തൊടുപുഴയിൽ ലോറിയുടെ പിന്നിൽ ബൈക്കിടിച്ച് യുവാവിന് കാഴ്ച നഷ്ടമായി, 95 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

New Update
court order1

ഇടുക്കി: അശ്രദ്ധമായി പാർക്ക് ചെയ്ത ലോറിയുടെ പിന്നിൽ ബൈക്കിടിച്ച് കാഴ്ച നഷ്ടമായ യുവാവിന് 95 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്.

Advertisment

വെങ്ങല്ലൂർ സ്വദേശി സിദ്ധാർഥിനാണ്​ (26) നഷ്ടപരിഹാരം നൽകാൻ തൊടുപുഴ അഡീ. മോട്ടോർ ആക്സിഡന്‍റ്​ ക്ലെയിംസ് ട്രൈബ്യൂണൽ-2 ജഡ്‌ജി ലൈജുമോൾ ഷെരീഫ് ഉത്തരവിട്ടത്. 

2023 മാർച്ച് 16ന് രാത്രി ഒമ്പതോടെ തൊടുപുഴ-കോലാനി-വെങ്ങല്ലൂർ റോഡിൽ കോലാനി ഭാഗത്തുവെച്ചായിരുന്നു അപകടം.

റോഡിലേക്ക്​ ഇറക്കി പാർക്ക് ചെയ്ത ലോറിയുടെ പിന്നിൽ സിദ്ധാർഥിന്റെ മോട്ടോർ സൈക്കിൾ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിന്‍റെ രണ്ടു കണ്ണിന്‍റെയും കാഴ്‌ച നഷ്‌ടമായി. 

നഷ്ടപരിഹാരത്തിന്​ നൽകിയ കേസിൽ ലോറിയുടെ ഇൻഷുറൻസ് കമ്പനിയായ ന്യൂ ഇന്ത്യ അഷുറൻസ് കമ്പനിയോട് പലിശയും ചെലവും ഉൾപ്പെടെ 95 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകാൻ കോടതി നിർദേശിക്കുകയായിരുന്നു. 

സിദ്ധാർഥിനുവേണ്ടി അഭിഭാഷകരായ അഡ്വ. ഷാജി കുര്യൻ, വിനീഷ് പി. ലൂക്കോസ്, എസ്.ബി. ജയരശ്‌മി തുടങ്ങിയവർ ഹാജരായി.

Advertisment