തിരുവനന്തപുരം: ജലസ്രോതസ്സുകളിലെ മൈക്രോപ്ലാസ്റ്റിക്ക് മലിനീകരണത്തോത് ആശങ്കാജനകമാണെന്നും സാമ്പിളുകള്‍ ശേഖരിച്ച് തുടര്‍ച്ചയായ പരിശോധനയും വിശകലനവും ആവശ്യമാണെന്ന് നാഷണല്‍ സെന്‍റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ്(എന്‍സിഇഎസ്എസ്) എന്‍വയോണ്‍മെന്‍റ് ഹൈഡ്രോളജി ഗ്രൂപ്പിലെ ശാസ്ത്രജ്ഞന്‍ ഡോ. കെ. അനൂപ് കൃഷ്ണന്‍. ബ്രിക്-രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി(ആര്‍ജിസിബി) ലോക പരിസ്ഥിതി ദിന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ആര്‍ജിസിബി ഡയറക്ടര്‍ പ്രൊഫ. ചന്ദ്രഭാസ് നാരായണ അധ്യക്ഷത വഹിച്ചു. പ്ലാസ്റ്റിക്ക് മാലിന്യത്തിനെതിരെ പൊരുതുക എന്നതാണ് ഈ വര്‍ഷത്തെ പരിസ്ഥിതി ദിന പ്രമേയം.
പല മാര്‍ഗങ്ങളിലൂടെയുള്ള മൈക്രോപ്ലാസ്റ്റിക് മാലിന്യങ്ങളുടെ വ്യാപനം ജലസ്രോതസ്സുകള്‍ക്ക് വലിയ പ്രത്യാഘാതമുണ്ടാക്കുന്നുവെന്ന് അനൂപ് കൃഷ്ണന്‍ പറഞ്ഞു. ആഗോളതലത്തില്‍ ഇത് പ്രധാന ആശങ്കയായി മാറിയിട്ടുണ്ട്. എന്‍സിഇഎസ്എസിന്‍റെ നേതൃത്വത്തില്‍ കേരളത്തിലെ നദികളിലെ വ്യത്യസ്ത മേഖലകളില്‍ വിപുലമായും കൃത്യമായ ഇടവേളകളിലും സാമ്പിളിംഗ് പ്രവര്‍ത്തനം നടത്തുന്നുണ്ട്. പമ്പ, ആക്കുളം, മണിമല, പെരിയാര്‍ മുതലായ ജലാശയങ്ങളില്‍ ഇത് തുടര്‍ച്ചയായി നടത്തിവരുന്നു. പമ്പ, പെരിയാര്‍ ഉള്‍പ്പെടെയുള്ള നദികളിലെ മൈക്രോപ്ലാസ്റ്റിക്ക് മലിനീകരണത്തോത് ആശങ്കാജനകമാണ്. മനുഷ്യ ഇടപെടല്‍, ഫാക്ടറികള്‍, തോട്ടങ്ങളിലെ കീടനാശിനി പ്രയോഗം എന്നിവയെല്ലാം നദികളെ മലിനമാക്കുന്നുണ്ട്.
സാമ്പിള്‍ പരിശോധനയിലൂടെ നദികളിലെ മൈക്രോപ്ലാസ്റ്റിക്കിന്‍റെ അളവ് തിരിച്ചറിയുകയും വലുപ്പം, ആകൃതി, ഡീഗ്രഡേഷന്‍ പാറ്റേണുകള്‍ എന്നിവ അടിസ്ഥാനമാക്കി അവ വര്‍ഗ്ഗീകരിക്കുകയുമാണ് ചെയ്യുന്നത്. മൈക്രോപ്ലാസ്റ്റിക്കുകള്‍ മനുഷ്യശരീരത്തെ പ്രതികൂലമായി ബാധിക്കുന്ന ഘനലോഹങ്ങള്‍ ഉള്‍പ്പെടെ വഹിക്കുന്നുണ്ട്. മത്സ്യങ്ങളിലും ജലജീവികളിലും മൈക്രോപ്ലാസ്റ്റിക്ക് സാന്നിധ്യം വിശകലനം ചെയ്യുകയും ആരോഗ്യ അപകടസാധ്യത വിലയിരുത്തുകയും സാമൂഹിക അവബോധം നല്‍കുകയും ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സമുദ്രജീവികളും കരയിലുള്ളവയും പലപ്പോഴും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വിഴുങ്ങുകയോ അതില്‍ കുടുങ്ങുകയോ ചെയ്യുന്നുണ്ട്. ഖരമാലിന്യത്തിന്‍റെ ഒരു പ്രധാന ഭാഗം മൈക്രോപ്ലാസ്റ്റിക് ആണ്. 2023 ലെ യുഎന്‍ഇപി റിപ്പോര്‍ട്ട് അനുസരിച്ച് ആഗോള പ്ലാസ്റ്റിക് ഉല്‍പ്പാദനം പ്രതിവര്‍ഷം 430 ദശലക്ഷം ടണില്‍ കൂടുതലാണ്. ഇതില്‍ മൂന്നില്‍ രണ്ട് ഭാഗത്തിലധികം മാലിന്യമായി മാറുന്നു. ആവാസവ്യവസ്ഥയിലേക്ക് 139 ദശലക്ഷം ടണ്‍ പുറന്തള്ളപ്പെടുന്നു. മൈക്രോപ്ലാസ്റ്റിക് 5 മില്ലിമീറ്ററില്‍ താഴെ വലിപ്പമുള്ള കണികകളാണ്.
ഇവ ആവാസവ്യവസ്ഥയെ രഹസ്യമായി ആക്രമിച്ച് വലിയ പാരിസ്ഥിതിക ഭീഷണികള്‍ ഉയര്‍ത്തുന്നു. മൈക്രോപ്ലാസ്റ്റിക്കുകള്‍ ഉള്‍പ്പെടെയുള്ള പ്ലാസ്റ്റിക്ക് അവശിഷ്ടങ്ങള്‍ ഭൂമിയുടെ ഫോസില്‍ രേഖയുടെ ഭാഗമായി മാറിക്കൊണ്ടിരിക്കുകയാണ്. മൈക്രോപ്ലാസ്റ്റിക്കിന്‍റെ കണ്ടെത്തലിലും നിരീക്ഷണത്തിലും നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും അതിന്‍റെ ലഘൂകരണ തന്ത്രങ്ങളെക്കുറിച്ചുള്ള ഗവേഷണം പരിമിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യാതൊരു നിയന്ത്രണവുമില്ലാതെ പ്ലാസ്റ്റിക്ക് ഉപഭോഗം വര്‍ധിച്ചുവരികയാണെന്നത് ഏറെ ആശങ്കാജനകമാണെന്ന് പ്രൊഫ. ചന്ദ്രഭാസ് നാരായണ പറഞ്ഞു. ദൈനംദിന ജീവിതത്തില്‍ പ്ലാസ്റ്റിക്ക് ഉപയോഗം കുറയ്ക്കുന്നതില്‍ എല്ലാവരും പ്രതിബദ്ധത കാണിക്കുന്നതിനൊപ്പം പ്ലാസ്റ്റിക്ക് ബദലുകളെക്കുറിച്ചുള്ള ചിന്തകള്‍ പ്രസക്തമാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പരിസ്ഥിതി ദിനാചരണത്തിന്‍റെ ഭാഗമായി സീറോ വേസ്റ്റ് മാനേജ്മെന്‍റ് കോണ്ടസ്റ്റ്, പുസ്തക പ്രകാശനം, സമ്മാന വിതരണം തുടങ്ങിയവയും നടന്നു.