/sathyam/media/media_files/2026/01/11/jacob-abharam-anil-bose-reji-cheriyan-2026-01-11-21-52-55.jpg)
കുട്ടനാട്: കുട്ടനാട് സീറ്റിനെ ചൊല്ലി വിവാദം തുടരുന്നു. കുട്ടനാട്ടില്‍ മുഖ്യധാരാ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികള്‍ മത്സരിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് നേതാവ് അനില്‍ ബോസ് രംഗത്തു വന്നു.
കുട്ടനാടന്‍ ജനതയും ഇടത് വലതു വ്യത്യാസമില്ലാതെ മുന്നണിയിലെയും പാര്‍ട്ടികളിലെയും പ്രവര്‍ത്തകരും മുഖ്യധാരാ പാര്‍ട്ടികള്‍ സീറ്റ് ഏറ്റെടുക്കണം നിലപാട് ഉയര്‍ത്തുന്നതു ചതിയുടെ രാഷ്ട്രീയത്തിനും അവര്‍മൂലം കുട്ടനാട്ടില്‍ സംഭവിച്ചിട്ടുള്ള അപചയങ്ങള്‍ക്കും എതിരായ വികാരത്തിന്റെ അടിസ്ഥാനത്തിലാണ്.
ഇതു വ്യക്തിപരമോ പാര്‍ട്ടിപരമോ മുന്നണിപരമോ ആയിട്ടുള്ള അഭിപ്രായമായി അല്ല കാണേണ്ടതു കുട്ടനാടിന്റെ പൊതുവികാരം ആയി കാണണമെന്നും അനില്‍ ബോസ് പറയുന്നു.
മുന്‍പു സീറ്റ് വ്യവസായിക്ക് വിറ്റതിന്റെ പേരില്‍ ജോസഫ് വിഭാഗത്തിനെതിരെ ആഞ്ഞടിച്ചു കൊണ്ടാണു കോണ്‍ഗ്രസ് നേതാവ് അനില്‍ബോസ് രംഗത്തു വന്നിരുന്നു.
കുട്ടനാട് സീറ്റ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ നിന്നു കോണ്‍ഗ്രസ് ഏറ്റെടുക്കണം. കുട്ടനാട് സീറ്റ് ജോസഫ് വിഭാഗത്തിന്റെ കുത്തകയൊന്നുമല്ല. കുട്ടനാടിന്റെ രാഷ്ട്രീയ ചരിത്രം കേരള കോണ്‍ഗ്രസിന് അറിയില്ല.
പേയ്‌മെന്റ് സീറ്റില്‍ വന്നവര്‍ കുട്ടനാട്ടില്‍ ജയിക്കില്ല. കുട്ടനാട്ടില്‍ ഒരാള്‍ സ്വയം പ്രഖ്യാപിത യുഡിഎഫ് സ്ഥാനാര്‍ഥിയാവുന്നു. ഇതില്‍ കോണ്‍ഗ്രസിന്റെ ദേശീയ - സംസ്ഥാന നേതൃത്വങ്ങള്‍ക്കു പരാതി നല്‍കിയിട്ടുണ്ട് - അനില്‍ ബോസ് ആഞ്ഞടിച്ചിരുന്നു.
കുട്ടനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ റെജി ചെറിയാന്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ഇതാണ് അനില്‍ ബോസ് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളെ പ്രകോപിപ്പിച്ചിരിക്കുന്നത്.
ഇതിനു തുടര്‍ച്ചയായാണ് രണ്ടു മുന്നണിയിലും സീറ്റ് ആരുടെയും കുത്തകയല്ലെന്നു അനില്‍ ബോസ് ഫേസ്ബുക്ക് കുറിപ്പിട്ടത്.
കുട്ടനാട്ടില്‍ നിയമസഭാ മണ്ഡലം പലകുറി പുന:ക്രമീകരിച്ചിട്ടുണ്ട്. ചങ്ങനാശേരി കുട്ടനാടിന്റെ ഭാഗമായിരുന്നു അമ്പലപ്പുഴ കുട്ടനാടിന്റെ ഭാഗമായിരുന്നു. 2011 നു മുമ്പ് പത്തു പഞ്ചായത്തുകള്‍ മാത്രമായി മാറി പിന്നീട് ഇപ്പോള്‍ അത് 13 പഞ്ചായത്തുകളായി.
തെരഞ്ഞെടുപ്പു ചരിത്രം പരിശോധിക്കുമ്പോള്‍ കോണ്‍ഗ്രസുകാരനായ തോമസ് ജോണ്‍ എംഎല്‍എ ആയിട്ടുണ്ട്. പിന്നീട് സ്വതന്ത്രനായി കുട്ടനാട്ടില്‍ കെ.കെ കുമാരപിള്ള എംഎല്‍എ ആയി. അതിനുശേഷം എംഎല്‍എ ആയത് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ നേതാവ് ഉമ്മന്‍ തലവടിയാണ്.
ശേഷം എംഎല്‍എ ആയത് കേരള കോണ്‍ഗ്രസിന്റെ ഈപ്പന്‍ കണ്ടക്കുടിയാണ്.
പിന്നീട് പ്രഫ. ഉമ്മന്‍ മാത്യു. ഐക്യ ജനാധിപത്യമുന്നണി രൂപപ്പെട്ടത് 1979 നു ശേഷമാണ്. പിന്നെ ഡോ. കെസി ജോസഫ്.
അതു കഴിഞ്ഞ് തോമസ് ചാണ്ടി എന്നിവര്‍ എംഎല്‍എ മാരായി. മത്സരിച്ച പാര്‍ട്ടികള്‍ കേരള കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് മാണി, കേരള കോണ്‍ഗ്രസ് ജോസഫ്, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് ജേക്കബ്, ഡെമോക്രാറ്റിക് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് (ഉകഇ).
ഇന്ന് കേരള കോണ്‍ഗ്രസ് പിളര്‍ന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് ഉണ്ടായപ്പോള്‍ യുഡിഎഫിലെ ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് മാണിയില്‍ ലയിച്ചു വന്ന കേരള കോണ്‍ഗ്രസുകാരന്‍ ജേക്കബ്ബ് എബ്രഹാം രണ്ടിലെ ചിഹ്നത്തില്‍ മത്സരിച്ചു.
ചുരുക്കിപ്പറഞ്ഞാല്‍ രണ്ട് സ്വതന്ത്രരും അഞ്ചു പാര്‍ട്ടികളും യുഡിഎഫില്‍ തന്നെ പലകുറി മാറി മത്സരിച്ചിട്ടുണ്ട്. ഇടതുപക്ഷത്തില്‍ സിപിഎമ്മും, കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും (20 വര്‍ഷത്തിലധികം) ഡിഐസിയും, പിന്നെ എന്‍സിപിയും അടക്കം നാലിലധികം പാര്‍ട്ടികളാണ് അവിടെയും മത്സരിച്ചത്
അതുകൊണ്ട് രണ്ടു മുന്നണിയിലും സീറ്റ് ആരുടെയും കുത്തകയല്ല. ഓരോ തെരഞ്ഞെടുപ്പ് സാഹചര്യത്തിലാണ് പാര്‍ട്ടികളും മുന്നണികളും ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നത്.
ഡോ. കെസി ജോസഫും, തോമസ് ചാണ്ടിയും, നിയമ സഭയിലും പിന്നീട് വന്ന ജേക്കബ്ബ് എബ്രഹാം (ജില്ലാ പഞ്ചായത്ത്) അവസരവാദ സമീപനം സ്വീകരിക്കുകയും മുന്നണികള്‍ മാറിമാറി മത്സരിക്കുകയും ചെയ്തവരാണ്. ഇപ്പോഴത്തെ എംഎല്‍എ തോമസ് തോമസ് സഹോദരനോടൊപ്പം യുഡിഎഫില്‍ നിന്നതിനു ശേഷം എല്‍ഡിഎഫിലേക്ക് ചാടിയ ആളാണ്.
ഇപ്പോള്‍ സ്വയം പ്രഖ്യാപിത സ്ഥാനാര്‍ഥിയായി വന്നയാളാകട്ടെ രണ്ടുമാസം മുമ്പ് വരെ ഇടതുപക്ഷക്കാരനായിരുന്നു. ഈ അവസരവാദ കാലുമാറ്റ കൂറുമാറ്റ വിഷയങ്ങളാണു മറ്റിടങ്ങളില്‍ നിന്നും കുട്ടനാടിനെ വ്യത്യസ്തമാക്കുന്നതെന്നും അനില്‍ ബോസ് പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us