/sathyam/media/media_files/2025/11/19/s-suresh-sandeep-warrier-2025-11-19-16-49-10.jpg)
തിരുവനന്തപുരം: പെരിങ്ങമല ലേബർ കോൺട്രാക്ട് സഹകരണ സംഘം അഴിമതിയിൽ സംസ്ഥാന ബി.ജെ.പി - ആർ.എസ്.എസ് നേതാക്കൾ കുരുക്കിൽ.
സഹകരണ സംഘം വൈസ് പ്രസിഡന്റും ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ എസ് സുരേഷ് 43 ലക്ഷം രൂപ പലിശ സഹിതം തിരിച്ചടക്കണമെന്ന് ആവശ്യപ്പെട്ട് സഹകരണ വകുപ്പ് ഉത്തരവിറക്കി. സഹകരണ ചട്ടം ലംഘിച്ച് ബിജെപി നേതാക്കൾ വായ്പയെടുത്തെന്ന് കണ്ടെത്തിയതോടെയാണ് സഹകരണ വകുപ്പിന്റെ നടപടി.
ഭരണസമിതി അംഗങ്ങൾ അതേ ബാങ്കിൽ നിന്ന് വായ്പയെടുക്കാൻ പാടില്ല എന്നാണ് ചട്ടം. എസ് സുരേഷ് ഉൾപ്പെടെ 16 പേരായിരുന്നു ബാങ്കിന്റെ ഭരണസമിതിയിൽ ഉണ്ടായിരുന്നത്. നിയമം ലംഘിച്ച് വായ്പയെടുത്തുവെന്നാണ് ഭരണസമിതി അംഗങ്ങൾക്കെതിരായ കണ്ടെത്തൽ. ഇതിലൂടെ ബാങ്കിന് ആകെ 4.16 കോടി രൂപയുടെ നഷ്ടമാണുണ്ടായത്.
ബാങ്ക് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ പണം തിരിച്ചടക്കാനാണ് ഉത്തരവ്. ആർഎസ്എസ് മുൻ വിഭാഗ് ശാരീരിക പ്രമുഖ് ജി. പത്മകുമാർ ആയിരുന്നു പ്രസിഡന്റ്. ഇദ്ദേഹവും 46 ലക്ഷം രൂപ അടക്കണം. പതിനാറംഗ ഭരണസമിതിയിൽ ഏഴ് പേർ 46 ലക്ഷം രൂപ വീതം തിരിച്ചടക്കാനാണ് നിർദേശം. ഒമ്പത് പേർ 16 ലക്ഷം രൂപ വീതം തിരിച്ചടക്കണം. 2013 മുതൽ 18 ശതമാനം പലിശ സഹിതം നോട്ടീസ് കൈപ്പറ്റി ഒരുമാസത്തിനകം തിരിച്ചടയ്ക്കണമെന്നും അല്ലാത്ത പക്ഷം ജപ്തിനടപടികളിലേക്ക് കടക്കുമെന്നും ഉത്തരവിൽ പറയുന്നുണ്ട്.
ബാങ്കിൽ നിന്നും വായ്പ എടുത്തു തിരിച്ചടയ്ക്കാത്ത ഇതേ നേതാക്കളാണ് തിരുമല അനിലിനെ കൈവിട്ടതെന്നും പാർട്ടിക്കുള്ളിൽ നിന്നു തന്നെ ആരോപണമുയരുന്നുണ്ട്. അനിലിന്റെ ബാങ്കിലെ സാമ്പത്തിക ബാധ്യതയിൽ ബിജെപിക്ക് പങ്കില്ലെന്നാണ് വാദം. തുടർന്ന് ഗത്യന്തരമില്ലാതെ അനിൽ ആത്മഹത്യ ചെയ്യുകയായിരുന്നു. തൃക്കണ്ണാപുരത്ത് ആത്മഹത്യ ചെയ്ത ആനന്ദിനും ബിജെപി ബാങ്കിൽ നിന്ന് പണം കിട്ടാനുണ്ട്.
അതേസമയം താൻ നേരത്തെ ഭരണസമിതിയിൽ നിന്നും രാജിവെച്ചിരുന്നുവെന്നും ഒരു രൂപ പോലും താൻ വായ്പയെടുത്തിട്ടില്ലെന്നും എസ് സുരേഷ് പറയുന്നു.
ഇതിനിടെ വിഷയത്തിൽ ബിജെപി നേതാക്കളെ പരിഹസിച്ച് കോൺഗ്രസ് വക്താവ് സന്ദീപ് വാര്യരും രംഗത്തെത്തി. പെരിങ്ങമല സഹകരണ സംഘത്തിൽ നടത്തിയ അഴിമതിയെ തുടർന്ന് ബിജെപിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് അടക്കമുള്ള നേതാക്കൾ കോടിക്കണക്കിന് രൂപ പിഴയടയ്ക്കാൻ വിധി വന്നതായി വാർത്ത കണ്ടു. ആരും ടെൻഷനടിക്കേണ്ട. കോർപ്പറേഷൻ ഇലക്ഷൻ കഴിഞ്ഞാൽ അതൊക്കെ പുല്ലുപോലെ നേതാക്കൾ അടച്ചിരിക്കും എന്നാണ് സന്ദീപ് ഫേസ്ബുക്കിൽ പ്രതികരിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us