കണ്‍വര്‍ജെന്‍സ് ഇന്ത്യ റോഡ് ഷോ ഇന്‍ഫോപാര്‍ക്കില്‍ നടന്നു

New Update
Pic . 2
കൊച്ചി: അടുത്ത വര്‍ഷം മാര്‍ച്ചില്‍ ഡല്‍ഹിയില്‍ നടക്കാന്‍ പോകുന്ന 33-ാമത് കണ്‍വെര്‍ജന്‍സ് ഇന്ത്യ പ്രദര്‍ശനത്തിന് മുന്നോടിയായുള്ള റോഡ് ഷോ ഇന്‍ഫോപാര്‍ക്കില്‍ നടന്നു. ഇന്‍ഫോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന തെരഞ്ഞെടുത്ത കമ്പനികളുടെ പിച്ചിംഗില്‍ (നൂതനസാങ്കേതികവിദ്യയുടെയും ഉത്പന്നങ്ങളുടെയും വിവരണവും പ്രവര്‍ത്തനമാതൃകകളുടെ  അവതരണവും) സ്മാര്‍ട്ട് ഫോക്സ് ടെക്നോളജീസ് വിജയികളായി.

സ്റ്റാര്‍ട്ടപ്പുകളെയും, മികച്ച ആശയവും ഉത്പന്ന മാതൃകകളുമുള്ള കമ്പനികളെയും കൈ പിടിച്ചുയര്‍ത്തുന്നതില്‍ ഏറെ പങ്ക് വഹിക്കുന്ന ഉദ്യമമാണ് കണ്‍വെര്‍ജന്‍സ് ഇന്ത്യ എക്സ്പോയെന്ന് ഇന്‍ഫോപാര്‍ക്ക് സിഇഒ സുശാന്ത് കുറുന്തില്‍ പറഞ്ഞു. നൂതനത്വത്തെ പ്രോത്സാഹിപ്പിക്കുന്ന ഐടി ആവാസവ്യവസ്ഥയാണ് കേരളം ഇപ്പോള്‍ മുന്നോട്ടു വയ്ക്കുന്നത്. ഈ സാഹചര്യത്തില്‍ കേരളത്തിലെ കമ്പനികള്‍ക്ക് കണ്‍വെര്‍ജന്‍സ് ഇന്ത്യ മികച്ച അവസരമാണ് നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എക്സിബിഷൻസ് ഇന്ത്യ ഗ്രൂപ്പ് ഡയറക്ടർ ധ്രുവ് ബഹൽ, അസി. ജനറൽ മാനേജർ കരുൺ സലൂജ, സംസ്ഥാന സർക്കാരിൻ്റെ ട്രേഡ് പ്രൊമോഷൻ ആൻഡ് ഇൻവസ്റ്റ്മൻ്റ് അട്രാക്ഷൻ ലീഡ് സ്ട്രാറ്റജിസ്റ്റ് പ്രജിത് പ്രഭാകരൻ തുടങ്ങിയവര്‍ സംസാരിച്ചു.

അബാസോഫ്റ്റ് ടെക്നോളജീസ്, റെക്സ്ടെക് സ്റ്റുഡിയോസ്, പ്രൈംക്രൗണ്‍ ടെക്നോളജീസ്, സ്മാര്‍ട്ട്ഫോക്സ് ടെക്നോളജീസ്, റൂം സ്മാര്‍ട്ട് ടെക്നോളജീ എന്നീ കമ്പനികളാണ് പിച്ചിംഗില്‍ പങ്കെടുത്തത്. വിജയിക്ക് കണ്‍വെര്‍ജന്‍സ് ഇന്ത്യയില്‍ സൗജന്യമായി സ്റ്റാൾ, യാത്രാ - താമസ സൗകര്യം - പങ്കാളിത്തം എന്നിവയാണ് ലഭിച്ചത്.

കൺവെർജൻസ് ഇന്ത്യയുടെ 32 മത് ലക്കത്തിൽ മികച്ച സ്‌റ്റാർട്ടപ്പ് പിച്ച് ഹബ് പുരസ്കാരം നേടിയ  കേരളത്തിൽ നിന്നുള്ള സ്റ്റാർട്ടപ്പായ ഫ്യൂസലേജ് ഇനോവേഷൻസ് പ്രതിനിധി മിഥുൽ ജോഷി തങ്ങളുടെ സംരംഭക യാത്രയയെക്കുറിച്ച്  അവതരണവും നടത്തി.

ഐടി, ടെലികോം, നൂതന സാങ്കേതികവിദ്യ, സ്മാര്‍ട്ട് സിറ്റി സൊല്യൂഷനുകള്‍ തുടങ്ങിയ ഹൈടെക് മേഖലയില്‍ നടത്തുന്ന ദേശീയ ഉച്ചകോടിയാണ് കൺവെർജൻസ് ഇന്ത്യ എക്സ്പോ. ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തിലാണ് ഇത് നടക്കുന്നത്. അമ്പതിനായിരത്തിലേറെ പ്രതിനിധികള്‍ മാര്‍ച്ച് 23 മുതല്‍ 25 വരെയുള്ള ഈ ഉച്ചകോടിയില്‍ പങ്കെടുക്കും. ഇന്ത്യയടക്കം 20 ഓളം രാജ്യങ്ങളില്‍ നിന്ന് പ്രതിനിധികള്‍ ഇതില്‍ പങ്കെടുക്കും.

ഡിജിറ്റൽ ഇന്ത്യ, മേക്ക് ഇൻ ഇന്ത്യ, സ്മാർട്ട് സിറ്റീസ് മിഷൻ തുടങ്ങിയ സർക്കാർ സംരംഭങ്ങളോട് ചേര്‍ന്നാണ് കണ്‍വെര്‍ജന്‍സ് ഇന്ത്യ പ്രവര്‍ത്തിക്കുന്നത്. 6G, നിര്‍മ്മിത ബുദ്ധി(എഐ), ഇൻ്റർനെറ്റ് ഓഫ് തിങ്‌സ് (ഐഒടി), ഫിൻടെക്, ക്ലൗഡ് കമ്പ്യൂട്ടിംഗ്, സൈബർ സുരക്ഷ, അർബൻ മൊബിലിറ്റി തുടങ്ങിയ മേഖലകളിലെ ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങളും പരിഹാരങ്ങളും വേദിയിൽ പ്രദർശിപ്പിക്കും. വ്യവസായ പ്രമുഖർ, സർക്കാർ പ്രതിനിധികൾ, നിക്ഷേപകർ, സ്റ്റാർട്ടപ്പുകൾ എന്നിവർക്ക് ആശയവിനിമയം നടത്തുക, അറിവ് പങ്കുവയ്ക്കുക, എന്നിവയ്ക്കൊപ്പം രാജ്യത്തിന്റെ ഡിജിറ്റൽ, അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാവി രൂപപ്പെടുത്താനുമുതകുന്ന സുപ്രധാന പ്ലാറ്റ്‌ഫോമാണ് കണ്‍വെര്‍ജന്‍സ് ഇന്ത്യ.
Advertisment
Advertisment