വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ ആക്രമിക്കാൻ ശ്രമിച്ച കേസ്; തിരുവനന്തപുരത്ത് യുവാവിന് 12 വർഷം കഠിനതടവും പിഴയും വിധിച്ച് കോടതി

New Update
case-

തിരുവനന്തപുരം: യുവതിയെ വീട്ടിൽ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസിൽ പട്ടം മെഡിക്കൽ കോളേജ് ഈന്തിവിള ലൈനിൽ പുതുവൽ വീട്ടിൽ ദേവരാജൻ മകൻ 38 വയസുകാനായ അരുൺദേവിന് 12 വർഷം കഠിനതടവിനും 51,000 രൂപ പിഴയും വിധിച്ചു. തിരുവനന്തപുരം അഡീഷണൽ ജില്ലാ ജഡ്‌ജി എം.പി. ഷിബുവാണ് ശിക്ഷ വിധിച്ചത്.

Advertisment

2017 ലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. യാത്രയിൽ കാർ ഡ്രൈവറായി എത്തിയ പ്രതി പിന്നീട് നിരന്തരം ഫോണിലൂടെയും നേരിട്ടും യുവതിയെ ശല്യപ്പെടുത്തിക്കൊണ്ടിരുന്നു. പ്രതിയുടെ ശല്യം സഹിക്കവയ്യാതെ യുവതി ഭർത്താവിനെയും സഹോദരനെയും വിവരം അറിയിക്കുകയും അവർ പ്രതിയെ പറഞ്ഞുവിലക്കുകയും ചെയ്തിരുന്നു. തുടർന്ന് 23-02-2017-ാം തീയ്യതി പ്രതി മതിൽ ചാടി വീട്ടിനകത്തു കയറുകയും യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയുമാണുണ്ടായത്.

കളിക്കാൻ പോയിരുന്ന മക്കൾ തിരിച്ചെത്തിയപ്പോൾ അമ്മയുടെ നിലവിളി കേൾക്കുകയും ബഹളംവച്ച് നാട്ടുകാരെ അറിയി​ക്കുകയുമായിരുന്നു. അപ്പോൾ തന്നെ പ്രതി രക്ഷപ്പെടുകയും ചെയ്തു. പിന്നീട് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്യുകയായിരുന്നു.

പൂജപ്പുര പോലീസ് ഇൻസ്പെക്‌ടറായിരുന്ന പി. ശ്യാംകുമാർ അന്വേഷണം നടത്തി കുറ്റപ്പത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 16 സാക്ഷികളെ വിസ്തരിക്കുകയും 21 രേഖകളും 3 തൊണ്ടി മുതലുകളും ഹാജരാക്കുകയും ചെയ്‌തു.

Advertisment