ഹോസ്റ്റല്‍ അന്തേവാസിയായ പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചു; തിരുവനന്തപുരം സ്വദേശിക്ക് 43 വര്‍ഷം കഠിനതടവ്‌

New Update
court order1

തിരുവനന്തപുരം: ഹോസ്റ്റൽ അന്തേവാസിയായ പന്ത്രണ്ടുകാരിയെ പീഡനത്തിനിരയാക്കിയ കേസിൽ ജീവനക്കാരന് 43 വർഷം കഠിനതടവ് വിധിച്ച് കോടതി. 

Advertisment

വെങ്ങാനൂർ സ്വദേശി രാജനെയാണ് (58) തിരുവനന്തപുരം അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്. തടവുശിക്ഷയ്ക്ക് പുറമെ 40,000 രൂപ പിഴയും പ്രതി ഒടുക്കണം.

2021 സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലായാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഹോസ്റ്റലിൽ മറ്റാരുമില്ലാതിരുന്ന സമയത്ത് മിഠായി നൽകാമെന്ന് പ്രലോഭിപ്പിച്ച് കുട്ടിയെ ബാത്ത്‌റൂമിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. 

പ്രതിയുടെ ഭീഷണി ഭയന്ന് കുട്ടി ആദ്യം വിവരം പുറത്തുപറഞ്ഞില്ല. എന്നാൽ രണ്ടാമതും പീഡനം നടന്ന ദിവസം പ്രതിയും കുട്ടിയും ഒരുമിച്ച് നിൽക്കുന്നത് മറ്റൊരാൾ കണ്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. 

കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നി കാര്യങ്ങൾ ചോദിച്ചറിഞ്ഞതോടെ അധികൃതർ പോലീസിൽ പരാതി നൽകുകയായിരുന്നു.

പിഴത്തുക ഒടുക്കിയില്ലെങ്കിൽ മൂന്ന് മാസം അധിക തടവ് അനുഭവിക്കണം. പിഴത്തുകയും ലീഗൽ സർവീസസ് അതോറിറ്റി നൽകുന്ന നഷ്ടപരിഹാരവും അതിജീവിതയ്ക്ക് നൽകണമെന്ന് ജഡ്ജി ആർ. ജയകൃഷ്ണൻ ഉത്തരവിട്ടു. 

പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ആർ.എസ്. വിജയ് മോഹൻ ഹാജരായി. വഞ്ചിയൂർ പോലീസാണ് കേസ് അന്വേഷിച്ചത്.

Advertisment