/sathyam/media/media_files/2025/10/06/cough-syrup-2025-10-06-13-22-33.jpg)
തിരുവനന്തപുരം: കുട്ടികൾക്കുള്ള ചുമ മരുന്നുകളുടെ (കഫ് സിറപ്പ്) ഉപയോഗം സംബന്ധിച്ച് സംസ്ഥാനം പ്രത്യേക മാർഗ്ഗരേഖ പുറത്തിറക്കും.
ഇതുമായി ബന്ധപ്പെട്ട് പഠനം നടത്തിയ മൂന്നംഗ വിദഗ്ദ്ധ സമിതി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന് അടിയന്തര റിപ്പോർട്ട് കൈമാറി. സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ, ചൈൽഡ് ഹെൽത്ത് നോഡൽ ഓഫീസർ, ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് സംസ്ഥാന പ്രസിഡന്റ് എന്നിവർ അടങ്ങിയ സമിതിയാണ് റിപ്പോർട്ട് സമർപ്പിച്ചത്.
ഉത്തരേന്ത്യയിൽ ചുമ മരുന്ന് ഉപയോഗിച്ച് കുട്ടികൾ മരണപ്പെട്ട സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് കേരളം അടിയന്തരമായി വിദഗ്ദ്ധ സമിതിയെ നിയോഗിച്ച് മാർഗ്ഗനിർദ്ദേശങ്ങൾക്കായി ഒരുങ്ങുന്നത്.
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ, കഫ് സിറപ്പുമായി ബന്ധപ്പെട്ട് കേരളത്തിൽ ഇതുവരെ കുട്ടികൾക്ക് ഒരു പ്രശ്‌നവും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. എങ്കിലും, ജനങ്ങൾക്കിടയിലെ ആശങ്ക പരിഹരിക്കുന്നതിനും അവബോധം സൃഷ്ടിക്കുന്നതിനും ശക്തമായ ബോധവൽക്കരണം നൽകും.
സംസ്ഥാനത്ത് ഡ്രഗ്‌സ് കൺട്രോൾ വകുപ്പിന്റെ നേതൃത്വത്തിൽ ശക്തമായ പരിശോധനകൾ നടന്നു വരുന്നുണ്ട്. തമിഴ്‌നാട്, ഒറീസ, മധ്യപ്രദേശ്, പോണ്ടിച്ചേരി എന്നീ സംസ്ഥാനങ്ങളിൽ പ്രശ്‌നം കണ്ടെത്തിയ കോൾഡ്രിഫ് (Coldrif) സിറപ്പിന്റെ എസ്.ആർ. 13 ബാച്ച് കേരളത്തിൽ വിതരണം ചെയ്തിട്ടില്ല. എങ്കിലും, കോൾഡ്രിഫ് സിറപ്പിന്റെ വിൽപ്പന സംസ്ഥാനത്ത് നിർത്തിവയ്പ്പിച്ചിട്ടുണ്ട്. കേരളത്തിലെ 8 വിതരണക്കാർ വഴിയാണ് കോൾഡ്രിഫ് മരുന്ന് വിറ്റിരുന്നത്.