിൽ വിപണനത്തിന് എത്തിക്കുന്നത്.


ഒരു ദിവസം 75 പേർക്കാണ് നിത്യോപയോഗ സാധനങ്ങൾ ഓണച്ചന്തകളിൽ നിന്നും ലഭ്യമാകുക. തിരക്ക് ഒഴിവാക്കാൻ സമയമെഴുതിയ കൂപ്പൺ നൽകും. റേഷൻ കാർഡ് മുഖേനെ നിയന്ത്രണ വിധേയമായാണ് സാധനങ്ങളുടെ വിതരണം ക്രമീകരിച്ചിരിക്കുന്നത്.

കൺസ്യൂമർഫെഡിന്റെ ത്രിവേണി സൂപ്പർമാർക്കറ്റുകൾ, സഹകരണസ്റ്റോറുകൾ, പ്രാഥമിക കാർഷിക സഹകരണസംഘങ്ങൾ, പട്ടിക ജാതി /പട്ടിക വർഗ സംഘങ്ങൾ, മത്സ്യ സഹകരണ സംഘങ്ങൾ, വനിതാ സഹകരണ സൊസൈറ്റികൾ തുടങ്ങി വിവിധ മേഖലകളിലെ സഹകരണസ്ഥാപനങ്ങളാണ് ഓണച്ചന്തകൾ ആരംഭിക്കന്നത്. 

Advertisment