ചരിത്രത്തെ മാറ്റിയെഴുതുമ്പോള്‍ ഓര്‍മ്മകളെ തിരിച്ചു പിടിക്കുന്നത് സമകാലീന കല- ബിനാലെ ലെറ്റ്സ് ടോക്ക്

New Update
KBF KANNUR
കണ്ണൂര്‍: ചരിത്രവസ്തുതകള്‍ മാറ്റിയെഴുതുന്ന കാലത്ത് ഓര്‍മ്മകളെ തിരിച്ചു പിടിക്കുന്നതില്‍ കൊച്ചി മുസിരിസ് ബിനാലെ പോലുള്ള സമകാലീന കലയ്ക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് ബിനാലെ ആറാം ലക്കത്തിന്‍റെ ക്യൂറേറ്റര്‍ നിഖില്‍ ചോപ്ര പറഞ്ഞു. കൊച്ചി ബിനാലെ ഫൗണ്ടേഷന്‍(കെബിഎഫ്) കണ്ണൂരിലെ മഹാത്മാ മന്ദിരത്തില്‍ വച്ച് നടത്തിയ ലെറ്റ്സ് ടോക്ക് സംഭാഷണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Advertisment

കാഴ്ചക്കാരെ കേവലം കാണികളാക്കാതെ അവരെ പ്രദര്‍ശനത്തിന്‍റെ ഭാഗമാക്കുകയും, സക്രിയമായ ആവാസവ്യവസ്ഥയായി കൊച്ചി മുസിരിസ് ബിനാലെയെ മാറ്റുകയും ചെയ്യുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് നിഖില്‍ ചോപ്ര പറഞ്ഞു.
ബിനാലെ ആറാം ലക്കത്തിന്‍റെ പ്രമേയമായ 'ഫോര്‍ ദി ടൈം ബീയിങ്' എന്നത് ഭൂതകാലത്തെയും ഭാവിയെയും ബന്ധിപ്പിക്കുന്ന ഒന്നാണെന്ന കാഴ്ചപ്പാടില്‍ നിന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിനാലെയുടെ ഭാഗമായി എല്ലാ ജില്ലകളിലും നടക്കുന്ന ലെറ്റ്സ് ടോക്ക് പരിപാടിയ്ക്ക് പുറമെ മറ്റ് പരിപാടികളും സംഘടിപ്പിക്കാന്‍ പദ്ധതിയുണ്ടെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍റെ പ്രോഗ്രാം ഡയറക്ടര്‍ മാരിയോ ഡിസൂസ പറഞ്ഞു.

പൗരാണിക കാലം മുതല്‍ തന്നെ വിവിധ സംസ്കാരങ്ങളുടെയും കടന്നുവരവിന് സാക്ഷ്യം വഹിച്ച ഇടമാണ് കൊച്ചി. ബിനാലെയുടെ വൈവിദ്ധ്യം ഉള്‍ക്കൊള്ളാന്‍ ഏറ്റവും പ്രസക്തമായ ഇടവും കൊച്ചിയാണെന്ന് നിഖില്‍ ചോപ്ര പറഞ്ഞു.

എഴുത്തുകാരനും കലാനിരൂപകനുമായ പി. സുധാകരന്‍ ചര്‍ച്ചയും സംവാദവും മോഡറേറ്റ് ചെയ്തു. കൊച്ചി-മുസിരിസ് ബിനാലെയുടെ പ്രോഗ്രാം മാനേജരായ അനന്തന്‍ സുരേഷ്,  ഗാലറി ഏകാമി മാനേജിങ് പാര്‍ട്ണര്‍ മഹേഷ് ഒറ്റച്ചാലില്‍, എന്നിവര്‍ക്ക് പുറമെ കണ്ണൂരിലെ പ്രമുഖ കലാകാരരും കലാസ്വാദകരും ചര്‍ച്ചയില്‍ പങ്കെടുത്തു.

2025 ഡിസംബര്‍ 12 മുതല്‍ 2026 മാര്‍ച്ച് 31 വരെ കൊച്ചിയില്‍ വെച്ചാണ് ആറാമത് കൊച്ചി-മുസിരിസ് ബിനാലെ നടക്കുക.
Advertisment